
പഠന വിഷയമാക്കണം ഈ പാലം നിർമാണം
പാലം നിർമാണം പൂർത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡിനെ കുറിച്ച് അധികൃതർക്ക് ധാരണയില്ലാത്തതിനാൽ കോർപറേഷൻ കടകംപള്ളി വാർഡിലെ നെല്ലിക്കുഴി പാലം നോക്കുകുത്തിയായി. പാലത്തിന്റെ രണ്ടു വശത്തും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളാണ്.
ഇനി അപ്രോച്ച് റോഡിന് സ്ഥലം കണ്ടെത്തണമെങ്കിൽ ഇനി പൊന്നും വില നൽകി സ്വകാര്യ വ്യക്തികളിൽ നിന്ന് ഭൂമി ഏറ്റെടുക്കേണ്ടി വരും. കടകംപള്ളി– അണമുഖം വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് പാലം നിർമിച്ചതെന്നാണ് അധികൃതരുടെ അവകാശവാദം.
എന്നാൽ പാലത്തിന്റെ ഒരു വശത്ത് മാത്രമേ റോഡ് ഉള്ളൂ. മറുവശം പൂർണമായി സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളാണ്.
ഈ സ്ഥിതിയിൽ പാലം വഴിയുള്ള ഗതാഗതം എവിടെ അവസാനിപ്പിക്കുമെന്ന് ഇപ്പോഴും അറിയില്ല.
മലയോര ഹൈവേ പണി നിലച്ചിട്ട് ഒരു വർഷത്തോളമായി
പാലോട് ∙ മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് പെരിങ്ങമ്മല പഞ്ചായത്തിലെ പാലോട് – തെന്നൂർ റോഡിൽ കൊച്ചുകരിക്കകത്ത് 500 മീറ്ററോളം ഭാഗം പണി നിലച്ചു കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. ഇവിടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടാണ് പണി നിർത്തിവച്ചത്.
എന്നാൽ ആ പ്രശ്നം പരിഹരിച്ചിട്ടും റോഡ് പണി നടക്കുന്നില്ല. മെറ്റലുകൾ പാകിയ ശേഷമാണ് പണി മുടങ്ങിയത്.
നിലവിൽ മെറ്റലുകൾ ഇളകിക്കിടന്ന് അപകടക്കെണിയായിട്ടും റോഡ് ടാർ ചെയ്യുന്നില്ല. ഹൈവേ നിർമാണം ഏറ്റെടുത്ത കമ്പനി പണി മതിയാക്കി പോയതായി നാട്ടുകാർ പറയുന്നു.
കച്ചവടക്കാരും വഴിയാത്രക്കാരും പൊടി കാരണം ബുദ്ധിമുട്ടുകയാണ്.
പാലത്തിൽ നിന്ന് സർവീസ് റോഡിൽ എത്താം; 30 മീറ്റർ ചാടിയാൽ
കോവളം ∙ കഴക്കൂട്ടം–കാരോട് ബൈപാസ് പൂർത്തിയായി ഗതാഗതത്തിനു തുറന്നു കൊടുത്തു വർഷങ്ങളായിട്ടും പാതയുടെ കോവളം ആഴാകുളത്തിനും കല്ലുവെട്ടാൻകുഴി പോറോട് പാലത്തിനും ഇടയ്ക്കു സർവീസ് റോഡ് ഇനിയും പൂർത്തിയായില്ല. അര കിലോമീറ്ററോളം ദൂരം വരുന്ന പാലത്തിനപ്പുറവും ഇപ്പുറവുമായി സർവീസ് റോഡു പണിയവസാനിപ്പിച്ചു അധികൃതർ തടിതപ്പി.
പാതിവഴിയിലായ സർവീസ് റോഡുകൾ എത്തി നിൽക്കുന്നത് 30 മീറ്ററിലേറെ താഴ്ചയിൽ. ഈ ഭാഗത്തെ താമസക്കാർ അപ്പുറവും ഇപ്പുറവുമായി വേർപെട്ട
നിലയിലാണ്.
