തിരുവനന്തപുരം∙ കഴക്കൂട്ടത്ത് ഐടി മേഖലയിലെ വനിതാ ജീവനക്കാർക്ക് എതിരായി അതിക്രമങ്ങൾ വർധിച്ചിട്ടും സുരക്ഷ ഒരുക്കാതെ നോക്കുകുത്തിയായി പൊലീസ്. വനിതാ ജീവനക്കാർക്ക് എതിരായ അതിക്രമങ്ങൾ തടയാനും പരാതികൾ കേൾക്കാനും ടെക്നോപാർക്കിലെ പ്രധാന കവാടത്തിൽ പൊലീസ് ആരംഭിച്ച വനിതാ ഹെൽപ് ഡെസ്ക് അടച്ചുപൂട്ടിയിട്ട് വർഷങ്ങളായി.
ഇന്ധന ക്വോട്ട കുറവാണെന്നു പറഞ്ഞു രാത്രികാല പട്രോളിങ്ങും വെട്ടിക്കുറച്ചു.
2 മാസമായി കഴക്കൂട്ടം ബൈപാസിൽ രാത്രി പൊലീസ് സാന്നിധ്യമില്ല.
ഇതോടെ അതിക്രമങ്ങൾ വർധിച്ചുവെന്നും ടെക്കികൾ പറയുന്നു. ഏറെ കൊട്ടിഘോഷിച്ച് ടെക്നോപാർക്കിൽ പൊലീസ് ആരംഭിച്ച വനിതാ ഹെൽപ് ഉദ്യോഗസ്ഥ ക്ഷാമത്തിന്റെ പേരിലാണ് അടച്ചിട്ടത്.
എയ്ഡ് പോസ്റ്റ് മുറിയിൽ രാവിലെ 8 മുതൽ രാത്രി 8 വരെ രണ്ട് വനിതാ ഉദ്യോഗസ്ഥരാണ് ഇവിടെ ഉണ്ടായിരുന്നത്. സഹപ്രവർത്തകരിൽ നിന്നുള്ള മോശം പെരുമാറ്റം, യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന അതിക്രമം, തൊഴിൽ പീഡനം തുടങ്ങി ഒട്ടേറെ പരാതികൾ ഇവിടെ ലഭിക്കുകയും ഉടൻ നടപടി ഉണ്ടാകുകയും ചെയ്തിരുന്നു.
പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി പരാതി നൽകാനുള്ള ബുദ്ധി മുട്ടുകൾ ചൂണ്ടിക്കാണിച്ച് വനിതാ ജീവനക്കാർ നൽകിയ നിവേദനം പരിഗണിച്ചായിരുന്നു പാർക്കിനു മുൻപിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചത്.
ഹെൽപ് ഡെസ്ക് ഇല്ലാതായതോടെ പരാതികൾ പൊലീസ് സ്റ്റേഷനിൽ എത്താതെ ഒതുക്കി തീർക്കുന്ന നിലയായി. അടുത്തയിടെ ലിഫ്റ്റിന് ഉള്ളിൽ ഒരു വനിതാ ജീവനക്കാരിയെ സഹപ്രവർത്തകൻ കടന്നു പിടിച്ച സംഭവം ഒതുക്കി തീർത്തതാണ് ഒടുവിലത്തെ സംഭവം.
ജീവനക്കാരി പരാതി നൽകാൻ ആദ്യം തയാറായെങ്കിലും സഹപ്രവർത്തകരിൽ ചിലരുടെ സമ്മർദം കാരണം പിൻവാങ്ങുകയായിരുന്നു. ടെക്നോപാർക്കിൽ അടക്കം സംസ്ഥാനത്തെ ഐടി പാർക്കുകൾക്കു സമീപമുള്ള 6 പൊലീസ് സ്റ്റേഷനുകളിൽ വനിതാ പൊലീസുകാരുടെ 47 അധിക തസ്തിക സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി നൽകിയ ശുപാർശ സർക്കാർ തള്ളിക്കളഞ്ഞു.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അധിക തസ്തിക സൃഷ്ടിക്കാൻ കഴിയാത്തതിനാൽ പൊലീസ് സ്റ്റേഷനുകളിൽ അത്യാവശ്യമുള്ള വനിതാ പൊലീസ് തസ്തികകൾ പുനർവിന്യാസത്തിലൂടെ നിയമിക്കാനായിരുന്നു നിർദേശം.
