വെള്ളറട (തിരുവനന്തപുരം) ∙ തൊഴിലുറപ്പ് ജോലിയുടെ ഇടവേളയിൽ കലുങ്കിലിരുന്ന് പ്രഭാതഭക്ഷണം കഴിക്കുകയായിരുന്ന തൊഴിലാളികളുടെമേൽ തെങ്ങ് കടപുഴകിവീണ് രണ്ടു സ്ത്രീകൾ മരിച്ചു.
ഒരാൾ കലുങ്കിന്റെ സ്ലാബിലും തെങ്ങിനുമിടയിൽ ഞെരുങ്ങിയും മറ്റൊരാൾ തെങ്ങിനടിയിൽപ്പെട്ടുമാണു മരിച്ചത്. രണ്ടുപേർക്ക് പരുക്കേറ്റു.
കുന്നത്തുകാൽ ചാവടി ദർശന നിലയത്തിൽ ആർ.ശ്രീകുമാറിന്റെ ഭാര്യ എസ്.വസന്ത(68), കുന്നത്തുകാൽ തൊളിയറ കിഴക്കേക്കര പുത്തൻ വീട്ടിൽ പരേതനായ ബി.രാമചന്ദ്രൻ നായരുടെ ഭാര്യ പി.ചന്ദ്രിക(64) എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെ ചാവടിനട വാർഡിൽ കൊന്നാനൂർക്കോണം കനാലിലാണു സംഭവം.തൊളിയറ തോട് പുനരുദ്ധാരണത്തിനായി കാടുംപടലും വൃത്തിയാക്കൽ 3 ദിവസമായി നടന്നുവരികയായിരുന്നു.
48 പേരാണ് ജോലിയിലുണ്ടായിരുന്നത്. പത്തു മണിയോടെ പ്രഭാതഭക്ഷണത്തിന് പലയിടത്തായി ഇരുന്നു.
വസന്ത കനാലിനു കുറുകെയുള്ള കലുങ്കിന്റെ കോൺക്രീറ്റ് സ്ലാബിലും ചന്ദ്രിക, സ്നേഹലത, ഉഷ എന്നിവർ കനാലിന്റെ വരമ്പിലുമാണിരുന്നത്. കനാലിനോടു ചേർന്നുള്ള പുരയിടത്തിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു.
വസന്തയുടെ നെഞ്ചിലേക്കാണു തെങ്ങ് പതിച്ചത്.സ്ലാബ് തകർന്ന് കനാലിലേക്കു പതിച്ച വസന്ത, തെങ്ങിനും സ്ലാബിനും ഇടയിൽ ഞെരുങ്ങി തൽക്ഷണം മരിച്ചു. ചന്ദ്രികയും തെങ്ങിനടിയിൽപ്പെട്ട് അബോധാവസ്ഥയിലായി.
നാട്ടുകാരാണ് ഇരുവരെയും 500 മീറ്ററോളം ചുമന്ന് മെയിൻ റോഡിലെത്തിച്ചത്. തുടർന്ന് ആംബുലൻസിൽ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
തെങ്ങ് പതിച്ച് സ്നേഹലതയുടെ ഇടതു കാലൊടിഞ്ഞു. ഉഷയുടെ വലതുകാലിന് ചതവുമുണ്ട്.
വസന്തയുടെയും ചന്ദ്രികയുടെയും മൃതദേഹങ്ങൾ കുന്നത്തുകാൽ പഞ്ചായത്ത് ഓഫിസ് പരിസരത്ത് പൊതുദർശനത്തിനുവച്ചു.വസന്തയുടെ മൃതദേഹം കുന്നത്തുകാൽ പൊതുശ്മശാനത്തിലും, ചന്ദ്രികയുടെ മൃതദേഹം വീട്ടുവളപ്പിലും ഇന്നലെ രാത്രി സംസ്കരിച്ചു. വസന്തയുടെ മക്കൾ: എസ്.ദിനേശ്, വി.ദർശന.
മരുമക്കൾ: ഐ.രമ്യ, ആർ.രാജേഷ്. ചന്ദ്രികയുടെ മക്കൾ: സന്ദീപ് ചന്ദ്രൻ , സന്ധ്യ ചന്ദ്രൻ.
