വ്യാജ പാസ്പോര്‍ട്ട് കേസ്: ഒന്നാം പ്രതി അലക്സ് സി. ജോസഫിന് എട്ട് വര്‍ഷം തടവും പിഴയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ വ്യാജ പാസ്പോര്‍ട്ട് കേസില്‍ ഒന്നാം പ്രതി അലക്സ് സി. ജോസഫിന് വിവിധ വകുപ്പുകളിലായി എട്ട് വര്‍ഷം തടവും 50,000 രൂപ പിഴയും. എല്ലാ ശിക്ഷയും ഒരുമിച്ച് മൂന്ന് വര്‍ഷം അനുഭവിച്ചാല്‍ മതി. രണ്ടാം പ്രതി മുന്‍ തിരുവല്ല എസ്.ഐ വിനോദ് കൃഷ്ണനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ.എസ്. രാജീവാണ് ശിക്ഷ വിധിച്ചത്.
ആഡംബര കാറുകള്‍ കള്ളക്കടത്തു നടത്തിയ കേസിലെ പ്രധാന പ്രതിയാണ് അലക്സ് സി.ജോസഫ്. 1997 മുതല്‍ 2000 വരെ കൊച്ചി തുറമുഖം വഴി ഇടനിലക്കാരനായി നിന്ന് വിദേശത്തും നാട്ടിലുമുള്ള ആളുകളുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്തത് വഴി ഭീമമായ നികുതി പണം വെട്ടിച്ചു എന്നാണ് ആദ്യം ഡിആര്‍ഐ പ്രതികള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസ്. തുടര്‍ന്ന് ഒളിവില്‍ പോയ ജോസഫിനെ 1999ല്‍ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു.
സിംഗപൂര്‍, മലേഷ്യ, ചൈന, ജപ്പാന്, അമേരിക്ക എന്നിവിടങ്ങളിലാണ് ഇക്കാലയളവില്‍ അലക്സ് കഴിഞ്ഞിരുന്നത്. ഇതിനിടെ ഇന്ത്യയില്‍ മടങ്ങിയെത്തിയ ജോസഫ് 2011ല്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് പിടിയിലായി. 2011 നവംബര്‍ ആറിന് എബി ജോണ്‍ എന്ന വ്യാജ പേരില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ വിമാനത്താവളത്തില്‍ വച്ച് വ്യാജ പാസ്പോര്‍ട്ടുമായി പിടിയിലാവുകയായിരുന്നു.
എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അലക്സിനെ അറസ്റ്റ് ചെയ്ത് തിരുവല്ല പൊലീസിനു കൈമാറി. എസ്ഐ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കേരളത്തില്‍ എത്തിക്കാന്‍ പോയത്. വ്യാജപാസ്പോര്‍ട്ട് ഒന്നാം പ്രതിക്കു നല്‍കിയെന്നും അതു പ്രതി നശിപ്പിച്ചുവെന്നുമുള്ള ആരോപണത്തിന്റെ പേരിലാണ് വിനോദ് കൃഷ്ണനെയും കേസില്‍ പ്രതിയാക്കിയത്. 2016ല്‍ ആണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.