
തലസ്ഥാനത്തിന്റെ ഹൃദയമായ തമ്പാനൂർ എല്ലാക്കാലവും വാഹനത്തിരക്കിന്റെ പിടിയിലാണെന്നതാണു ചരിത്രവും വർത്തമാനവും. കെഎസ്ആർസിസി ബസ് സ്റ്റാൻഡും റെയിൽവേ സ്റ്റേഷനും പരസ്പരം വഴിതുറന്നുകൊടുക്കുന്ന ജംക്ഷനായതിനാൽ ജനം ഒഴിഞ്ഞൊരു നേരമുണ്ടാവില്ല.
ആസൂത്രണം പലകാലങ്ങളിലായി നടന്നിട്ടുണ്ടെങ്കിലും തിരക്ക് ഒതുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
സ്റ്റാൻഡിൽ ബസിന് സ്ഥലമില്ല
കോഫി ഹൗസിന് മുന്നിലൂടെയാണ് കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നത്. തിരിച്ചിറങ്ങുന്നത് മസ്ജിദ് ലെയ്ൻ റോഡിനു മുന്നിലൂടെ.
പ്രധാന റോഡുവഴി സഞ്ചരിക്കുന്ന വാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തേണ്ടി വരുന്നതോടെ തമ്പാനൂർ കുരുങ്ങും. സ്റ്റാൻഡിനുള്ളിൽ ബസുകൾ നിർത്താൻ ആവശ്യത്തിനു സ്ഥലമില്ല.
ലഭ്യമായ സ്ഥലമെല്ലാം സ്വകാര്യ കോഫി ഷോപ്പുകൾക്ക് ഉൾപ്പെടെ വാടകയ്ക്കു നൽകി പണം ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണു കെഎസ്ആർടിസി.
സ്വകാര്യ സംസ്ഥാനാന്തര ബസുകൾ
ചെന്നൈ, ബെംഗളൂരു ദീർഘദൂര ബസുകൾ മുൻപ് സർവീസ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തിരുന്നത് സംഗീത കോളജിന് മുന്നിലാണ്. തിരക്ക് കുറവായ ഈ സ്ഥലത്ത് ബസുകൾ നിർത്തിയിടുന്നതിലൂടെ പ്രധാന റോഡിലെ ഗതാഗതത്തിന് തടസ്സമുണ്ടാകില്ലെന്നതായിരുന്നു ഗുണം.
സ്മാർട് റോഡ് നിർമാണത്തിനായി റോഡ് പൊളിച്ചപ്പോൾ സ്വകാര്യ ദീർഘദൂര ബസുകൾ കൂട്ടത്തോടെ മോഡൽ സ്കൂൾ ജംക്ഷൻ– തമ്പാനൂർ റോഡിലേക്കിറങ്ങി. വൈകുന്നേരങ്ങളിലും രാത്രികളിലും കുരുക്ക് രൂക്ഷമാകാൻ കാരണം ഇതാണ്. സ്വകാര്യ പാർക്കിങ് സ്ഥലങ്ങളിൽനിന്നു പ്രധാന റോഡിലേക്കു കയറുകയും ഇറങ്ങുകയും ചെയ്യുമ്പോഴും തമ്പാനൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടുന്നു.
സ്വകാര്യ ബസുകൾക്ക് സ്റ്റാൻഡ് ഇല്ല
സ്വകാര്യ ബസുകൾക്ക് തമ്പാനൂരിൽ പ്രത്യേക സ്റ്റാൻഡില്ലാത്തതിനാൽ ലഭ്യമായ സ്ഥലങ്ങളിൽ കുത്തിക്കയറ്റുന്നതും പ്രശ്നമാണ്.
പല പാർക്കിങ്ങും,അനധികൃതം
ട്രെയിനുകൾ എത്തുന്ന സമയത്ത് യാത്രക്കാരെ വിളിക്കാനായി വരുന്ന വാഹനങ്ങൾ നിശ്ചിത പാർക്കിങ് ഏരിയയിൽ പ്രവേശിക്കാതെ റോഡരികിൽ നിർത്തുന്നു. കൊല്ലം, നാഗർകോവിൽ റൂട്ടുകളിലെ പാസഞ്ചർ ട്രെയിനിൽ കയറാനായി രാവിലെയും വൈകിട്ടും വാഹനങ്ങളിൽ യാത്രക്കാർ എത്തുമ്പോൾ കുരുക്ക് രൂക്ഷമാകും.
