തിരുവനന്തപുരം ∙ 4 പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനും ലൈഫ് സയൻസസ് പാർക്കിലെ ഇന്നവേഷൻ, ടെക്നോളജി ആൻഡ് ഒൻട്രപ്രനർഷിപ് ഹബ്ബിനു തറക്കല്ലിടാനും ബിജെപി ഭരണം പിടിച്ച തിരുവനന്തപുരം കോർപറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനം ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തും. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു തുടക്കം കുറിക്കാനാണ് ബിജെപിയുടെ പദ്ധതി.
3 പരിപാടികളും നടക്കുന്ന കിഴക്കേക്കോട്ട
പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ് ഷോയാക്കി മാറ്റും. കാൽ ലക്ഷത്തോളം പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും. പുത്തരിക്കണ്ടത്തെ ഔദ്യോഗിക പരിപാടികൾക്കായുള്ള ആദ്യവേദിയിൽ രാവിലെ 10.30ന് തിരുവനന്തപുരം– താംബരം, തിരുവനന്തപുരം– ഹൈദരാബാദ്, നാഗർകോവിൽ– മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ, ഗുരുവായൂർ– തൃശൂർ പാസഞ്ചർ എന്നിവ ഫ്ലാഗ് ഓഫ് ചെയ്യും.
ഇതേ ചടങ്ങിൽ തന്നെയാണ് ഇന്നവേഷൻ, ടെക്നോളജി ആൻഡ് ഒൻട്രപ്രനർഷിപ് ഹബ്ബിന്റെ തറക്കല്ലിടലും നിർവഹിക്കുക.
ലൈഫ് സയൻസസ് മേഖലയിലെ ഡീപ് ടെക് ഇന്നവേഷൻ, സംരംഭകത്വ പരിശീലനം, ആയുർവേദ ഗവേഷണം, സുഗന്ധവ്യഞ്ജന ഇൻകുബേഷൻ, ഗ്രീൻ ഹൈഡ്രജൻ സാങ്കേതിക വിദ്യ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഹബ്. പാപ്പനംകോട് സിഎസ്ഐആറിൽ ഹബ്ബിനായി 10 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.
ഈ ചടങ്ങുകൾക്കു ശേഷം കോർപറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനത്തിനായി സമീപത്തെ പാർട്ടി വേദിയിലേക്ക് പ്രധാനമന്ത്രി മാറും. ഉച്ചയോടെ അദ്ദേഹം മടങ്ങും.
നഗരത്തിൽ ഗതാഗതക്രമീകരണം
തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഗതാഗതക്രമീകരണം ഏർപ്പെടുത്തി.
ഇന്നും നാളെയും ശംഖുമുഖം എയർപോർട്ട് , പുത്തരിക്കണ്ടം കിഴക്കേകോട്ട ഭാഗങ്ങൾ താൽക്കാലിക റെഡ് സോണായി പ്രഖ്യാപിച്ചു.
ഇന്നും നാളെയും ഈ ഭാഗങ്ങളിൽ 2 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ, ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നതും പട്ടം, ബലൂണുകൾ എന്നിവ പറത്തുന്നതും ലേസർബീം ലൈറ്റുകൾ ഉപയോഗിക്കുന്നതും നിരോധിച്ചു. നാളെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഗതാഗതക്രമീകരണം ഏർപ്പെടുത്തി.
രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഡൊമസ്റ്റിക് എയർപോർട്ട് , ശംഖുമുഖം, ഓൾസെയിന്റ്സ്, ചാക്ക, പള്ളിമുക്ക്, പാറ്റൂർ,ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, രക്തസാക്ഷി മണ്ഡപം, വിജെടി മെയിൻ ഗേറ്റ്, സ്റ്റാച്യു, പുളിമൂട്, ആയുർവേദ കോളജ്, ഓവർബ്രിജ്, മേലെപഴവങ്ങാടി, പവർഹൗസ് ജംക്ഷൻ, ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും പാർക്കിങ് അനുവദിക്കില്ല. ശംഖുംമുഖം,ഡൊമസ്റ്റിക് എയർ പോർട്ട്, വലിയതുറ, പൊന്നറപ്പാലം, കല്ലുംമൂട്, അനന്തപുരി ഹോസ്പിറ്റൽ, ഈഞ്ചയ്ക്കൽ, മിത്രാനന്ദപുരം, എസ്പി ഫോർട്ട്, ശ്രീകണ്ഠേശ്വരം പാർക്ക്, തകരപ്പറമ്പ് മേൽപ്പാലം , പവർഹൗസ് ജംക്ഷൻ വരെയും, ചാക്ക,അനന്തപുരി ഹോസ്പിറ്റൽ റോഡിന്റെയും ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.
