
സമരവേദിയിൽ നാളെ ആശമാരുടെ കൂട്ട ഉപവാസം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ആശാ സമരവേദിയിൽ നാളെ കൂട്ട ഉപവാസം നടത്തുമെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. 41 ദിവസം പിന്നിടുന്ന ആശാ വർക്കർമാരുടെ രാപകൽ സമരവേദിയിൽ നിരാഹാര സമരം ആരംഭിച്ചിട്ട് ഇന്നലെ 3 ദിവസം പിന്നിട്ടു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു, ആശാ വർക്കർമാരായ എം.ശോഭ, കെ.പി.തങ്കമണി എന്നിവരാണു നിരാഹാരം തുടരുന്നത്. നിരാഹാര സമരത്തിന്റെ അഞ്ചാം ദിവസമാണു കൂട്ട ഉപവാസം.പരമാവധി ആശാവർക്കർമാർ അനിശ്ചിതകാല നിരാഹാര സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് തിങ്കളാഴ്ച സമരപ്പന്തലിൽ ഉപവസിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
എത്തിച്ചേരാൻ കഴിയാത്തവർ പ്രാദേശിക തലത്തിൽ പ്രത്യേക കേന്ദ്രങ്ങളിലോ ജോലിചെയ്യുന്ന സെന്ററുകളിലോ ഉപവാസ സമരം നടത്തും. നിരാഹാര സമരത്തിനു പിന്തുണ പ്രഖ്യാപിച്ച വിവിധ സംഘടനകളുടെ പ്രതിനിധികളും നാളെ സമരവേദിയിൽ എത്തും. ഇന്നലെ സമരവേദിയിൽ എത്തിയ നാലാഞ്ചിറ സർവോദയ സെൻട്രൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി അർണവ് തനിക്കു മെറിറ്റ് സ്കോളർഷിപ്പായി ലഭിച്ച തുക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദന് കൈമാറി.
സമരവേദിയിൽ ഐക്യദാർഢ്യവുമായി ഇന്നലെ വി.എം.സുധീരൻ, അടൂർ പ്രകാശ് എംപി, എറണാകുളം മുൻ ജില്ലാ കലക്ടർ എം.പി.ജോസഫ് , ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ.പി.ഹരിദാസ്, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഫായിസ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നയീം ഗഫൂർ, എക്സ് സർവീസ് മെൻ കോഓർഡിനേഷൻ ഭാരവാഹികളായ ശ്രീകുമാർ, സുനിൽകുമാർ, ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ഭാരവാഹികളായ സജി ജോസ്, ഫ്രാങ്ക്ലിൻ എന്നിവർ എത്തി.
സർക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെട്ടാൽ ആദ്യം പരിഗണിക്കുക ആശമാരെ: മന്ത്രി
ആലപ്പുഴ ∙ ആശാ വർക്കർമാർ സമരത്തിൽ നിന്നു പിന്മാറണമെന്നും സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ ആദ്യം പരിഗണിക്കുക ആശമാരെയായിരിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. 500 രൂപയിൽ നിന്നു 7,000 രൂപയിലേക്ക് ആശാ വർക്കർമാരുടെ ഓണറേറിയം ഉയർത്തിയ സർക്കാരാണ് കേരളത്തിലേത്. നിശ്ചയിച്ച കാര്യങ്ങൾ കൃത്യമായി നടത്താനാണ് സർക്കാർ ആദ്യം പരിഗണന നൽകുന്നത്.നിലവിൽ സാമ്പത്തിക സഹായം നൽകാനുള്ള ആരെയും മാറ്റി നിർത്തി പുതിയത് ഏറ്റെടുക്കാനുള്ള സാമ്പത്തികസ്ഥിതി സർക്കാരിനില്ല.
സമരം രാഷ്ട്രീയ പ്രേരിതമാണ്. ആരും കേന്ദ്രത്തിന് മുന്നിൽ പോയി സമരം ചെയ്യുകയോ ഒരു വാക്ക് പറയുകയോ ചെയ്യുന്നില്ല. ആശമാരെ കുത്തിയിളക്കി വിട്ട് സമരം ചെയ്യിക്കുന്ന ഒരു സംഘമുണ്ട്. കെ റെയിൽ സമരത്തിന് പിന്നിലും അങ്ങനെ ഒരു സംഘമായിരുന്നു. അവരെ നയിക്കുന്ന സംഘടനയ്ക്കൊപ്പം ആരുമില്ല. അവർ നടത്തുന്ന സമരത്തെ വലതുപക്ഷ രാഷ്ട്രീയ പാർട്ടികൾ ഇടതുപക്ഷത്തെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുകയാണ്. ആശമാർക്കുവേണ്ടി ഏറ്റവും കൂടുതൽ പോരാട്ടം നടത്തിയിട്ടുള്ളത് സിഐടിയു ആണെന്നും അദ്ദേഹം പറഞ്ഞു.