പാറശാല∙വയോധികരുടെ മാനസികോല്ലാസം ലക്ഷ്യമിട്ട് പാറശാല ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ച് ഒരുക്കിയ പകൽവീട് പദ്ധതി പാതിയിൽ നിലച്ചു. സർക്കാർ നടപ്പാക്കിയ വയോമിത്രം പരിപാടിയുടെ ചുവട് പിടിച്ച് ബ്ലോക്ക് പരിധിയിലെ ആറു പഞ്ചായത്തുകളിൽ പെട്ട
വാർധക്യത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് പകൽ സമയം ചെലവഴിക്കുന്ന തരത്തിൽ ആയിരുന്നു ആറു വർഷം മുൻപ് പദ്ധതി വിഭാവനം ചെയ്തിരുന്നത്.
പകൽവീടിനു വേണ്ടി 39 ലക്ഷത്തോളം രൂപ ചെലവിട്ട് ബ്ലോക്ക് പഞ്ചായത്ത് ഒാഫീസ് വളപ്പ്, കാരോട് പഞ്ചായത്തിലെ വടൂർക്കോണം എന്നിവിടങ്ങളിൽ രണ്ട് കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തു. 2019ൽ ആരോഗ്യ മന്ത്രിയെ എത്തിച്ച് വിപുലമായ ഉദ്ഘാടനം വരെ നടത്തി എങ്കിലും പദ്ധതി ആരംഭിക്കാൻ കഴിഞ്ഞില്ല.
നടപടി ക്രമങ്ങൾ പൂർത്തിയായി വരവേ കോവിഡ് ലോക്ഡൗൺ എത്തിയതോടെ തുടർ ജോലികൾ നിലച്ചു.
മാസങ്ങൾക്ക് ശേഷം തദ്ദേശ തിരഞ്ഞെടുപ്പിനെ തുടർന്നെത്തിയ പുതിയ ഭരണ സമിതിക്കു മുന്നിൽ പകൽവീട് പദ്ധതി എത്തിയെങ്കിലും ഫണ്ട് വകയിരുത്തുന്നത് അടക്കം നടപടികൾ ഉണ്ടായില്ല. പകൽവീടുകളിൽ എത്തുന്നവർക്കു ഉച്ചഭക്ഷണം, ഇടവേളകളിലെ രോഗ പരിശോധന, മാനസികോല്ലാസം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ അടക്കം വിപുലമായ രീതിയിൽ ആയിരുന്നു പ്രവർത്തനം ലക്ഷ്യമിട്ടിരുന്നത്.
പകൽവീടിനു വേണ്ടി ബ്ലോക്ക് ഒാഫിസ് വളപ്പിൽ നിർമിച്ച കെട്ടിടത്തിൽ കുട്ടികളുടെ ഫിസിയോതെറപ്പി സെന്റർ, ജിംനേഷ്യം എന്നിവ ആണ് നിലവിൽ പ്രവർത്തിക്കുന്നത്. വടൂർക്കോണത്ത് പത്ത് സെന്റ് വിലയ്ക്കു വാങ്ങി 15 ലക്ഷം ചെലവിട്ട് നിർമിച്ച കെട്ടിടം ഉപയോഗിക്കാതെ കാടു കയറി കഴിഞ്ഞു.കെട്ടിടം അടക്കം അടിസ്ഥാന സൗകര്യങ്ങൾ നിലവിലുള്ളതിനാൽ വയോധികർക്ക് ഏറെ ആശ്വാസ്യകരമായിരുന്ന പദ്ധതി ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]