തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമാണ ഉദ്ഘാടനത്തിന് തയാറെടുക്കുമ്പോഴും ബാലരാമപുരം–വിഴിഞ്ഞം ഭൂഗർഭ റെയിൽ പാതയുടെ കരാർ ക്ഷണിക്കുന്നതിൽ സംസ്ഥാന സർക്കാരിന് അലംഭാവം. ആർബിട്രേഷൻ വ്യവസ്ഥ തീരുമാനിക്കാൻ നിയമവകുപ്പിനു കൈമാറിയ ഫയലിന്റെ നീക്കമാണ് സ്തംഭിച്ചത്.
6 മാസം മുൻപാണു കരാർ രേഖകൾ വിഴിഞ്ഞം തുറമുഖ കമ്പനിക്ക് കൊങ്കൺ റെയിൽവേ കൈമാറിയത്.
ഡിസംബറിൽ കരാർ ക്ഷണിച്ചു നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു നടപടികൾ പൂർത്തിയാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു കൊങ്കൺ റെയിൽവേ. വൈകുന്തോറും പദ്ധതി ചെലവു കൂടും. 2028ൽ പാത കമ്മിഷൻ ചെയ്യാനും കഴിയില്ല.
നബാർഡ് വായ്പ ഉപയോഗിച്ചാണു പാത നിർമിക്കേണ്ടത്. ഇതിൽ നിന്ന് 193 കോടി രൂപ അനുവദിച്ചിട്ടും ഭൂമിയേറ്റെടുക്കാനും കഴിഞ്ഞിട്ടില്ല. 10.7 കിലോമീറ്റർ ദൈർഘ്യമുള്ള പാത 1482 കോടി രൂപ ചെലവിൽ നിർമിക്കാൻ 2025 മാർച്ചിലാണു സർക്കാർ ഭരണാനുമതി നൽകിയത്. 4.6 ഹെക്ടറാണ് ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ വില്ലേജുകളിലായി ഏറ്റെടുക്കേണ്ടത്.
തുറമുഖത്തിന്റെ അടുത്ത ഘട്ടങ്ങളുടെ നിർമാണോദ്ഘാടനം 24ന്
കോവളം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ അടുത്ത ഘട്ടങ്ങളുടെ നിർമാണം 24ന് വൈകിട്ടു 4നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി വി.എൻ.വാസവൻ.
നിർമാണോദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യ കരാർ പ്രകാരം 2045ൽ നിർമാണം പൂർത്തിയാക്കുമെന്നു പറഞ്ഞിരുന്നു. പുതുക്കിയ കരാർ പ്രകാരം 2028ൽ പദ്ധതി പൂർണത കൈവരിക്കും.
10,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്.
2024 ഡിസംബർ 3നാണ് വാണിജ്യാടിസ്ഥാനത്തിലുള്ള തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനോടകം 670 കപ്പലുകളിലായി 14.5 ലക്ഷം കണ്ടെയ്നറുകൾ തുറമുഖത്ത് എത്തി. കണ്ടെയ്നറുകളുടെ കരയിലൂടെയുള്ള നീക്കത്തിനായി അപ്രോച്ച് റോഡും നിർമിച്ചിട്ടുണ്ട്.
ഇതിന്റെ ഉദ്ഘാടനവും 24നു നടക്കും. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം ഒരിക്കലും തടസ്സപ്പെടുത്താൻ അനുവദിക്കില്ല. തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഇതുവരെ 116 കോടി രൂപ കൈമാറി.
കുടിവെള്ള പ്രശ്നം പരിഹരിച്ചു. വിഴിഞ്ഞം പ്രദേശത്തെ സ്കൂളുകളുടെ വികസനം സാധ്യമാക്കിയതായും മന്ത്രി പറഞ്ഞു.
എം.വിൻസന്റ് എംഎൽഎ അധ്യക്ഷനായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