എന്നാൽ ജനത്തിരക്കുള്ളതും വലിയതോതിൽ പൊലീസ് സാന്നിധ്യം ആവശ്യമുള്ള സ്ഥലങ്ങളിലാണ് ഐടി പാർക്കുകൾ സ്ഥിതി ചെയ്യുന്നതെന്നും പുനർവിന്യാസത്തിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട് ഉണ്ടെന്നുമാണ് പൊലീസ് നൽകിയ മറുപടി.
തിരുവനന്തപുരം ടെക്നോ പാർക്കിനു സമീപത്തെ കഴക്കൂട്ടം, തുമ്പ പൊലീസ് സ്റ്റേഷനുകൾ, കൊച്ചി ഐടി പാർക്കിനു സമീപത്തെ ഇൻഫോപാർക്ക്, തൃക്കാക്കര സ്റ്റേഷനുകൾ, കോഴിക്കോട് സൈബർ പാർക്ക്, യുഎൽ സൈബർ പാർക്ക് എന്നിവ സ്ഥിതി ചെയ്യുന്ന മെഡിക്കൽകോളജ് സ്റ്റേഷൻ, തൃശൂർ ഇൻഫോപാർക്കിനു സമീപത്തെ കൊരട്ടി സ്റ്റേഷൻ എന്നിവിടങ്ങളിലെ അംഗബലം ഉയർത്തണമെന്നായിരുന്നു ആവശ്യം. സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് തുടങ്ങിയവരുടെ ക്ഷേമം സംബന്ധിച്ചു പഠനം നടത്തിയ സമിതിയുടെ ശുപാർശ പ്രകാരമായിരുന്നു നടപടി.
പണം കണ്ടെത്താനാവാതെ പൊലീസുകാർ
ടെക്നോ നഗരത്തിന്റെ സുരക്ഷ നോക്കേണ്ട
കഴക്കൂട്ടം, തുമ്പ പൊലീസ് സ്റ്റേഷനുകളുടെ ദൈനംദിന ആവശ്യങ്ങൾക്കായി പൊലീസുകാർ സ്വന്തം നിലയിൽ പണം കണ്ടെത്തേണ്ട ഗതികേടിലാണ്.
സ്റ്റേഷനറി സാധനങ്ങൾ വാങ്ങുന്നതിനൊപ്പം പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനും വാഹനങ്ങൾ റിപ്പയർ ചെയ്യാനും പൊലീസുകാർ പിരിവ് ഇടേണ്ട അവസ്ഥയാണ്.
സ്റ്റേഷനിലെ പഴക്കം ചെന്ന വാഹനങ്ങൾക്കു ഇന്ധനക്ഷമത കുറവാണെന്നും വകുപ്പ് അനുവദിച്ച ഇന്ധന ക്വോട്ട കഴിഞ്ഞതിനാലാണ് സ്വന്തം നിലയ്ക്കു പണം പിരിച്ച് ഇന്ധനം നിറയ്ക്കേണ്ടി വരുന്നതെന്നും ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.
നഗരത്തിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും സമാനമാണ് അവസ്ഥ. പൊലീസ് വാഹനങ്ങളിൽ അധികവും മൂന്നരലക്ഷം കിലോമീറ്ററിലധികം ഓടിത്തളർന്നതാണ്.
അറ്റകുറ്റപ്പണികൾക്കു യഥാസമയം പണം അനുവദിക്കാത്തതു കാരണം ഒട്ടുമിക്ക വാഹനങ്ങളും സുരക്ഷിതമല്ല.
കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസ്: പ്രതി ലോറി ഡ്രൈവർ
കഴക്കൂട്ടം ∙ ടെക്നോപാർക്കിലെ ജോലി കഴിഞ്ഞു ഹോസ്റ്റലിലെത്തി ഉറങ്ങിയ ജീവനക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര സ്വദേശി ലോറി ഡ്രൈവറായ പ്രതിയെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു.
മധുരയിൽ അറസ്റ്റിലായ പ്രതി കുറ്റംസമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. 17 ന് പുലർച്ചെയായിരുന്നു സംഭവം.
