തിരുവനന്തപുരം∙ മുണ്ടിന്റെ അറ്റത്തെന്ന പോലെ പേരിന്റെ അറ്റത്തുമൊരു ‘കര’ ചേർത്തുപിടിച്ചവരാണു തിരുവനന്തപുരം മണ്ഡലത്തിലെ രണ്ടു സ്ഥാനാർഥികൾ. എൽഡിഎഫിന്റെ സുധീർ കരമനയും എൻഡിഎയുടെ കരമന ജയനും.
കറുത്ത താടിയിലെ വെള്ളക്കര യുഡിഎഫ് സ്ഥാനാർഥി സി.പി.ജോണിന്റെ ‘സിഗ്നേച്ചറാ’ണ്. കടൽ അതിരിടുന്ന തലസ്ഥാന മണ്ഡലത്തിൽ കരപറ്റാൻ ആഞ്ഞു തുഴയുകയാണു മൂവരും.
വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിൽ ഇന്നലെ വലിയശാല കാവിൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനിടയിൽ ഇവർ കണ്ടുമുട്ടി. ‘എല്ലാവരും ഒരു സ്ഥലത്താണല്ലോ’ എന്നു സുധീർ കരമനയുടെ കമന്റ്.
‘വോട്ടുള്ള സ്ഥലത്തായിരിക്കുമല്ലോ എല്ലാവരുടെയും നോട്ട’മെന്നു സി.പി.ജോണിന്റെ തഗ്ഗ്. രണ്ടുപേരുമായും നല്ല സൗഹൃദമുണ്ടെന്നു പറഞ്ഞു കൈകൊടുത്ത് കരമന ജയൻ.
കന്നി മത്സരത്തിൽ ഹിറ്റ് അടിക്കാൻ സുധീർ കരമന
തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ആട് 3 സിനിമയിൽ നായകന്റെ ഭാവി പ്രവചിക്കുന്ന മന്ത്രവാദിയുടെ വേഷമാണു സുധീർ കരമനയ്ക്ക്.
വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നു തന്റെ കന്നി മത്സരത്തിന്റെ ഭാവി സുധീർ പ്രവചിക്കുന്നു. വോട്ടർമാരുടെ മനസ്സറിയാനുള്ള മന്ത്രം ഇടതുമുന്നണിക്കറിയാമെന്നാണു സുധീറിന്റെ ആത്മവിശ്വാസം.
സ്ഥാനാർഥി പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നെങ്കിലും അരനിമിഷം പോലും പാഴാക്കാതെ ആളുകൾക്കിടയിലേക്കിറങ്ങിയെന്നു സുധീർ പറയുന്നു. രാവിലെ വേളിയിലും വലിയതുറയിലും വോട്ടർമാരെ കണ്ടശേഷം പതിനൊന്നോടെ വലിയശാല കാവിൽ ഭഗവതി ക്ഷേത്രത്തിലെത്തുമ്പോൾ പൊങ്കാലക്കലങ്ങൾ തിളച്ചു തുടങ്ങിയിരുന്നു.
ഉച്ചവെയിൽ അതിനും മുൻപേ തിളച്ചു തുടങ്ങി.
പതിവു രാഷ്ട്രീയക്കാരനല്ലെങ്കിലും ആളുകൾക്കിടയിലിറങ്ങിയപ്പോൾ വേനൽച്ചൂട് സുധീർ കരമനയെ തളർത്തിയില്ല. വോട്ട് ചോദിച്ചവരിൽ പലരും സുപരിചിതനായ നടനോട് തിരിച്ചു ചോദിച്ചതു സെൽഫിയാണ്.
വിയർപ്പിക്കുന്ന വെയിലിലും മടിയില്ലാതെ ഓരോ സെൽഫിക്കും സുധീർ ചിരിയോടെ നിന്നുകൊടുത്തു. നൂറുകണക്കിനു പേരുണ്ടു പൊങ്കാലയർപ്പിക്കാൻ.
റോഡരികിലെ വീടുകളിൽ വേറെയും ആളുകൾ. പരിചയപ്പെടുത്തൽ ആവശ്യമില്ലെന്നതു ഗുണമാണെന്നു സുധീർ പറയുന്നു.
‘ഇങ്ങനെ വെയിലുകൊണ്ടു ശീലമില്ലല്ലോ’ എന്ന ചോദ്യത്തിനു പഞ്ച് ഡയലോഗ് വന്നു– ‘പൊതുപ്രവർത്തനം എസി റൂമിലിരിന്നു ചെയ്യാൻ പറ്റില്ലല്ലോ. ജനങ്ങളുടെ വേദനയിലും സന്തോഷത്തിലും പങ്കുചേരാൻ അവർക്കിടയിൽ തന്നെയുണ്ടാകണം’.
മുന്നണിയുടെ സ്വന്തം ജോൺ
പാറ്റൂർ സെന്റ്തോമസ് മാർത്തോമ്മാ പള്ളിയിൽ കുർബാന കഴിഞ്ഞിറങ്ങിയവരിൽ പല മണ്ഡലങ്ങളിലെ വോട്ടർമാരുണ്ടായിരുന്നു.