മറു വശങ്ങളിലെത്താൻ കുറേ ദൂരം ചുറ്റണം. പാലത്തിലൂടെ പോകാമെന്നു കരുതിയാൽ അമിത വേഗത്തിലെത്തുന്ന വാഹനങ്ങളുടെ ഭീഷണിയുണ്ട്.
പാത മുറിച്ചു കടക്കുന്നതിനിടെ ഇവിടെ നിത്യവും അപകടങ്ങളാണ്. നിരവധി പേരുടെ ജീവനുകൾ നഷ്ടമായി.
ഏറ്റവുമൊടുവിൽ കഴിഞ്ഞയാഴ്ചത്തെ അപകടത്തിൽ പ്രദേശവാസിയായ കോമളം (62) മരിച്ചിരുന്നു. സർവീസ് റോഡുകൾ ഇവിടെ പൂർത്തീകരിക്കാത്തതു സംബന്ധിച്ചു ദേശീയപാത അതോറിറ്റി വ്യക്തമായ മറുപടി ഇനിയും നൽകുന്നില്ല.
പാലത്തിനു സമാനമായി അവസാനിക്കുന്ന സർവീസ് റോഡുകളുടെ മുനമ്പുകൾ കാഴ്ച മറഞ്ഞു കുറ്റിക്കാടിനുള്ളിലായി. പരിചയമില്ലാത്ത വാഹന യാത്രികർ സർവീസ് റോഡു വഴി ഇവിടെ എത്തിയാൽ അപകടത്തിൽപെടാനുള്ള സാധ്യതയുമേറെ.
ആരാണ് ഇവിടെ എൻജിനീയർ ?
വെള്ളറട
∙ കാരക്കോണം– അമരവിള റോഡിന്റെ പുനരുദ്ധാരണം അവസാനഘട്ടത്തിലാണ്. 12 മീറ്റർ വീതിയുണ്ടാകുമെന്നു പറഞ്ഞ റോഡിൽ 9മീറ്റർ വീതിയിലാണ് ടാർ ചെയ്യേണ്ടത്.
ടാറിങ്ങിന് മുൻപ് വൈദ്യുതി പോസ്റ്റുകൾ ഇളക്കിമാറ്റി വശങ്ങളിൽ സ്ഥാപിക്കണമായിരുന്നു. എന്നാൽ ഇതിനുള്ള തുക വൈദ്യുതി ബോർഡിൽ കേരള റോഡ് ഫണ്ട് ബോർഡ് അടച്ചില്ല.
ഉദ്യോഗസ്ഥരിൽ ചിലർ ഈ തുക അനധികൃതമായി കൈക്കലാക്കിയെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട
നടപടികൾ തുടരുന്നു. ഇതിനിടെ കരാറുകാരൻ വൈദ്യുതപോസ്റ്റുകളെ ഓടകൾക്കുള്ളിലാക്കിയും നടുറോഡിലാക്കിയും നിർമാണം പൂർത്തിയാക്കി.
ടാറിങ്ങും ഇന്റർലോക്ക് കട്ടപാകലും വൈദ്യുത പോസ്റ്റുകൾ മാറ്റാതെ തന്നെ പൂർത്തിയാക്കുകയാണ്. ഓടകൾക്കുള്ളിൽ നിൽക്കുന്ന പോസ്റ്റുകൾ ജലപ്രവാഹത്തെ തടയുകയാണ്.
റോഡിനു നടുവിൽ നിൽക്കുന്ന ഇവ അപകടഭീഷണിയും ഉയർത്തുന്നു. 31 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്.
അപ്രോച്ച് റോഡായി, പാലം മറുകര കണ്ടില്ല
വിതുര ∙ വാമനപുരം നദിയിലെ ആറ്റുമൺപുറം പാലത്തിന്റെ പണി പാതി വഴിയിൽ നിലച്ചു.
