കഴക്കൂട്ടം ∙ മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഹോസ്റ്റലിൽ കയറിയതെന്ന് ടെക്നോപാർക്ക് ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ബെഞ്ചമിന്റെ (35) വെളിപ്പെടുത്തൽ. അകത്തുനിന്നു കുറ്റിയിടാതിരുന്ന മുറിയിൽ കയറി, ഉറങ്ങുകയായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
യുവതി ബഹളം വച്ചതോടെ, ശബ്ദിച്ചാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. തുടർന്ന് ഇറങ്ങിയോടി.
ഹോസ്റ്റലിൽ സെക്യൂരിറ്റി ജീവനക്കാരനോ സിസിടിവി ക്യാമറയോ ഇല്ലെന്നു മനസ്സിലാക്കിയാണ് അവിടെ കയറിയതെന്നും പ്രതി വെളിപ്പെടുത്തി. ആറ്റിങ്ങൽ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ മധുര സ്വദേശിയായ ബെഞ്ചമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തുടർന്ന് ആറ്റിങ്ങൽ സബ് ജയിലിലേക്കു മാറ്റി.പൊലീസ് സ്റ്റേഷനിലെത്തിയ യുവതി ബെഞ്ചമിനെ തിരിച്ചറിഞ്ഞു.
ചോദ്യംചെയ്യലിൽ ബെഞ്ചമിൻ വെളിപ്പെടുത്തിയ വിവരങ്ങൾ: തമിഴ്നാട്ടിൽനിന്ന് സാധനങ്ങളുമായി ലോറിയിൽ വെള്ളിയാഴ്ച വൈകിട്ടാണു തോന്നയ്ക്കലിൽ എത്തിയത്. അവിടെയുള്ള ഗോഡൗണിൽ സാധനങ്ങൾ ഇറക്കിയ ശേഷം സന്ധ്യയോടെ കഴക്കൂട്ടത്തെത്തി.
അവിടെ എലിവേറ്റഡ് ഹൈവേയുടെ അടിപ്പാതയ്ക്കു സമീപം ലോറി ഒതുക്കിയിട്ട ശേഷം ബാറിൽ കയറി മദ്യപിച്ചു.
തുടർന്നു പരിസരപ്രദേശങ്ങളിൽ കറങ്ങിനടന്നു. പിന്നീട് ലോറിയിൽ കിടന്നുറങ്ങി.
രാത്രി12മണിയോടെ ഉണർന്ന് മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെ ഇടറോഡിലൂടെ നടന്നു. ഏതാനും വീടുകളുടെ പരിസരങ്ങളിൽ പരിശോധിച്ചു.
തുടർന്നാണ് ഇരുനില ഹോസ്റ്റലിൽ വെളിച്ചം കണ്ടത്. അവിടെ കയറിയപ്പോൾ താഴത്തെ നിലയിലെ ഒരു മുറിയുടെ വാതിൽ ചാരിയ നിലയിൽ കണ്ടു.
സെക്യൂരിറ്റി ജീവനക്കാരനോ സിസിടിവി ക്യാമറയോ ഇല്ലെന്നു മനസ്സിലാക്കി മുറിയിൽ കയറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു.
യുവതി ഉണർന്ന് നിലവിളിച്ചപ്പോൾ കടന്നുകളഞ്ഞു. ബൈപാസിൽ എത്തി കുറച്ചുനേരം ചെലവഴിച്ച ശേഷം ലോറിയുമായി മധുരയിലേക്കു മടങ്ങി.
സംഭവത്തിൽ താൻ പിടിക്കപ്പെടും എന്നു കരുതിയില്ലെന്നും ബെഞ്ചമിൻ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഹോസ്റ്റലിൽ മറ്റു വനിതകൾ ഉണ്ടായിരുന്നെങ്കിലും പീഡനത്തിനിരയായ യുവതി മുറിയിൽ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്.
ആക്രമണത്തിൽ ഭയന്നുപോയ യുവതി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. അവർ പൊലീസിൽ പരാതി നൽകി.
തുടർന്നാണ് അസി. കമ്മിഷണർ പി.അനിൽകുമാറിന്റെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.
