
ദേശീയപാത നിർമാണത്തിന് അശാസ്ത്രീയ മണ്ണുമാറ്റൽ, മുകൾ ഭാഗം 2 മീറ്ററോളം പുറത്തേക്കു തള്ളി
ആറ്റിങ്ങൽ∙ കഴക്കൂട്ടം – കടമ്പാട്ടുകോണം ദേശീയപാതയുടെ നിർമാണത്തിനായി ചെമ്പകമംഗലത്തിനു സമീപം കാരിക്കുഴിയിൽ മണ്ണിടിച്ചു മാറ്റുന്നത് അശാസ്ത്രീയമായെന്ന് ആരോപണം. 15 മീറ്ററോളം ഉയരത്തിൽ നിന്നാണു മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണിടിച്ചത്.
കഴിഞ്ഞ മഴക്കാലത്ത് ഇവിടെ പലതവണ മണ്ണിടിച്ചിൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു.മണ്ണിടിച്ചു മാറ്റിയതിന്റെ മുകൾ ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളും മതിൽക്കെട്ടും ഉണ്ട്. ഇവയുൾപ്പെടെ താഴേക്കു പതിക്കുംവിധം ഓരം ചേർന്നാണ് മണ്ണ് നീക്കിയത്.
മുകൾ ഭാഗം 2 മീറ്ററോളം പുറത്തേക്കു തള്ളി നിൽക്കുന്നു. മതിൽക്കെട്ടിന്റെ അടിത്തറയും പുറത്തേക്കു തള്ളിയ നിലയിലാണ്.
പലയിടത്തും കുത്തനെയാണ് മണ്ണിടിച്ചത്. ഇതിനു താഴെ സുരക്ഷാ മുൻകരുതലില്ലാതെ ഒട്ടേറെ തൊഴിലാളികൾ ദിവസങ്ങളായി ജോലി ചെയ്യുന്നുണ്ട്.
ഓട നിർമാണവും ഓടയ്ക്കു മൂടി സ്ഥാപിക്കലും പുരോഗമിക്കുന്നു.
അപകട സാധ്യതകൾ പലവട്ടം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഉറപ്പുള്ള മണ്ണാണ് ഇവിടെയുള്ളതെന്ന മുടന്തൻ ന്യായമാണ് അവർ പറയുന്നതെന്നു നാട്ടുകാർ പറഞ്ഞു. സാധാരണ, ഉയരമുള്ള സ്ഥലത്തെ മണ്ണിടിച്ചു മാറ്റുമ്പോൾ മുകൾ ഭാഗം അകത്തേക്കും അടിഭാഗം പുറത്തേക്കും തള്ളി നിൽക്കുന്ന വിധം ചെരിവോടു കൂടിയാണ് ചെയ്യുന്നത്.
അല്ലെങ്കിൽ തട്ടുകളായി മണ്ണിടിക്കണം. ഏതുവിധത്തിലാണ് ഇവിടെ മണ്ണിടിക്കേണ്ടതെന്ന പഠനം പോലും നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]