രാജധാനി, പരശുറാം, വന്ദേഭാരത് ട്രെയിനുകളിൽ എത്തുന്നവരെ കൂട്ടിക്കൊണ്ടു പോകാൻ എത്തുന്നവരുടെ വാഹനങ്ങളാണ് രാത്രിയിലെ കുരുക്കിന് പ്രധാന കാരണം. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കുള്ള വഴിയിൽ യാത്രക്കാരെ കയറ്റാൻ ഓട്ടോ നിർത്തുന്നതു മൂലം ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാൻ കഴിയാതെ നിൽക്കുന്നതും കുരുക്കുണ്ടാക്കുന്നു.
കുരുക്കിന്റെ പ്രധാന കാരണങ്ങൾ
∙ മൂവായിരത്തോളം സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന കെഎസ്ആർടിസി ബസ് ടെർമിനലിലേക്ക് വാഹനങ്ങൾ കയറുകയും തിരിച്ചിറങ്ങുകയും ചെയ്യുന്നത്
∙ സ്വകാര്യ ദീർഘദൂര ബസുകൾ റോഡിന്റെ വശങ്ങളിൽ പാർക്കു ചെയ്യുന്നത്.
∙ റെയിൽവേ സ്റ്റേഷനിൽനിന്ന് ബസ്സ്റ്റാൻഡിലേക്കും തിരിച്ചും പോകാൻ യാത്രക്കാർക്ക് റോഡ് കുറുകെ കടക്കേണ്ടി വരുന്നത്. ∙ അനധികൃത പാർക്കിങ്
∙ ഓട്ടോറിക്ഷകൾ തോന്നിയപടി തിരിയുന്നത്
∙ ട്രെയിനിൽ എത്തുന്ന യാത്രക്കാരെ കൂട്ടിക്കൊണ്ടു പോകാൻ എത്തുന്നവരുടെ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നത്.
എന്താണ് പരിഹാരം? വേണ്ടത് മൊബിലിറ്റി ഹബ്
കൊച്ചിയിലെ വൈറ്റില മൊബിലിറ്റി ഹബ് മാതൃകയിൽ എല്ലാ ബസുകൾക്കും ഉപയോഗിക്കാൻ കഴിയുന്ന മൊബിലിറ്റി ഹബാണ് തലസ്ഥാനത്ത് വേണ്ടത്.
ആനയറയിൽ മൊബിലിറ്റി ഹബിനും ഈഞ്ചയ്ക്കലിൽ ദീർഘദൂര ബസുകളുടെ സ്റ്റാൻഡിനും ശുപാർശയുണ്ടായിരുന്നെങ്കിലും അതൊന്നും നടപ്പായില്ല. ഇതിൽ ഏതു പദ്ധതിയാണ് അഭികാമ്യമെന്ന് പരിശോധിച്ച് മുൻഗണന നിശ്ചയിച്ചു പദ്ധതി നടപ്പാക്കാൻ സർക്കാർ മുന്നോട്ടു വരണം.
ആനയറയെയും തമ്പാനൂരിനെയും ബന്ധിപ്പിച്ച് 24 മണിക്കൂറും ഇലക്ട്രിക് ബസുകളോടണം.
കാൽനട യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി റെയിൽവേ സ്റ്റേഷനെയും ബസ് സ്റ്റാൻഡിനെയും ബന്ധിപ്പിച്ച് കാൽനട
മേൽപാലം നിർമിക്കണമെന്ന ശുപാർശയ്ക്കും വർഷങ്ങളുടെ പഴക്കമുണ്ട്. സുരക്ഷാപ്രശ്നം ഉയർത്തി റെയിൽവേ തടസം ഉന്നയിക്കുന്നതാണ് മേൽപാല നിർമാണത്തിന് തടസ്സമെന്ന് സർക്കാർ വാദിക്കുമ്പോൾ ആരോപണം തള്ളുകയാണ് റെയിൽവേ.
