തിരുവനന്തപുരം ∙ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിലിന്റെ ആത്മഹത്യയ്ക്കു പിന്നാലെ ആരോപണ, പ്രത്യാരോപണങ്ങളുമായി സിപിഎമ്മും ബിജെപിയും രംഗത്ത്. ഇതിനിടെ അനിലിന്റെ ആത്മഹത്യക്കുറിപ്പിന്റെ പൂർണരൂപം പുറത്തായി.
‘നമുക്ക് തിരിച്ചു പിടിക്കാൻ ധാരാളം തുക ഉണ്ട്.
നമ്മുടെ ആൾക്കാരെ സഹായിച്ചു. മറ്റു നടപടികൾക്കൊന്നും പോകാതെ പല അവധി പറഞ്ഞു തിരിച്ചടയ്ക്കാൻ കാലതാമസം ഉണ്ടായി.
ഇപ്പോൾ എന്നെ എല്ലാവരും കൂടി ഒറ്റപ്പെടുത്തുകയാണ്’. കുറിപ്പിൽ അനിൽ പറയുന്നു.
ആത്മഹത്യക്കുറിപ്പിലെ വാചകങ്ങൾ ആയുധമാക്കിയാണു സിപിഎം പ്രചാരണം.
അതേസമയം, പൊലീസിനെ ഉപയോഗിച്ച് മാനസിക സമ്മർദമുണ്ടാക്കിയതാണ് അനിലിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന എതിർവാദം ഉന്നയിച്ചാണ് ബിജെപിയുടെ പ്രതിരോധം. ഇന്നലെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രകടനം നടത്തിയപ്പോൾ, ബിജെപിയെ കടന്നാക്രമിച്ച് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി രംഗത്തെത്തി.
11 കോടി രൂപ സംഘത്തിൽനിന്ന് വായ്പയായി നൽകിയിട്ടുണ്ടെന്നും സ്ഥിരനിക്ഷേപം ഉൾപ്പെടെ 6 കോടി രൂപയുടെ ബാധ്യതയുണ്ടെന്നുമാണ് ഭരണസമിതി അംഗങ്ങൾ പറയുന്നത്.
അനിൽ 12 വർഷമായി സംഘത്തിന്റെ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു. വൻതുക വായ്പയെടുത്തവർ ഉൾപ്പെടെ കോവിഡിന് ശേഷം തിരിച്ചടവിൽ വീഴ്ചവരുത്തി.
അതേസമയം, സ്ഥിരനിക്ഷേപം കൂട്ടത്തോടെ പിൻവലിക്കുന്ന സാഹചര്യവുമുണ്ടായി.
ഇത് സംഘത്തെ പ്രതിസന്ധിയിലാക്കിയെന്നാണു സൂചന. നിക്ഷേപകർക്ക് പറഞ്ഞ സമയത്ത് പണം തിരിച്ചുനൽകാൻ കഴിയാതെ വന്നതോടെ അനിൽ കടുത്ത മാനസിക സമ്മർദത്തിലായി.
പാർട്ടി പരിപാടികളിൽ നിറഞ്ഞുനിന്ന അനിൽ പൊടുന്നനെ പിൻവലിഞ്ഞു. കൗൺസിൽ യോഗങ്ങളിൽ സ്ഥിരമായി ചർച്ചകളിൽ പങ്കെടുത്തിരുന്ന അദ്ദേഹം നിശ്ശബ്ദനായി. അതേസമയം, അനിലിന്റെ മരണത്തിന് പിന്നാലെ സംഘത്തിൽനിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത പാർട്ടി അനുഭാവികൾക്കെതിരെ ഒരു വിഭാഗം രംഗത്തെത്തി.
സമൂഹമാധ്യമങ്ങളിലും പ്രതിഷേധം കനക്കുകയാണ്.
സിപിഎമ്മിന്റെ ആരോപണം
അനിലിനെ ബിജെപി ചതിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി. രക്ഷപ്പെടാനുള്ള തത്രപ്പാടിന്റെ ഭാഗമായാണ് ബിജെപി ആരോപണങ്ങൾ ഉന്നയിക്കുന്നത്.
