
ദേശീയപാതയിൽ മുക്കോല– കാരോട് ഭാഗത്തും തകർച്ച: കോൺക്രീറ്റ് റോഡും പൊട്ടിപ്പൊളിഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ഒന്നര വർഷം മുൻപ് നിർമാണം പൂർത്തിയാക്കി, ഇപ്പോൾ വാഹനങ്ങളോടുന്ന മുക്കോല – കാരോട് ദേശീയപാതയിൽ പലയിടങ്ങളിലായി പൊട്ടൽ. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ഇൗ കോൺക്രീറ്റ് റോഡിൽ കോവളത്തുനിന്ന് 4 കിലോമീറ്റർ അകലെയാണ് കൂടുതൽ പൊട്ടൽ കണ്ടെത്തിയത്. ഇതു കൂടുതൽ ഭാഗത്തേക്കു പടരാതിരിക്കാനായി ദേശീയപാതയുടെ കരാറുകാർ അറ്റകുറ്റപ്പണിയും ആരംഭിച്ചിട്ടുണ്ട്.
പലയിടത്തും 40 അടിയിലേറെ ഉയരത്തിൽ വശങ്ങളിൽ കോൺക്രീറ്റ് ബ്ലോക്ക് അടുക്കി സംരക്ഷണഭിത്തി നിർമിച്ച് നടുക്ക് മണ്ണിട്ടാണ് റോഡ് നിർമിച്ചിരിക്കുന്നത്. ഒരു വർഷം മുൻപ് പല ഭാഗങ്ങളിലെയും ബ്ലോക്കുകൾക്കു സ്ഥാനചലനം ഉണ്ടായി മണ്ണ് സർവീസ് റോഡിലേക്ക് വീണിരുന്നു. തുടർന്ന് ബ്ലോക്കുകൾ ഇരുമ്പ് നട്ടും ബോൾട്ടും ഘടിപ്പിച്ച് ബലപ്പെടുത്തിയിരിക്കുകയാണ്. ഡിസംബറോടെ വിഴിഞ്ഞം തുറമുഖത്തു നിന്ന് തമിഴ്നാട്ടിലേക്ക് കണ്ടെയ്നർ നീക്കം നടത്താനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് റോഡ് തകർന്നിരിക്കുന്നത്.
ബൈപാസിൽ പയറുംമൂട് ജംക്ഷൻ മുതൽ കാരോട് വരെയാണ് കോൺക്രീറ്റ് പാതയുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയും ഉദ്ഘാടനം നടത്താതെയും 2023ലാണ് പാത ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇവിടെ പല ഭാഗത്തും തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുമില്ല. കോൺക്രീറ്റ് ബ്ലോക്കുകളിൽ സ്ഥാനചലനമുണ്ടായ പല സ്ഥലത്തും മണ്ണ് പുറത്തേക്ക് വരാതിരിക്കാനായി റബർ ഷീറ്റുകൾ തിരുകി വച്ചിരിക്കുകയാണ്.
റോഡിലെ കോൺക്രീറ്റ് പാളി കുത്തിയിളക്കി വീണ്ടും കമ്പി സ്ഥാപിച്ചാണ് ഇപ്പോൾ കോൺക്രീറ്റ് ചെയ്യുന്നത്. സംസ്ഥാനത്ത് പൂർണമായും കോൺക്രീറ്റ് ചെയ്ത നീളം കൂടിയ നാലുവരി പാതകളിലൊന്നാണ് 16.5 കിലോമീറ്റർ ദൂരം വരുന്ന, മുക്കോല മുതൽ കാരോട് വരെയുള്ള ദേശീയപാത. ഇൗ പാതയിലൂടെ സഞ്ചരിക്കുന്നതിന് തിരുവല്ലത്ത് ടോൾ പിരിവുമുണ്ട്.
ഇപ്പോൾ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാതയുടെ പല ഭാഗങ്ങളും ഒരു വശം അടച്ചിരിക്കുകയാണ്. വിണ്ടുകീറിയ ഭാഗങ്ങളിൽ കമ്പികളോ ആവശ്യത്തിന് മറ്റ് സാധനങ്ങളോ ഉപയോഗിക്കാത്തത് നാട്ടുകാരുടെ പരാതിക്കിടയാക്കിയിട്ടുണ്ട്. ഇൗ റോഡിൽ പല ഭാഗത്തും അപകടങ്ങളും വർധിക്കുകയാണ്. ഇതോടെ പൊലീസ് ബ്ലാക് സ്പോട്ടുകൾ സ്ഥാപിച്ചു തുടങ്ങി. വൻ ഭാരം കയറ്റിയ ലോറികൾ ഇതുവഴി കടന്നുപോകുമ്പോൾ റോഡ് വീണ്ടും തകരുമോ എന്ന ആശങ്കയുണ്ട്.