തിരുവനന്തപുരം ∙ പാർട്ടിക്കെതിരെ പരസ്യ സൂചനകൾ നൽകിയ സമയത്ത് ജി.സുധാകരനെ 3 തവണ വിളിക്കാൻ ശ്രമിച്ചെന്നും അദ്ദേഹത്തെ ഫോണിൽ കിട്ടിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി സുധാകരനോട് ഒരു അവഗണനയും കാട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ ചാനലുകൾക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
വാർത്തകൾ ചിലത് വന്നെങ്കിലും പാർട്ടിക്കെതിരെ നിലപാട് സുധാകരനിൽ നിന്നുണ്ടാകുമെന്നു കരുതിയിരുന്നില്ല. ഗൗരവമായി ചിലത് സംഭവിക്കാൻ പോകുന്നെന്ന് തോന്നിയപ്പോൾ അദ്ദേഹത്തെ വിളിച്ചെങ്കിലും ഫോൺ എൻഗേജ്ഡ് ആയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ റിങ് ചെയ്തെങ്കിലും എടുത്തില്ല. മറ്റെന്തോ കാര്യത്തിലായിരിക്കുമെന്നു വിചാരിച്ച് മൂന്നാമതും വിളിച്ചു.
അപ്പോഴും എടുക്കാതിരുന്നപ്പോൾ ബോധപൂർവമാണെന്നു തോന്നി. പല തവണ ഞാൻ ബന്ധപ്പെടാൻ ശ്രമിച്ച കാര്യം സുധാകരനെ ജില്ലാ സെക്രട്ടറി ആർ.നാസർ അറിയിച്ചെങ്കിലും കോൾ കണ്ടില്ലെന്നായിരുന്നു മറുപടി.
അപ്പോൾ വിളിച്ച് കണക്ട് ചെയ്യാമെന്ന് നാസർ പറഞ്ഞെങ്കിലും ഇപ്പോൾ വേണ്ടെന്നും വിളിച്ചു കൊള്ളാമെന്നുമുള്ള പ്രതികരണമാണ് സുധാകരനിൽ നിന്നുണ്ടായത്. മുൻപു പാർട്ടിയുടെ പ്രധാനിയും അവസാന വാക്കായും നിന്നവർ പ്രായപരിധിയുടെ പേരിൽ മാറുമ്പോൾ അവഗണിക്കപ്പെടുന്നെന്ന തോന്നൽ ഉണ്ടാകാം.
ആ സാഹചര്യം ഉൾക്കൊള്ളാൻ സുധാകരനെപ്പോലൊരാൾക്ക് കഴിയേണ്ടതായിരുന്നു. പക്ഷേ, അതുണ്ടായില്ല.
ജി.സുധാകരനും കണ്ണൂരിലെ ടി.കെ.ഗോവിന്ദനും പാർട്ടിയോട് വഞ്ചന കാട്ടി.
അവരും വി.കുഞ്ഞിക്കൃഷ്ണനും എതിരാളികളുടെ കോടാലിക്കൈകളായി മാറി. അത് പാർട്ടിയെ തിരഞ്ഞെടുപ്പിൽ ബാധിക്കില്ല.
എന്നാൽ, ദീർഘകാല പാർട്ടി പാരമ്പര്യമുള്ള ഇവർ അങ്ങനെയൊരു നിലപാടെടുത്തത് ഗൗരവത്തോടെ പാർട്ടി കാണുന്നു. പി.കെ.ശ്യാമള എന്ന വ്യക്തിക്കാണ് തളിപ്പറമ്പ് സീറ്റ് നൽകിയത്.
അല്ലാതെ എം.വി.ഗോവിന്ദന്റെ ഭാര്യ എന്ന നിലയ്ക്കല്ല. തളിപ്പറമ്പ് സീറ്റിൽ ഒരു വനിതയെ നിർത്താൻ തീരുമാനിച്ചപ്പോൾ ആദ്യം ഉയർന്നു വന്നത് ശ്യാമളയുടെ പേരാണ്.
കെ.കെ.ശൈലജയെ ഭാവി മുഖ്യമന്ത്രിയായോ പിൻഗാമിയായോ ജനങ്ങൾ കണ്ടിരുന്നില്ലേ എന്ന ചോദ്യത്തിന് ‘ഞങ്ങളുടെ ഇടയിൽ അങ്ങനെ ഒരു ധാരണയില്ല എന്നതാണ് യാഥാർഥ്യം.
അടുത്ത മുഖ്യമന്ത്രി ആരാകണം എന്നു മുൻകൂട്ടി തീരുമാനിക്കുന്ന രീതി സിപിഎമ്മിനില്ല.
ഓരോ ഘട്ടത്തിലും അതതു സമയത്തെ സാഹചര്യം പരിഗണിച്ചാണ് തീരുമാനിക്കുന്നത്’ എന്നായിരുന്നു മറുപടി. ഉറച്ച മണ്ഡലങ്ങളിൽ പുതിയ മുഖങ്ങളെ കൊണ്ടുവരാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് എ.എൻ.ഷംസീർ തലശ്ശേരിയിൽ നിന്ന് ഒഴിഞ്ഞതും മട്ടന്നൂരിൽ നിന്നു ശൈലജയെ മാറ്റി പേരാവൂരിൽ തീരുമാനിച്ചതും.
ശബരിമല യുവതീപ്രവേശത്തിന്റെ കാര്യത്തിൽ ഇപ്പോൾ വ്യക്തമാക്കിയ നിലപാട് 2006 ൽ തന്നെ പറഞ്ഞതാണെന്നും പിണറായി പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിലും ആരോപണങ്ങൾ
മകൾക്കെതിരെയുള്ള ആരോപണങ്ങളിൽ കൂടുതൽ വിശദീകരണത്തിന് പോകേണ്ട കാര്യമുണ്ടെന്നു തോന്നിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തന്നെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമാണ് അതെല്ലാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇങ്ങനെ ചില ആരോപണങ്ങൾ ഉയർന്നു വന്നപ്പോൾ ‘എന്താ, എന്നെക്കുറിച്ച് ഒന്നും പറയാതിരുന്നത്’ എന്നാണ് ചെറുമകൻ ചോദിച്ചത്.
ബാക്കി എല്ലാവരെക്കുറിച്ചും പലതും പറഞ്ഞിരുന്നു.
അഭിമുഖം കണ്ടിട്ട് പറയാം
ആലപ്പുഴ ∙ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ലെന്നു മുഖ്യമന്ത്രി ടിവി ചാനൽ അഭിമുഖത്തിൽ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്ന് മുൻമന്ത്രി ജി.സുധാകരൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായതിനാൽ അഭിമുഖം കാണാൻ കഴിഞ്ഞില്ല.
അഭിമുഖം കാണാതെ പ്രതികരിക്കാനാവില്ലെന്നും സുധാകരൻ മറുപടി നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