അനിലിന്റെ ആത്മഹത്യ സംബന്ധിച്ച് വസ്തുനിഷ്ടമായ അന്വേഷണം നടത്തണം. ചോദ്യങ്ങൾക്ക് ബിജെപി നേതൃത്വം മറുപടി നൽകണമെന്ന് ജോയി ആവശ്യപ്പെട്ടു.
1.
അനിലിനെതിരെ സിപിഎം ഏതെങ്കിലും സമരം നടത്തിയിട്ടുണ്ടോ? ആത്മഹത്യക്കുറിപ്പിൽ സിപിഎം, പൊലീസ് എന്നിവയ്ക്കെതിരെ പരാമർശമുണ്ടോ? 2. ബിജെപി സംസ്ഥാന പ്രസിഡന്റിനെ നേരിട്ട് കണ്ടത് ഏതു വിഷയം ചർച്ച ചെയ്യാനാണ് ? 3. മാധ്യമ പ്രവർത്തകരെ ആക്രമിക്കാനുണ്ടായ പ്രകോപനം എന്ത് ? 4.
സംഭവത്തിൽ സിപിഎം, പൊലീസ് എന്നിവർക്കെതിരെ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ അന്വേഷണം ആവശ്യപ്പെട്ടത് എന്തിന്?
ബിജെപിയുടെ ആരോപണം
അനിലിന്റെ മരണത്തിൽ സിപിഎം – പൊലീസ് ഗൂഢാലോചനയുണ്ടെന്ന ആരോപണമാണ് ബിജെപി തുടക്കം മുതൽ ഉയർത്തുന്നത്. സിപിഎം കൗൺസിലറുടെ അഴിമതി മറയ്ക്കാൻ തിരുമല അനിലിനെ പൊലീസ് ബലിയാടാക്കിയെന്ന് തമ്പാനൂർ പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് വി.മുരളീധരൻ ആരോപിച്ചു.
പൊലീസ് അനിലിനെ ഫോൺ വിളിച്ച് വിരട്ടിയെന്നും വി. മുരളീധരൻ ആരോപിച്ചു.
ലക്ഷങ്ങൾ എത്തിച്ചില്ലെങ്കിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുമെന്നതടക്കമുള്ള തമ്പാനൂർ പൊലീസിന്റെ ഭീഷണിയാണ് അനിൽ കുമാർ ആത്മഹത്യ ചെയ്യാൻ കാരണമെന്ന് തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ ആരോപിച്ചു.
രാവിലെയും പണം എത്തിക്കണം എന്നാവശ്യപ്പെട്ട് പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നതായും ജയൻ പറഞ്ഞു.ജില്ലാ ഫാം ടൂർ സഹകരണ സംഘത്തിലെ സാമ്പത്തിക പ്രതിസന്ധി അവസരമാക്കി അനിലിനെ നിശ്ശബ്ദനാക്കാനാണ് സിപിഎം ശ്രമിച്ചതെന്നാണ് വി.വി. രാജേഷിന്റെ ആരോപണം.
ബിജെപിക്ക് ഒഴിഞ്ഞുമാറാനാകില്ല: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം∙ സ്വന്തം ആൾക്കാർ ചതിച്ചതുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നു വ്യക്തമാക്കുന്ന, കോർപറേഷൻ കൗൺസിലറും ബിജെപി നേതാവുമായ കെ.അനിൽ കുമാറിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതോടെ ബിജെപിക്ക് അതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി.
ബിജെപി നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലെ പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്ത അനിൽ കുമാറിന്റെ അഭിമാനം തിരിച്ചുപിടിക്കാൻ മരണശേഷമെങ്കിലും ബിജെപി എന്തു ശ്രമമാണ് നടത്തുന്നത്.
ആത്മഹത്യയെ രാഷ്ട്രീയ ആയുധമാക്കാനാണ് അവർ ശ്രമിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
ഈ വിഷയത്തിൽ ചോദ്യങ്ങൾ ചോദിച്ച, സ്വന്തം മക്കളുടെ പ്രായത്തിലുള്ള മാധ്യമ പ്രവർത്തകയോട് രോഷാകുലനായി നീ എന്നൊക്കെ അഭിസംബോധന ചെയ്യുന്ന നിലയിലേക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് തരംതാണിരിക്കുന്നു. ആ മാധ്യമ പ്രവർത്തകയോട് മാപ്പു പറയാൻ അദ്ദേഹം തയാറാകണമെന്നും മന്ത്രി പറഞ്ഞു.
ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മാർച്ച്
തിരുവനന്തപുരം∙ കോർപറേഷൻ ബിജെപി കൗൺസിലർ തിരുമല അനിലിനെ(കെ.അനിൽകുമാർ) മരണത്തിലേക്കു തള്ളിവിട്ട
സിപിഎം–പൊലീസ് ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബിജെപി നേതാവ് വി.മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
സിപിഎം കൗൺസിലറുടെ അഴിമതി മറയ്ക്കാൻ തിരുമല അനിലിനെ പൊലീസ് ബലിയാടാക്കിയെന്നും പൊലീസിന്റെ സമ്മർദം മൂലമാണ് അനിൽ ജീവനൊടുക്കിയതെന്നും മുരളീധരൻ ആരോപിച്ചു.
കരുവന്നൂരിൽ കോടികൾ മുക്കിയ സിപിഎമ്മുകാർക്ക് മുന്നിൽ ഓച്ഛാനിച്ചു നിന്ന പൊലീസാണ് അനിലിനെ ഫോൺ വിളിച്ചു വിരട്ടിയത്. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ആത്മഹത്യാക്കുറിപ്പിൽ ബിജെപിക്കെതിരെ പരാമർശമില്ലെന്നും മുരളീധരൻ പറഞ്ഞു.
ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമൻ, ബിജെപി മേഖലാ ജനറൽ സെക്രട്ടറി എം.ആർ.ഗോപൻ, ശ്രീവരാഹം വിജയൻ പോങ്ങുംമൂട് വിക്രമൻ, കഴക്കൂട്ടം അനിൽ, സിമി ജ്യോതിഷ്, ജെ.കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സമൂഹമാധ്യമത്തിലും ആരോപണം
തിരുവനന്തപുരം ∙ തിരുമല അനിലിന്റെ മരണത്തിനു പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ പാർട്ടി കൗൺസിലറുടെ ഭർത്താവിന്റെ ഫെയ്സ്ബുക് പോസ്റ്റ്.
‘വായ്പയെടുത്ത്, വർഷങ്ങളോളം തിരിച്ചടയ്ക്കാതെ അനിച്ചേട്ടന്റെ ഭൗതിക ദേഹത്തിനു മുന്നിൽ വന്നുനിന്നു കരയാൻ ഉളുപ്പില്ലാത്തവരും അവിടെ ഉണ്ടായിരുന്നു’ എന്നാണ് പോസ്റ്റ്. കാശിനു വേണ്ടി മനുഷ്യനെ മരണത്തിലേക്കു തള്ളിവിട്ടവരെ ഇനിയെങ്കിലും പാർട്ടിയും സംഘവും തിരിച്ചറിയണമെന്നും കൗൺസിലറുടെ ഭർത്താവ് കുറിച്ചു.
‘വീഴ്ച സംഭവിച്ചിട്ടില്ല ’
തിരുവനന്തപുരം ∙ ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് അനിൽ തിരുമല ഷോപ്പിങ് കോംപ്ലക്സിലെ വാർഡ് കമ്മിറ്റി ഓഫിസിൽ എത്തിയതെന്ന് ദൃക്സാക്ഷി പൊലീസിനോട് പറഞ്ഞിരുന്നു.
മരണ വിവരം പത്തോടെയാണ് പുറത്തറിയുന്നത്. ഇതിനിടെയാകാം ആത്മഹത്യക്കുറിപ്പ് എഴുതിയതെന്ന് പൊലീസ് പറഞ്ഞു.
ഏൽപ്പിച്ച നാൾ മുതൽ താനും സെക്രട്ടറിയും ഭരണസമിതിയും വീഴ്ച വരുത്താതെ സംഘത്തെ മുന്നോട്ടു കൊണ്ടുപോയതായി കുറിപ്പിൽ പറയുന്നു.
2023– 2024 വർഷത്തെ ഓഡിറ്റ് പൂർത്തീകരിച്ചു. ബെനാമി ലോണുകളോ വകമാറ്റലോ മറ്റ് വീഴ്ചകളോ നടത്തിയിട്ടില്ല. എല്ലാ സംഘങ്ങളിലും ഉള്ളതു പോലൊരു പ്രതിസന്ധിയുണ്ട്. എഫ്ഡി കൊടുക്കാനുള്ളവർക്കെല്ലാം കൊടുത്തു.