മറുകര തൊടാത്ത സ്ഥിതിയിലായിട്ട് വർഷം മൂന്നാകുന്നു. വിതുര പഞ്ചായത്തിലെ മണലി, ആനപ്പാറ വാർഡുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പണിയാണു ഫണ്ട് ഇല്ലാത്തതു കാരണം പണി നിലച്ച നിലയിൽ തുടരുന്നത്.
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണു പാലം നിർമിക്കാനുള്ള പദ്ധതി കൊണ്ടുവന്നത്.
2019ൽ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 94 ലക്ഷം രൂപ അനുവദിച്ചിരുന്നു. വൈകാതെ നിർമാണവും തുടങ്ങി.
മഴയത്ത് പതിവായി നദി കരകവിഞ്ഞതും കോവിഡ് വ്യാപനവും പാലം പണി ഇഴയാൻ കാരണമായി. പിന്നീട് നിർമാണം പുനരാരംഭിച്ചെങ്കിലും നദിയുടെ മുക്കാൽ ഭാഗം എത്തിയപ്പോഴേക്കും ഫണ്ടിന്റെ അപര്യാപ്തത വില്ലനായി.
ആനപ്പാറയിൽ നിന്നുള്ള റോഡ് വന്നു ചേരുന്ന ഭാഗത്തെ പണി മാത്രമാണു പൂർത്തിയായത്. ഇതോടെ വെട്ടിലായ ആറ്റുമൺപുറം നിവാസികൾ സ്വയം തുക സമാഹരിച്ച് മരത്തടിയും കഷണങ്ങളും ഉപയോഗിച്ച് കര വരെ നീട്ടി.
ഇതിലൂടെയുള്ള യാത്ര ശ്രമകരമാണ്.
മുഖ്യമന്ത്രിയുടെ കരുതലും കൈത്താങ്ങും വെട്ടി നിരത്തി
പുത്തൻതോപ്പ് ∙ വെട്ടുതുറയെ പുത്തൻതോപ്പുമായി ബന്ധിപ്പിക്കുന്ന ബീച്ച് റോഡിനു സർക്കാരിന്റെ ഭരണാനുമതി ലഭിച്ചെങ്കിലും റോഡ് നിർമിക്കുന്ന കാര്യത്തിൽ പുരോഗതി ഇല്ല. മുഖ്യമന്ത്രിയുടെ ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ നിവേദനം ലഭിച്ചപ്പോഴാണ് റോഡ് നിർമാണത്തിന് തീരുമാനമായത്.
അഞ്ചുതെങ്ങ് ഹാർബർ എൻജിനീയറിങ് വിഭാഗം പുത്തൻതോപ്പ് മുതൽ വടക്കോട്ട് 300 മീറ്റർ ബീച്ച് റോഡ് നിർമിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കുകയും 46.70 രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു.
എന്നാൽ കഠിനംകുളം ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്തു നിന്നു കാര്യമായ ഇടപെടൽ ഇല്ലാത്തതു മൂലം റോഡ് നിർമാണം എങ്ങുമെത്താതെ നിൽക്കുന്നു. ഈ മേഖലയിൽ ബീച്ച് റോഡ് ഇല്ലാത്തതു മൂലം മത്സ്യ ബന്ധനക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ട്.
നിലവിൽ പെരുമാതുറ മുതൽ വെട്ടുതുറ വരെ ബീച്ച് റോഡ് ഉണ്ട്. പുത്തൻതോപ്പ് മുതൽ പള്ളിത്തുറ വരെയാണ് ബീച്ച് റോഡിന്റെ ആവശ്യം.
നാട്ടുകാരും മത്സ്യത്തൊഴിലാളികളും ഈ ആവശ്യം പലവട്ടം ഉന്നയിച്ചിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് അനുകൂലമായ തീരുമാനം ഇല്ല …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]