മണ്ഡലം നോക്കാതെ സി.പി.ജോൺ എല്ലാവരുടെയും കൈ പിടിച്ചു. ‘വോട്ട് മാത്രമല്ല, ആശംസയും സഹായവും വേണം’.
നാലരപ്പതിറ്റാണ്ടായി തിരുവനന്തപുരം കർമ മണ്ഡലമായതിനാൽ പരിചയപ്പെടുത്തൽ ആവശ്യമില്ല. ‘കോൺഗ്രസിന്റെ സീറ്റ് സിഎംപിക്കു കൊടുത്തതല്ലേ, കോൺഗ്രസുകാരൊക്കെ കൂടെയിറങ്ങിയിട്ടുണ്ടോ?’ മറുപടി വന്നതു ജോണിനു പിന്നിൽനിന്നാണ്– ‘ഞാൻ കോൺഗ്രസിന്റെ വഞ്ചിയൂർ വാർഡ് പ്രസിഡന്റാണ്’.
മുന്നിലും പിന്നിലും കോൺഗ്രസുണ്ടെന്ന് ജോണിന്റെ കമന്റ്. പള്ളിമുറ്റത്തു തൊട്ടപ്പുറത്തു മറ്റൊരാൾ കൂടി വോട്ട് ചോദിക്കുന്നു–കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ.
വിദ്യാർഥി രാഷ്ട്രീയത്തിൽ ഒരേ സമയത്ത് ഉണ്ടായിരുന്നവരാണെന്ന മുഖവുരയോടെ ജോൺ സൗഹൃദം പുതുക്കി. ‘പരസ്പരം വിജയം ആശംസിക്കുന്നുണ്ടോ’ എന്ന ചോദ്യത്തി ന് ഇരുവരും ചിരിച്ചൊഴിഞ്ഞു.
ഒരേ പള്ളിമുറ്റത്താണെങ്കിലും രണ്ടു മണ്ഡലങ്ങളിലെ വോട്ടർമാരോട് വോട്ടുചോദിക്കുന്നതിനാൽ ‘ക്ലാഷ്’ ഇല്ല. ജോൺ.
രാവിലെ കിഴക്കേകോട്ടയിലായിരുന്നു വോട്ടഭ്യർഥന. പത്മനാഭ സ്വാമി ക്ഷേത്രത്തിനു ചുറ്റും താമസിക്കുന്നവർ വെള്ളമില്ലാതെ നരകയാതനയിലാണെന്നു പറയുമ്പോൾ സർക്കാരിനോടുള്ള രോഷം വാക്കുകളിൽ.
‘എം.വി.രാഘവനെ സിപിഎം പുറത്താക്കിയപ്പോൾ ആദ്യം അദ്ദേഹത്തിന് അനുകൂലമായി ചെങ്കൊടി പൊക്കിയത് ഈ മണ്ഡലത്തിലെ കല്ലേറ്റുമുക്കിലാണ്.
സിഎംപിക്ക് ഇവിടെ രണ്ടു മേയർമാരുണ്ടായിരുന്നു’–മണ്ഡലവും സിഎംപിയുമായുള്ള ബന്ധം ജോൺ ഓർത്തെടുത്തു. തിരുവനന്തപുരം വെസ്റ്റിൽ 2001ൽ ജയിച്ച എംവിആർ അക്കുറി യുഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്നു.
എംവിആറിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ നേരവകാശിയായാണു കാൽനൂറ്റാണ്ടിനുശേഷം ജോണിന്റെ മത്സരം
നാട്ടുവിശേഷങ്ങൾ ചോദിച്ചും പറഞ്ഞും കരമന ജയൻ
എത്ര നാളുകൊണ്ട് ആഗ്രഹിക്കുന്നതാണു ജയൻ ഇവിടെ ഇലക്ഷനു നിൽക്കണമെന്ന്. ഇനി ജയിച്ചിട്ടു വേണം കാണാൻ വരാൻ’– വലിയശാല കാവിൽ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ കണ്ട
ഒരമ്മ കൈപിടിച്ചുകൊണ്ട് എൻഡിഎ സ്ഥാനാർഥി കരമന ജയനെ ആശംസിച്ചു. ചുറ്റും കണ്ടവരോടു വോട്ടല്ല, വിശേഷങ്ങളാണു കരമന ജയൻ ചോദിച്ചറിഞ്ഞത്.
താൻ നഴ്സറിയിലും സ്കൂളിലുമൊക്കെ പഠിച്ചപ്പോൾ ഇവിടെയാണു താമസിച്ചതെന്നും കുട്ടിക്കാലം മുതൽ കാണുന്ന ആളുകളാണ് ഇവരെല്ലാമെന്നും ജയൻ. ചോദിച്ചില്ലെങ്കിലും വോട്ട് അവർ അറിഞ്ഞുചെയ്യുമെന്ന വിശ്വാസം.
