തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും ഡിആറും 13% കൂടുന്നതോടെ ശമ്പളത്തിലുണ്ടാകുന്ന വർധന 2990 മുതൽ 21,684 രൂപ വരെ. സർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാണ്.
കൂടിയത് 1,66,800 രൂപയും. ഫെബ്രുവരിയിലെയും മാർച്ചിലെയും ഡിഎ വർധന നടപ്പാകുന്നതോടെ ജീവനക്കാർക്ക് ഒറ്റയടിക്കു ശമ്പളം ഉയരും.
സാധാരണ, സർക്കാരുകൾ പടിയിറങ്ങും മുൻപു നിശ്ചിത ശതമാനം ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ച് ശമ്പളം പരിഷ്കരിക്കുകയാണു പതിവ്. എന്നാൽ, ഇത്തവണ ശമ്പളപരിഷ്കരണ കമ്മിഷനെ നിയമിക്കുന്നതു നീട്ടിക്കൊണ്ടുപോയി പകരം ഡിഎ കുടിശിക വിതരണം ചെയ്ത് ജീവനക്കാരെ തൃപ്തിപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപ് കമ്മിഷനെ നിയമിക്കാനാണു നീക്കം. അതിനാൽ റിപ്പോർട്ട് സമർപ്പണവും പരിഷ്കരണവും അടുത്ത സർക്കാരിന്റെ കാലത്താകും നടപ്പാകുക.
വിതരണം ചെയ്യേണ്ടിവരുന്നത് 286 മാസത്തെ കുടിശിക
തിരുവനന്തപുരം ∙ ഇനി സർക്കാർ ജീവനക്കാരുടെ മുഖ്യ ആവശ്യം ഇതുവരെ അനുവദിച്ച ഡിഎയുടെ കുടിശിക.
ആകെ 286 മാസത്തെ കുടിശികയാണ് കിട്ടാനുള്ളത്. കഴിഞ്ഞ ശമ്പളപരിഷ്കരണത്തിനു ശേഷം 2021 ജൂലൈ 1 മുതലുള്ള ഡിഎ കുടിശികയ്ക്കാണു ജീവനക്കാർക്ക് അർഹതയുള്ളത്.
ഇതിൽ 2023 ജൂലൈ 1 മുതൽ നൽകേണ്ട 3% ഡിഎ വരെയാണ് ഇതുവരെ അനുവദിച്ചത്.
ബാക്കിയുള്ള 10% ഡിഎ മാർച്ചിലെ ശമ്പളത്തിനൊപ്പം വിതരണം ചെയ്യുമെന്നാണു സർക്കാർ പ്രഖ്യാപനം. ഇതനുസരിച്ച് അനുവദിച്ചതും അനുവദിക്കാനിരിക്കുന്നതുമായി 9 ഗഡുക്കളുടെ കുടിശികയാണു നൽകേണ്ടിവരുന്നത്.
ജീവനക്കാർക്ക് കിട്ടേണ്ടതാകട്ടെ 2 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ്. ഇതിൽ ആദ്യ ഗഡുവിന്റെ കുടിശിക അടുത്ത സാമ്പത്തിക വർഷം നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
ഡിഎ കുടിശിക വിതരണം ചെയ്യുന്നതു സംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കുമെന്നു ധനവകുപ്പ് വ്യക്തമാക്കി.
പത്താം ശമ്പളപരിഷ്കരണമനുസരിച്ചു വേതനം കൈപ്പറ്റുന്നവർക്ക് 72%, ഒൻപതാം കമ്മിഷനിൽ 230%, എട്ടാം കമ്മിഷനിൽ 466%, ഏഴാം കമ്മിഷനിൽ 525% എന്നിങ്ങനെയാണു പുതുക്കിയ ഡിഎയും ഡിആറും. ആറാം യുജിസി സ്കെയിൽ അധ്യാപകർക്ക് 257%, 2020ൽ യുജിസി പെൻഷൻ പരിഷ്കരിച്ചവർക്ക് 58%, പരിഷ്കരിക്കാത്തവർക്ക് 257% എന്നിങ്ങനെയാകും പുതിയ ഡിഎ/ഡിആർ നിരക്ക്.
വർധന മൂലമുണ്ടാകുന്ന തദ്ദേശസ്ഥാപനങ്ങളിലെ അധികച്ചെലവ് അവർ തനതു ഫണ്ടിൽനിന്നു വഹിക്കണം. സർക്കാർ ജീവനക്കാർക്കു സമാനമായി ശമ്പളം നിർണയിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇൗ ഡിഎ വർധന നടപ്പാക്കാം.
എന്നാൽ, സ്വന്തമായി ശമ്പളം പരിഷ്കരിക്കുന്ന കെഎസ്ഇബി, കെഎസ്ആർടിസി തുടങ്ങിയവയ്ക്ക് ഇതു ബാധകമല്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

