
സ്റ്റേഷനിലെ പീഡനം; നിലപാടിലുറച്ച് ബിന്ദു, നടപടി ഇതുപോരാ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലോട്∙ മാല മോഷണക്കേസിൽ തന്നെ മാനസികമായി തളർത്തി ആത്മഹത്യയുടെ വക്കിലെത്തിച്ച പേരൂർക്കട സ്റ്റേഷനിലെ പ്രസന്നൻ അടക്കമുള്ള രണ്ടു പൊലീസുകാർക്കെതിരെയും കള്ളക്കേസ് നൽകിയ വീട്ടുടമ ഓമന ഡാനിയേലിനെതിരെയും നടപടി വേണമെന്നതിൽ ഉറച്ചു നിൽക്കുന്നതായി ആർ. ബിന്ദു പറഞ്ഞു.വെള്ളം പോലും തരാത്ത പൊലീസിന്റെ ക്രൂരത ഇനി ആരോടും കാണിക്കരുത്. ജാതിയുടെയോ, നിറത്തിന്റെയോ പേരിൽ മുൻവിധിയോടു കൂടി ആരോടും പെരുമാറരുത്.
തൊണ്ട വരണ്ടപ്പോൾ ശുചിമുറിയിലെ വെള്ളം കുടിക്കാൻ പറഞ്ഞ പൊലീസിന് ഇതൊരു പാഠമായിരിക്കണം. ആത്മഹത്യയുടെ വക്കിൽ എത്തിയെങ്കിലും മക്കളുടെ ഭാവി ഓർത്താണ് അത് ചെയ്യാത്തത്. ഭർത്താവും കുടുംബവും പിന്തുണ നൽകിയതു കൊണ്ട് പിടിച്ചു നിന്നു. ആ വീട്ടിൽ മൂന്നു ദിവസം മാത്രമാണ് പണിക്കു നിന്നത്. ജോലി ഭാരം കൂടുതലായതിനാലാണ് പിന്നെ പോകാതിരുന്നത്. അവർ ഇതുവരെ വിളിച്ചിട്ടില്ല. നാലു വർഷത്തോളമായി താൻ വീട്ടുവേലയ്ക്കു പോയിട്ടുള്ള വീടുകളിൽ നിന്ന് ഒരു പരാതിയും ഉണ്ടായിട്ടില്ല. ഇപ്പോഴും പലരും വിളിക്കുന്നുണ്ട്. നാട്ടുകാർ അറിഞ്ഞാൽ പലരും തന്നെ കള്ളിയായി മുദ്രകുത്തും എന്നു വിചാരിച്ചാണ് കള്ളക്കേസ് മാധ്യമങ്ങളെ അറിയിക്കാൻ വൈകിയത്. എന്നാൽ താൻ നിരപരാധി ആയതു കൊണ്ടാണ് രംഗത്തിറങ്ങിയത്. സർക്കാർ നടപടി സ്വീകരിക്കും എന്നു തന്നെയാണ് വിശ്വാസമെന്നും ബിന്ദു പറഞ്ഞു.
മാലയെടുത്തതിൽ വീട്ടുടമയുടെ ബന്ധുവിനെ സംശയമുണ്ടെന്ന് ബിന്ദു ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകും.വീട്ടിലെ സിസിടിവിയിൽ ബിന്ദു മാലയെടുക്കുന്നതിന്റെ ദൃശ്യമുണ്ടെന്നും കൂടുതൽ പരാതിയുമായി പോയാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നു ബിന്ദുവിനെ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും കേരള ദലിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വിനീത വിജയൻ പറഞ്ഞു. ബിന്ദുവിനെ നിശ്ശബ്ദമാക്കാനാണ് നീക്കമെന്നും ആരോപിച്ചു. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് കേരള ദലിത് മഹിളാ ഫെഡറേഷൻ അറിയിച്ചു.മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു
പാലോട്∙ ബിന്ദുവിനെ മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു. പരാതി പരിശോധിക്കുമെന്നും നീതി ഉറപ്പു വരുത്തുമെന്നും മന്ത്രി ‘മനോരമ’യോട് പറഞ്ഞു. എംഎൽഎമാരായ ഡി.കെ. മുരളി,വി. ജോയി എന്നിവരും ഒപ്പമുണ്ടായിരുന്നു.ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന, ജില്ലാ നേതാക്കൾ വീട്ടിലെത്തി പിന്തുണ അറിയിച്ചു. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത് ഖേദകരമായ സംഭവമാണെന്നും സർക്കാർ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.കേന്ദ്ര കമ്മിറ്റി അംഗം എം. ജി. മീനാംബിക, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.പുഷ്പലത, ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷൈലജ ബീഗം എന്നിവരാണ് ബിന്ദുവിന്റെ വീട്ടിലെത്തിയത്.