പരിശോധിച്ചത് അൻപതിലേറെ സിസിടിവികൾ
കഴക്കൂട്ടം∙ യുവതിയെ പീഡിപ്പിച്ചശേഷം തമിഴ്നാട്ടിലേക്കു മുങ്ങിയ ബെഞ്ചമിനെ,കഴക്കൂട്ടത്തെ അൻപതിലേറെ സിസിടിവി ക്യാമറകളിൽ നടത്തിയ പരിശോധനയിലാണു പൊലീസ് തിരിച്ചറിഞ്ഞത്.
ലോറിയുടെ വാതിലടയ്ക്കുന്നതിന്റെയും വാഹനം നീങ്ങുന്നതിന്റെയും ശബ്ദം രാത്രി കേട്ടതായി സമീപവാസികളിലൊരാൾ പറഞ്ഞതും വഴിത്തിരിവായി. സംഭവസമയം പ്രദേശത്തു വന്നുപോയ ലോറികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ്, ബെഞ്ചമിൻ നടക്കുന്നതും പിന്നീട് ലോറി ഓടിച്ചു പോകുന്നതും സിസിടിവിയിലൂടെ കണ്ടെത്തി.
സിസിടിവി ക്യാമറയിൽ മുഖം പതിയാതിരിക്കാൻ മോഷ്ടിച്ച കുടയുപയോഗിച്ച് മറച്ചാണ് ഇയാൾ നടന്നത്.
പ്രതി ബെഞ്ചമിൻ തന്നെയാണെന്ന് ഉറപ്പിച്ച പൊലീസ്,ലോറിയുടെ നമ്പർ കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ ഇയാളുടെ വിലാസവും ഫോൺ നമ്പരും സംഘടിപ്പിച്ചു. ലോറി ബെഞ്ചമിന്റെ സ്വന്തമായിരുന്നതിനാൽ പ്രതിയുടെ വിവരങ്ങളെല്ലാം ലഭിച്ചു.
മധുരയിലേക്കു തിരിച്ച ഡാൻസാഫ് സംഘം സൈബർ സംഘത്തിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കാടുകയറിയ സ്ഥലത്ത് ഒരു സ്ത്രീക്കൊപ്പമാണ് ഇയാളെ അവിടെ കണ്ടെത്തിയത്.
നേരിയ സംഘട്ടനത്തിനൊടുവിലാണ് സംഘം ഇയാളെ കീഴ്പ്പെടുത്തിയത്. ഇയാൾക്കെതിരെ തമിഴ്നാട്ടിൽ സമാനമായ കേസുകളുണ്ടെന്നാണു സൂചനയെന്നു പൊലീസ് പറഞ്ഞു.
സുരക്ഷ ശക്തമാക്കാൻ പൊലീസ്
കഴക്കൂട്ടം ∙ ടെക്നോപാർക്കിലെ ജീവനക്കാരി അതിക്രമം നേരിട്ട
സാഹചര്യത്തിൽ കഴക്കൂട്ടത്ത് സുരക്ഷ കൂടുതൽ ശക്തമാക്കുമെന്നും പൊലീസ് പട്രോളിങ് വിപുലമാക്കുമെന്നും കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മിഷണർ പി.അനിൽകുമാർ പറഞ്ഞു.ഹോസ്റ്റലുകളിലും മറ്റു താമസസ്ഥലങ്ങളിലും നിർബന്ധമായും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും കൂടുതൽ വനിതകൾ താമസിക്കുന്ന ഹോസ്റ്റലുകളിൽ സെക്യൂരിറ്റി ജീവനക്കാരെ നിർത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.ഹോസ്റ്റലുകളിൽ താമസിക്കുന്നവർ മുറി അടയ്ക്കാതെ ഉറങ്ങരുത്.താമസക്കാരുടെ വിലാസവും അവരുടെ സുരക്ഷയ്ക്കായി സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശങ്ങളും പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന നിർദേശം ഹോസ്റ്റൽ ഉടമകൾക്കും പേയിങ് ഗെസ്റ്റായി പെൺകുട്ടികളെ താമസിപ്പിക്കുന്ന വീട്ടുകാർക്കും നേരത്തേ നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