അജ്ഞാതൻ എന്നല്ലാതെ മറ്റുവിവരങ്ങളൊന്നും യുവതിയിൽനിന്നു പൊലീസിനു ലഭിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സൂചനകൾ ലഭിച്ചത്.
മറ്റു കേസുകളിലും പ്രതിയായ ഇയാളെ കൂടുതൽ ചോദ്യംചെയ്യുമെന്നും പൊലീസ് അറിയിച്ചു.
മധുരയിൽനിന്നു തിരുവനന്തപുരത്തേക്കു സ്വന്തം ലോറിയിൽ ലോഡുമായി എത്തുന്നയാളാണു പ്രതി. ഇയാൾ കഴക്കൂട്ടത്തേക്ക് എത്തിയത് എന്തിനാണെന്നു വ്യക്തമായിട്ടില്ല.
വെള്ളിയാഴ്ച ജോലി കഴിഞ്ഞ് കഴക്കൂട്ടത്തെ ഹോസ്റ്റലിൽ എത്തി ഉറങ്ങുമ്പോഴാണ്, അതിക്രമിച്ചു കയറിയ ആൾ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. യുവതി ഞെട്ടി ഉണർന്ന് ബഹളം വച്ചപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു.
പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നു യുവതി പൊലീസിനു മൊഴി നൽകിയിരുന്നു. ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്കാണ് ഇവർ താമസിച്ചിരുന്നത്.
ഭയന്നതിനാൽ രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. അവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അസിസ്റ്റന്റ് കമ്മിഷണർ പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.
പ്രതി കറങ്ങിനടന്നത് പൊലീസിനു മുന്നിൽ
തിരുവനന്തപുരം ∙ മുറിയിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പുലർച്ചെ വരെ കറങ്ങിനടന്നതു പൊലീസ് സ്റ്റേഷൻ പരിസരത്ത്.
സ്റ്റേഷനു സമീപത്തെ എടിഎം കൗണ്ടറിലെ നിരീക്ഷണ ക്യാമറയിൽ നിന്നു പ്രതിയുടെ ദൃശ്യം പൊലീസിനു ലഭിച്ചു. അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസ് അടക്കം പ്രവർത്തിക്കുന്ന സ്റ്റേഷൻ വളപ്പിനടുത്തുതന്നെ ഉണ്ടായിരുന്ന പ്രതി 3 മണിക്കൂറോളമാണു ചെലവഴിച്ചത്.
തമിഴ്നാട്ടിൽനിന്നു തോന്നയ്ക്കലിലുള്ള ഗാരിജിലേക്കു സാധനങ്ങളുമായി വന്ന പ്രതി കഴക്കൂട്ടത്താണു തങ്ങിയത്.
റോഡരികിൽ ലോറി ഒതുക്കിയിട്ട് മദ്യപിച്ച ശേഷം സർവീസ് റോഡിനു സമീപത്തുകൂടി നടക്കുമ്പോഴാണ് ഹോസ്റ്റൽ മുറിയിൽ വെളിച്ചം കണ്ടത്. മുറി അകത്തുനിന്നു കുറ്റിയിട്ടിരുന്നില്ലെന്നു പൊലീസ് പറയുന്നു.
പീഡനത്തിനു ശേഷം മുങ്ങിയ പ്രതി ലോറിക്കു സമീപത്തേക്ക് എത്തുന്നതും പിന്നീട് മണിക്കൂറുകൾക്കു ശേഷം ലോറിയുമായി പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടെന്നാണു വിവരം. അതേസമയം, വനിതകൾ ഉൾപ്പെടെ താമസിക്കുന്ന പല ഹോസ്റ്റലുകൾക്കും സുരക്ഷ പേരിനു മാത്രമാണെന്ന ആരോപണം ഉയരുന്നുണ്ട്.
ഏറ്റവും കുറഞ്ഞത് ഒരു സിസിടിവി ക്യാമറയുടെ നിരീക്ഷണം പോലും ഇല്ലാത്തവയാണ് ഐടി നഗരത്തിലും തലസ്ഥാനത്തുമുള്ള ഭൂരിഭാഗം വനിതാ ഹോസ്റ്റലുകളും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