രാവിലെ 10 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ 1 വരെയും ഗതാഗതം വഴി തിരിച്ചു വിടും. ഡൊമസ്റ്റിക് എയർപോർട്ട് ഭാഗത്ത് നിന്നു ശംഖുമുഖം വഴി പോകുന്ന വാഹനങ്ങൾ വലിയതുറ പൊന്നറ പാലം കല്ല് മൂട് വഴിയും വെട്ടുകാട്, വേളി ഭാഗങ്ങളിൽ നിന്നും ഓൾസെയിൻസ് വഴി പോകുന്ന വാഹനങ്ങൾ മാധവപുരം, വെൺപാലവട്ടം വഴിയും പോകണം. കഴക്കൂട്ടത്ത് നിന്ന് ചാക്ക വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ വെൺപാലവട്ടം, കുമാരപുരം, പട്ടം, കവടിയാർ വഴിയും പിഎംജിയിൽ നിന്ന് പാളയം വഴി പോകുന്ന വാഹനങ്ങൾ എൽഎംഎസ് പബ്ലിക് ലൈബ്രറി,പഞ്ചാപുര വഴിയും വെള്ളയമ്പലം ഭഗത്ത് നിന്നും പാളയം വഴി പോകുന്ന വാഹനങ്ങൾ വഴുതയ്ക്കാട്,
വിമൻസ് കോളജ്,തൈക്കാട് വഴിയും പോകണം.തമ്പാനൂർ നിന്നും ഓവർബ്രിജ് വഴി കിഴക്കേകോട്ട
പോകേണ്ട വാഹനങ്ങൽ ചുരയ്ക്കാട്ട് പാളയം,കിള്ളിപാലം, അട്ടക്കുളങ്ങര വഴി പോകണം.അട്ടക്കുളങ്ങര ഭാഗത്ത് നിന്നും കിഴക്കേകോട്ട
വഴി പോകുന്ന വാഹനങ്ങൾ കിള്ളിപ്പാലം വഴിയോ ഈഞ്ചയ്ക്കൽ വഴിയോ പോകണം.വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള വരുന്നവർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം.ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ലൈ ഓവർ, ഈഞ്ചക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും രാജ്യാന്തര ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ലൈഓവർ, ഈഞ്ചക്കൽ, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകണം.
പാർക്കിങ് ഇങ്ങനെ
നാളെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ വാഹനങ്ങളിൽ എത്തുന്ന പ്രവർത്തകരെ കിള്ളിപ്പാലം, അട്ടകുളങ്ങര, ശ്രീകണ്ഠേശ്വരം പാർക്ക് ഭാഗങ്ങളിൽ ഇറക്കണം. വലിയ വാഹനങ്ങൾ ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട്, ഹോമിയോ കോളജ് ഗ്രൗണ്ട്, ചാല സ്കൂൾ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ട് എന്നിവിടങ്ങളിലും ചെറിയ വാഹനങ്ങൾ ഫോർട്ട് സ്കൂൾ ഗ്രൗണ്ട്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, അട്ടക്കുളങ്ങര ഗവ.
സെൻട്രൽ സ്കൂൾ ഗ്രൗണ്ട്, വെള്ളയമ്പലം ജലഅതോറിറ്റി ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
പ്രധാനമന്ത്രിയുടെ പരിഗണനയ്ക്ക് പദ്ധതികൾ സമർപ്പിച്ച് ബിജെപി
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയെത്തുമ്പോൾ തലസ്ഥാന നഗരവികസനത്തിനായി പദ്ധതികൾ നിർദേശിച്ച് ബിജെപി നേതൃത്വം. നഗര വികസന രേഖ പ്രഖ്യാപിക്കാൻ മേയർ സത്യപ്രതിജ്ഞ ചെയ്ത് 27–ാം ദിവസമാണ് പ്രധാനമന്ത്രിയെത്തുന്നത്.
അധികാരത്തിലെത്തി 45 ദിവസത്തിനു മുൻപ് പ്രധാനമന്ത്രി വികസന രേഖ പ്രഖ്യാപിക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വാഗ്ദാനം നൽകിയിരുന്നത്. വാർഡുകളിൽ നിന്നു ലഭിച്ച അഭിപ്രായങ്ങളിൽനിന്ന് മേയർ വി.വി.
രാജേഷിന്റെ നേതൃത്വത്തിൽ തയാറാക്കിയ വികസന ബ്ലൂപ്രിന്റ് സംസ്ഥാന അധ്യക്ഷൻ വഴി പ്രധാനമന്ത്രിയുടെ ഓഫിസിന് കൈമാറിയിരുന്നു.
കോർപറേഷൻ
വികസനത്തിനായി ബിജെപി മുന്നോട്ടുവച്ച ചില നിർദേശങ്ങൾ.
∙ നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റ്; ഇൻഡോർ മാതൃകയിൽ പദ്ധതി
∙ കോർപറേഷന്റെയും കേന്ദ്രത്തിന്റെയും വിഹിതത്തിനൊപ്പം പ്രമുഖ കമ്പനികളുടെ സിഎസ്ആർ ഫണ്ട് കൂടി ലഭ്യമാക്കി ഒരു വാർഡിൽ 40 വീടുകൾ വീതം വർഷം നാലായിരം വീടുകളും അഞ്ചുവർഷം കൊണ്ട് 20,000 വീടുകളും പൂർത്തിയാക്കുക.
∙ വെള്ളക്കെട്ട് ഒഴിവാക്കാൻ സൂറത്ത് മാതൃകയിൽ 101 വാർഡുകളിലും സമഗ്ര ഡ്രെയിനേജ് പദ്ധതി
∙പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, ബീമാപ്പള്ളി, വെട്ടുകാട് പള്ളി എന്നിവ കേന്ദ്രീകരിച്ച് തീർഥാടന ടൂറിസ പദ്ധതി
∙ തിരുവനന്തപുരം മെട്രോ പദ്ധതിക്ക് അതിവേഗ നടപടി
∙ കടലാക്രമണം നേരിടുന്ന തീരപ്രദേശങ്ങൾക്കായി പ്രത്യേക പദ്ധതി
∙ ജൻഔഷധി മെഡിക്കൽ സ്റ്റോറുകളുടെ ശൃംഖല നഗരത്തിൽ വ്യാപകമാക്കണം
∙ ഗംഗ മിഷൻ മാതൃകയിൽ കരമനയാർ, കിള്ളിയാർ, ആമയിഴഞ്ചാൻ തോട്, പാർവതി പുത്തനാർ എന്നിവ ശുദ്ധീകരിക്കാൻ പദ്ധതി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