മുൻപു പാറശാലയിൽ രണ്ടുവട്ടം മത്സരിച്ച കരമന ജയൻ ജനിച്ചുവളർന്ന നാട്ടിൽ ആദ്യമായി മത്സരിക്കുന്നതിന്റെ സന്തോഷത്തിലാണ്.
സ്ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും അതിന്റെ ടെൻഷൻ ഒന്നുമില്ല. പതിറ്റാണ്ടുകളായി തിരുവനന്തപുരത്തെ രാഷ്ട്രീയത്തിൽ സജീവമായതിന്റെ ആത്മവിശ്വാസം.
കോർപറേഷൻ ബിജെപി പിടിച്ചതിന്റെ തുടർച്ചയായി തിരുവനന്തപുരം മണ്ഡലത്തിലും താമര വിരിയുമെന്നു പറഞ്ഞ ജയൻ, തൊട്ടടുത്ത നിന്ന പെൺകുട്ടിയിലേക്കു കൈ ചൂണ്ടി– ‘വലിയശാലയിൽ വിരിഞ്ഞ താമരയാണ് ഈ നിൽക്കുന്നത്. സൂര്യ.
ഈ വാർഡിലെ കൗൺസിലറാണ്. ഞാൻ പ്രസിഡന്റായ സിറ്റിയിലെ നാലു മണ്ഡലത്തിലും താമര വിരിയും’.
ക്ഷേത്രത്തിലേക്കു കയറാൻ തുടങ്ങുമ്പോൾ ഇറങ്ങിവരുന്നു എൽഡിഎഫ് സ്ഥാനാർഥി സുധീർ കരമന. ഉറ്റസുഹൃത്തുക്കളെപ്പോലെ ഇരു കരമനക്കാരും കൈകോർത്തു കെട്ടിപ്പിടിച്ചു.
സിനിമയിൽ സുധീറിന്റെ വില്ലൻ കഥാപാത്രമൊക്കെ കാണുമ്പോൾ നമ്മുടെ സുധീറാണോ ഇങ്ങനെ അഭിനയിക്കുന്നതെന്ന് ആശ്ചര്യപ്പെടാറുണ്ടെന്നു ജയൻ.
സൗഹൃദവും രാഷ്ട്രീയവും കൂട്ടിക്കലർത്താനില്ലെന്നു പ്രഖ്യാപിച്ച് വോട്ടർമാർക്കിടയിലേക്ക്.
കടുത്ത മത്സരം കാത്ത് തിരുവനന്തപുരം മണ്ഡലം
മണ്ഡലം ഇങ്ങനെ: പഴയ എകെജി സെന്ററിൽനിന്നു പുതിയ എകെജി സെന്ററിലേക്കു ചെന്നു കയറുന്നവർ ഒരു റോഡ് മാത്രമല്ല, ഒരു മണ്ഡലം കൂടിയാണു മുറിച്ചുകടക്കുന്നത്. കേരളത്തിലെ സിപിഎം ആസ്ഥാനത്തിന്റെ തലപ്പൊക്കം ഇപ്പോൾ തിരുവനന്തപുരം മണ്ഡലത്തിനാണ്.
എന്നാൽ മണ്ഡലത്തിലെ ഇതുവരെയുള്ള വിജയങ്ങളിൽ ആ പൊക്കം എൽഡിഎഫിന് ഇല്ല. കഴിഞ്ഞതവണ മാത്രമാണു വിജയം.
ജയം നേടിത്തന്ന ആന്റണി രാജു ഇത്തവണ മത്സരിക്കാൻ കഴിയാതെ അയോഗ്യനുമായി. മണ്ഡലം രൂപീകരിച്ച 2011ലും ശേഷം 2016ലും കോൺഗ്രസിന്റെ വി.എസ്.ശിവകുമാറായിരുന്നു വിജയി.
അതിനു മുൻപു തിരുവനന്തപുരം വെസ്റ്റിലാണു തിരുവനന്തപുരം മണ്ഡലം ഉൾപ്പെട്ടിരുന്നത്. എൽഡിഎഫിൽനിന്നു വി.സുരേന്ദ്രൻ പിള്ള 2006ലും ആന്റണി രാജു 1996ലും ജയിച്ചു.
എം.എം.ഹസനും എം.വി.രാഘവനും പ്രതിനിധീകരിച്ച മണ്ഡലവുമായിരുന്നു വെസ്റ്റ്.
പൂർണമായും കോർപറേഷൻ പരിധിയിലാണു തിരുവനന്തപുരം മണ്ഡലം. 2021ൽ 7089 വോട്ടിന് എൽഡിഎഫ് ജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 6436 വോട്ടിന്റെ ലീഡ് അവർ നേടിയിരുന്നു.
2021ൽ മൂന്നാമതായിരുന്ന ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തി. എന്നാൽ 906 വോട്ടിന്റെ മാത്രം വ്യത്യാസത്തിലാണു യുഡിഎഫ് പിന്നിൽ പോയത്.
നല്ല ത്രികോണ മത്സരം നടക്കുമെന്നു വ്യക്തം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