നേരത്തേപ്പോലെ ചിട്ടിയോ ദിവസ വരുമാനങ്ങളോ ഇല്ലാതായി.
എഫ്ഡി പിൻവലിക്കാൻ വരുമ്പോൾ ചെറിയ പ്രശ്നങ്ങളുണ്ട്. എനിക്ക് മാനസികമായ വലിയ സമ്മർദം ഉണ്ട്.
കൗൺസിലർ എന്ന നിലയിലുണ്ടാകുന്ന മാനസിക സംഘർഷം വളരെ വലുതാണ്. ഞാനോ ഭരണസമിതിയോ നയാ പൈസ അഴിമതി കാണിച്ചിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു.
എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈ സമ്മർദത്തിന് വിധേയനായി വന്നു പോയിട്ടുള്ളതാണെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ആത്മഹത്യ: ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം ∙ ബിജെപി കൗൺസിലർ തിരുമല അനിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി നേതൃത്വത്തിന്റെ പങ്ക് വിശദമായി അന്വേഷിക്കണമെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. ആത്മഹത്യക്കുറിപ്പിലെ വിശദാംശങ്ങളെക്കുറിച്ചു ചോദിച്ച മാധ്യമപ്രവർത്തകയോടു തട്ടിക്കയറിയ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ സമീപനം സംശയാസ്പദമാണ്.
മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമാണ് ഈ വിഷയത്തിൽ ബിജെപി ചെയ്യുന്നത്.
ആത്മഹത്യയിൽ ബിജെപി നേതൃത്വത്തിന്റെ പങ്ക് പുറത്തുവരുന്നതിലെ ഭയപ്പാടാണു രാജീവ് ചന്ദ്രശേഖറിന്. അനിൽ പ്രസിഡന്റായ സഹകരണ സംഘത്തിൽനിന്നു ബിജെപി നേതാക്കളും പ്രവർത്തകരും കോടിക്കണക്കിനു രൂപ വായ്പയെടുക്കുകയും തിരിച്ചടയ്ക്കാതെ സംഘത്തെയും അനിലിനെയും സാമ്പത്തികബാധ്യതയിലേക്കു തള്ളിവിടുകയുമാണുണ്ടായതെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.
സംഘം കടുത്ത പ്രതിസന്ധിയിൽ
തിരുവനന്തപുരം ∙ തിരുമല അനിൽ പ്രസിഡന്റായിരുന്ന തിരുവനന്തപുരം ഫാം ടൂർ സഹകരണ സംഘം 11 കോടി രൂപ വായ്പയായി നൽകിയിരുന്നെന്ന് വിവരം. നിലവിലെ കൗൺസിലർമാർ ഉൾപ്പെടെ സംഘത്തിൽനിന്ന് വൻ തുക വായ്പ എടുത്തിരുന്നതായി സൂചനയുണ്ട്. ബിജെപി അനുഭാവിയായ ഒരു മൊബൈൽ ഷോപ്പ് ഉടമ 30 ലക്ഷം രൂപയാണ് വായ്പ എടുത്തിട്ടുള്ളത്.
പാർട്ടി നേതൃത്വത്തിന്റെ കത്തിന്റെയും ശുപാർശയുടെയും അടിസ്ഥാനത്തിൽ ഒട്ടേറെ പേർക്ക് വായ്പ നൽകിയിട്ടുണ്ടെന്നാണ് സൂചന.
നിക്ഷേപകർക്ക് പലിശ നൽകിയ വകയിൽ 14.14 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായെന്ന് സഹകരണ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കലക്ഷൻ ഏജന്റുമായി ആവശ്യത്തിൽ കൂടുതൽ പേരെ നിയമിച്ചു.
താൽക്കാലിക അടിസ്ഥാനത്തിലും നിയമനം നടത്തി. നിക്ഷേപപദ്ധതികളിലെ കുടിശിക പ്രതിമാസം 4.1 കോടിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോൾ നോട്ടിസ് അയയ്ക്കുന്നതല്ലാതെ റിക്കവറി നടപടികളിലേക്ക് കടന്നിരുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]