മരുമക്കൾ: ശരണ്യ, ഷാജികുമാർ. വെള്ളറട
പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കണ്ണീർ തോരാതെ രണ്ടു വീടുകൾ,അപകടത്തിൽ വിറങ്ങലിച്ച് നാട്
തിരുവനന്തപുരം ∙ ‘കാപ്പിയും ഉച്ചയൂണും തയാറാക്കി വച്ചിട്ടാണ് അമ്മ ജോലിക്കു പോയത്…വേഗം വരാമെന്നും പറഞ്ഞു.. പിന്നീട് കേട്ടത് അമ്മ മരിച്ചെന്നാണ്…’ ചാവടിനട
വാർഡിൽ കൊന്നാനൂർക്കോണം കനാലിൽ തെങ്ങു വീണു മരിച്ച പി.ചന്ദ്രികയുടെ മകൻ സന്ദീപ് ചന്ദ്രൻ വിതുമ്പി. എസ്.വസന്തയുടെ മരണത്തിൽ തകർന്നിരിക്കുകയാണ് മകൻ എസ്.ദിനേശ്.
പ്രായമായിട്ടും ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്ന നിലപാടായിരുന്നു ചന്ദ്രികയ്ക്കും വസന്തയ്ക്കും.
പ്രായത്തിന്റെ അവശതകൾ വകവയ്ക്കാതെ ഇരുവരും തൊഴിലുറപ്പ് ജോലിക്കിറങ്ങിയതും അതുകൊണ്ടാണെന്നു ബന്ധുക്കൾ പറഞ്ഞു.ജലസേചനത്തിനായി ഉപയോഗിക്കുന്ന കൊന്നാനൂർക്കോണം തൊളിയറ തോട് പുനരുദ്ധാരണ ജോലി ലഭിച്ചപ്പോൾ 8 ദിവസത്തെ ജോലി ലഭിക്കുമെന്ന സന്തോഷത്തിലാണ് ഇരുവരും പോയതെന്നു ബന്ധുക്കൾ ഓർക്കുന്നു.ഇരുവരുടെയും വീടിനടുത്താണു കൊന്നാനൂർക്കോണം കനാൽ. അപകടവിവരം നിമിഷങ്ങൾക്കുള്ളിൽ ഇരുവരുടെയും വീടുകളിലെത്തിയതോടെ കൂട്ടനിലവിളിയായി.
അപ്രതീക്ഷിതമായുണ്ടായ അപകടം കുന്നത്തുകാലിനെ കണ്ണീരിലാഴ്ത്തി.
ജനപ്രതിനിധികൾ അടക്കം ഒട്ടേറെ പേരാണ് ഇന്നലെ ചന്ദ്രികയ്ക്കും വസന്തയ്ക്കും അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
സി.കെ.ഹരീന്ദ്രൻ എംഎൽഎ, സബ് കലക്ടർ ഒ.വി.ആൽഫ്രഡ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ, കുന്നത്തുകാൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി, വൈസ് പ്രസിഡന്റ് ജി.കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ നേതാക്കൾ തുടങ്ങിയവർ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു.
ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ;നടുക്കം മാറാതെ ഉഷ
തിരുവനന്തപുരം ∙ ‘എന്നെ തൊട്ടു ചേർന്നിരുന്നാണ് ചന്ദ്രിക ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത്. തെങ്ങ് മറിഞ്ഞ് ചന്ദ്രികയുടെ ശരീരത്തിൽ വീണതു മാത്രം എനിക്കോർമയുണ്ട്.
അവൾ നിലവിളിച്ചതു പോലുമില്ല. ഒരു വശത്തേക്ക് അവൾ ചരിഞ്ഞു വീണതു മാത്രം എനിക്കോർമയുണ്ട്..
ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ…..’–കുന്നത്തുകാൽ വള്ളൂർ വീട്ടിൽ ഉഷ പൊട്ടിക്കരഞ്ഞു.
മരിച്ച ചന്ദ്രികയുടെ ഉറ്റ കൂട്ടുകാരിയാണ് ഉഷ. ഇവരുടെ വീടുകൾ അടുത്താണ്.‘ഒരുമിച്ചാണ് ജോലിക്കു പോകാറുള്ളത്.
ഇന്നലെ ഒരുമിച്ചാണ് പോയത്. പ്രഭാത ഭക്ഷണം കഴിക്കാൻ ചന്ദ്രികയും ഞാനും സ്നേഹലതയും കനാലിന്റെ വരമ്പിൽ ഇരുന്നു.
അപ്പോഴാണ് പെട്ടെന്ന് സമീപത്തെ പുരയിടത്തിൽ നിന്ന തെങ്ങ് ഞങ്ങളുടെ മേൽ പതിച്ചത്. തെങ്ങിന്റെ ഒരു ഭാഗം എന്റെ വലതുകാലിൽ വീണ് ചതവും സംഭവിച്ചു.’ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]