
തിരുവനന്തപുരം∙ വിപ്ലവ സൂര്യനെ യാത്രയാക്കാൻ പകൽ അസ്തമിക്കാതെ കാത്തുനിന്നതു പോലെ. വൈകിട്ട് ഏഴു മണിയോടെ 29 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വിഎസ് മടങ്ങുമ്പോൾ യാത്രയാക്കാൻ തടിച്ചുകൂടിയത് ജനസാഗരം.
നൂറുകണക്കിനു കണ്ഠങ്ങളിൽ നിന്ന് അന്ത്യാഭിവാദ്യം മുഴങ്ങി : ‘ധീര സഖാവേ..വീര സഖാവേ.. വിഎസേ…ഇല്ല, ഇല്ല മരിക്കുന്നില്ല..
ജീവിക്കുന്നു ഞങ്ങളിലൂടെ..’ വിഎസിന്റെ ഭൗതികശരീരം കയറ്റിയ ആംബുലൻസ് ആദ്യം പുറപ്പെട്ടു. തൊട്ടുപിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം.
പിന്നാലെ അകമ്പടിയായി മന്ത്രിമാരുടെയും മുതിർന്ന പാർട്ടി നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും വാഹനങ്ങൾ. വിലാപയാത്ര എസ്യുടി ആശുപത്രിയിൽ നിന്നു പുറപ്പെട്ടത് ഈ ക്രമത്തിലായിരുന്നു.
പട്ടം മുതൽ പഴയ എകെജി സെന്റർ വരെയുള്ള വീഥിക്കിരുവശവും ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് യാത്രാമൊഴിയേകാൻ തടിച്ചുകൂടിയിരുന്നു.രാവിലെ 11 മണിയോടെ വിഎസിന്റെ ആരോഗ്യനില മോശമായി തുടങ്ങിയിരുന്നു.
രക്ത സമ്മർദം കുറഞ്ഞതിനെ തുടർന്ന് അടിയന്തര ശുശ്രൂഷാനടപടികൾ ആരംഭിച്ചു. വൈകാതെ മുഖ്യമന്ത്രിയുടെ ഓഫിസിൽ വിവരമറിയിച്ചു.
ഉച്ചയ്ക്കുശേഷം 3.20 ന് വിഎസിന്റെ വിയോഗം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപായി മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ആശുപത്രിയിലെത്തി.
ഇരുവരും ഡോക്ടർമാരുമായും വിഎസിന്റെ കുടുംബാംഗങ്ങളുമായും ചർച്ച നടത്തി. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.രാജീവ്, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, സ്പീക്കർ എ.എൻ.ഷംസീർ, പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി, പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, ജില്ലാ സെക്രട്ടറി വി.ജോയ്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, കോൺഗ്രസ് നേതാവ് വി.എം.സുധീരൻ എന്നിവർ വൈകാതെ ആശുപത്രിയിലെത്തി.
ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഇവിടെ വച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിയോഗ വാർത്തയറിഞ്ഞ് ആദ്യ മണിക്കൂറുകളിൽ തന്നെ പ്രവർത്തകരും പൊതുജനങ്ങളുമടക്കം ഒട്ടേറെപ്പേരാണ് ആശുപത്രിയിലേക്കു കുതിച്ചെത്തിയത്.
വിഎസിന്റെ പിഎ ആയിരുന്ന എ.സുരേഷ്, ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ്.സി.മാത്യു, കെ.എം.ഷാജഹാൻ, മറ്റ് സ്റ്റാഫ് അംഗങ്ങൾ എല്ലാവരും ദുഃഖാർത്തരായി ആശുപത്രിയിലുണ്ടായിരുന്നു. പഴയ എകെജി സെന്ററിലേക്കുള്ള യാത്രയിൽ ആംബുലൻസിൽ മകൻ അരുൺകുമാർ, എം.വി.ഗോവിന്ദൻ, കെ.എൻ.ബാലഗോപാൽ, വി.ജോയ് തുടങ്ങിയവർ വിഎസിന് അരികിൽ ഇരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]