ആനയറ മൊബിലിറ്റി ഹബ്
ക്യാപ്പിറ്റൽ മാസ്റ്റർ പ്ലാൻ 2040ന്റെ ഭാഗമായി നഗരസഭ തയാറാക്കിയ ആനയറ മൊബിലിറ്റി ഹബ് പദ്ധതി 106 ഏക്കർ ഭൂമിയിലാണു വിഭാവനം ചെയ്തിരുന്നത്.
വിമാനത്താവളം, െറയിൽവേ സ്റ്റേഷൻ, ജലപാത എന്നിങ്ങനെ എല്ലാ ഗതാഗത മാർഗങ്ങളെയും ബന്ധിപ്പിക്കുന്ന മൾട്ടി മോഡൽ ട്രാൻസിറ്റ് ഹബായിരുന്നു ഈ പദ്ധതി. നിർദിഷ്ട
മെട്രോയുമായി ബന്ധപ്പിച്ചു പദ്ധതിയുടെ മാസ്റ്റർ പ്ലാനും നഗരസഭ തയാറാക്കിയിരുന്നു. ആനയറ പദ്ധതി ദീർഘകാല അടിസ്ഥാനത്തിലും ഈഞ്ചയ്ക്കൽ പദ്ധതി ഹ്രസ്വകാല പദ്ധതിയായും നടപ്പാക്കാനാണു സർക്കാർ ശ്രമിക്കേണ്ടത്.
ഈഞ്ചയ്ക്കൽ ദീർഘദൂര ബസ് സ്റ്റാൻഡും മൊബിലിറ്റി ഹബ്ബും
ഇൗഞ്ചയ്ക്കൽ പദ്ധതിയും മൊബിലിറ്റി ഹബായി മാറ്റിയെടുക്കാവുന്ന ഒന്നാണ്.
സ്വകാര്യ ബസുകൾക്കും സ്വകാര്യ ദീർഘദൂര ബസുകൾക്കും നിർത്താനും ബസ് കഴുകാനുമുള്ള സൗകര്യം ഏർപ്പെടുത്തിയാൽ അതിൽ നിന്നുള്ള വരുമാനം കെഎസ്ആർടിസിക്ക് ലഭിക്കും. 2 തവണ ടെൻഡർ വിളിച്ചിട്ടും ആരും മുന്നോട്ടു വന്നില്ലെന്നാണു മുൻപ് പറഞ്ഞിരുന്നത്.
എന്നാൽ പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലോ സ്മാർട്ട് സിറ്റി പദ്ധതിയായോ ഇത് നഗരസഭയ്ക്ക് ഏറ്റെടുക്കാം. കൊച്ചിയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണം സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണു ചെയ്യുന്നത്.
.
താഴത്തെനില കെഎസ്ആർടിസിക്കായി മാറ്റിവച്ചു മുകൾനില തിയറ്ററുകളോ, ഹോട്ടലുകളോ, ഹൈപ്പർ മാർക്കറ്റുകളോ വരുന്ന രീതിയിലുള്ള പദ്ധതി ശുപാർശകൾക്ക് കരാറുകാരെ ലഭിക്കുമെന്നാണ് വിലയിരുത്തൽ. 2004ലാണ് തലസ്ഥാനത്തെ രണ്ടാമത്തെ കെഎസ്ആർടിസി ടെർമിനലായി ഈഞ്ചയ്ക്കൽ ശുപാർശ ചെയ്തത്. 5.75 ഏക്കർ ഭൂമിയാണ് ഇവിടെയുള്ളത്.
50 ബസ് ബേകളുമായി വിശാലമായ സൗകര്യം ഇവിടെ ഒരുക്കാൻ കഴിയും. കെഎസ്ആർടിസിക്കു പുറമേ തമിഴ്നാട്, കർണാടക ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ ബസുകൾ, സ്വകാര്യ അന്തർ സംസ്ഥാന സർവീസുകൾ തുടങ്ങിയവയെയും ഇവിടെ ഉൾക്കൊള്ളാൻ കഴിയും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]