അനിശ്ചിതകാല പണിമുടക്ക്: 4 ജില്ലകളിൽ പാൽ വിതരണം തടസ്സപ്പെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സർവീസിൽ നിന്ന് വിരമിച്ച മിൽമ തിരുവനന്തപുരം മേഖല യൂണിയൻ എംഡിക്ക് പുന:ർനിയമനം നൽകിയതിനെതിരെ മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിൽ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയതോടെ 4 ജില്ലകളിൽ പാൽ വിതരണം പൂർണമായും തടസ്സപ്പെട്ടു. പലയിടത്തും പാൽക്ഷാമമുണ്ട്. വിതരണം നാളെയും മുടങ്ങും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്നതാണ് തിരുവനന്തപുരം മേഖല യൂണിയൻ. പ്രതിസന്ധി രൂക്ഷമായതോടെ സമരക്കാരുമായി 24ന് ചർച്ച നടത്തുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. മന്ത്രി വി.ശിവൻകുട്ടിയും ചർച്ചയിൽ പങ്കെടുക്കും.
മിൽമ തിരുവനന്തപുരം മേഖല യൂണിയനു കീഴിലെ ഐഎൻടിയുസി, സിഐടിയു ട്രേഡ് യൂണിയനുകളുടെ സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സമരക്കാരുമായി ഇന്ന് മിൽമ ചെയർമാൻ ചർച്ച നടത്തുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും നടന്നില്ല. നാലു ലക്ഷം ലീറ്റർ പാലാണ് പ്രതിദിനം തെക്കൻ ജില്ലകളിൽ മിൽമ വിൽക്കുന്നതെന്നാണ് അനൗദ്യോഗിക കണക്ക്.
മിൽമ മലബാർ മേഖലാ യൂണിയൻ എംഡി ആയിരിക്കെയാണ് ഡോ.പി. മുരളിയെ തിരുവനന്തപുരം മേഖലാ യൂണിയൻ എംഡിയായി ഡപ്യൂട്ടേഷനിൽ നിയമിച്ചത്. കഴിഞ്ഞ മാസം 30 ന് 58 വയസ്സ് പൂർത്തിയായതോടെ ഡോ. മുരളി വിരമിച്ചു. തിരുവനന്തപുരം യൂണിയനിൽ തന്നെ മുരളിക്ക് എംഡിയായി പുന:ർനിയമനം നൽകിയ മിൽമ മാനേജ്മെന്റിനെതിരെയാണ് യൂണിയനുകൾ രംഗത്തു വന്നത്. വിഷയത്തിൽ ലേബർ കമ്മിഷണർ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലും തീരുമാനമായില്ല.
മുരളിക്ക് പുന:ർനിയമനം നൽകിയ മാനേജ്മെന്റ് നടപടി പിൻവലിക്കാതെ പണിമുടക്കിൽ നിന്നു പിൻമാറില്ലെന്നും സഹകരണ സംഘം നിയമങ്ങൾ അട്ടിമറിച്ചാണ് പുന:ർനിയമനം നൽകിയതെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു. പണിമുടക്കിയ തൊഴിലാളികൾ മേഖല യൂണിയൻ ഓഫിസിനു മുന്നിൽ പ്രകടനം നടത്തി. അതേസമയം, ഐഎൻടിയുസി, സിഐടിയു യൂണിയനുകൾ നടത്തുന്ന സമരം തൊഴിലാളി വഞ്ചനയാണെന്ന് മിൽമ വർക്കേഴ്സ് യൂണിയൻ (എഐടിയുസി)ആരോപിച്ചു.
അതേസമയം, സർവീസിൽ നിന്ന് വിരമിച്ച എംഡിക്ക് പുന:ർനിയമനം നൽകണമെന്നത് മാനേജ്മെന്റിന്റെ തീരുമാനമാണെന്നും പണിമുടക്കിനെ തുടർന്ന് മിൽമക്കുണ്ടായ നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. പണിമുടക്ക് വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും മന്ത്രി പറഞ്ഞു. പാൽവിതരണം തടസ്സപ്പെടാതിരിക്കാൻ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ചെയർപഴ്സൻ മണി വിശ്വനാഥ് അറിയിച്ചു.