വിതുര ∙ പേരൂർക്കട എസ്എപി ക്യാംപിൽ പൊലീസ് ട്രെയ്നിയായ ആദിവാസി യുവാവ് വിതുര പേപ്പാറ കരിപ്പാലം അരവിന്ദ് ഭവനിൽ എ.ആനന്ദ് ജീവനൊടുക്കിയ സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം.
ജാതി വിവേചനവും മാനസികപീഡനവും നേരിട്ടിരുന്നതായി ആനന്ദ് തന്നോട് സൂചിപ്പിച്ചിരുന്നെന്ന് സഹോദരൻ എ.അരവിന്ദ് ‘മനോരമ’യോടു പറഞ്ഞു. പല ട്രെയ്നികളോടും മോശമായും അധിക്ഷേപിക്കുന്ന തരത്തിലും ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നതായും പലരും പേടിച്ചിട്ടാണ് പുറത്തു പറയാതിരുന്നതെന്നും അരവിന്ദ് പറഞ്ഞു.
16ന് രാവിലെ 5.45 ന് ബാരക്കിലെ ശുചിമുറിയിൽ രണ്ട് കൈകളിലും സ്വയം മുറിവേൽപിച്ച നിലയിൽ ആനന്ദിനെ കണ്ടെത്തിയിരുന്നു.
ഉടൻ പേരൂർക്കട ജില്ലാ ആശുപത്രിയിൽ എത്തിച്ചതു രക്ഷയായി.
കൗൺസലിങ്ങിനു ശേഷം ബാരക്കിൽ എത്തിച്ച ആനന്ദിനെ അമ്മ ചന്ദ്രികയും അരവിന്ദും കണ്ടിരുന്നു. വീട്ടിലേക്ക് വരാൻ അമ്മ നിർബന്ധിച്ചെങ്കിലും ക്യാംപിൽ തുടരാമെന്ന് ആനന്ദ് പറഞ്ഞു. അന്ന് ആനന്ദിനോടു തനിച്ചു സംസാരിക്കാൻ അനുവദിച്ചില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നെന്നും അരവിന്ദ് പറഞ്ഞു.
ആനന്ദ് എന്തിനെയോ പേടിക്കുന്നുണ്ടായിരുന്നുവെന്ന് തോന്നിയിരുന്നു. വീട്ടിലെത്തിയ ശേഷവും തുടർച്ചയായി ഫോണിൽ ആനന്ദിനെ വിളിച്ചിരുന്നു.
അസ്വാഭാവികത ഇല്ലാതെയാണ് സംസാരിച്ചതെങ്കിലും എന്തൊക്കെയോ ആശങ്കകൾ ഒളിപ്പിച്ചുവയ്ക്കുന്നതു പോലെ തോന്നിയെന്നും അരവിന്ദ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആനന്ദിനെ ബാരക്കിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ക്യാംപ് അധികൃതർ നൽകിയ വിവരങ്ങളിലും സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ പക്ഷം. 16ന് ആത്മഹത്യാശ്രമത്തിനു ശേഷം ക്യാംപിൽ തുടരാൻ ആനന്ദ് തീരുമാനിച്ചതിനു പിന്നിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ഭീഷണി ഉണ്ടായിരുന്നതായി കുടുംബം സംശയിക്കുന്നു.
മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണവും ഉണ്ടായിരുന്നു. താൻ ഫോൺ ഉപയോഗിക്കുമ്പോൾ നിരീക്ഷിക്കാൻ സഹപ്രവർത്തകരിൽ ചിലരെ ഉദ്യോഗസ്ഥർ നിയോഗിച്ചിരുന്നതായി ആനന്ദ് പറഞ്ഞിരുന്നു.
സംഭവത്തിലെ സത്യം പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിക്കു പരാതി നൽകുമെന്ന് അരവിന്ദ് പറഞ്ഞു.
ജീവൻ വെടിയുന്നതിന് മിനിറ്റുകൾക്കു മുൻപ് അമ്മയെ വിളിച്ചു
വിതുര ∙ ആനന്ദ് ജീവനൊടുക്കുന്നതിന് മിനിറ്റുകൾക്കു മുൻപ് അമ്മയോട് സംസാരിച്ചിരുന്നു. കഴിച്ചോയെന്ന് തിരക്കിയെന്നും ജോലിക്ക് പോകുമ്പോൾ സൂക്ഷിക്കണമെന്ന് സ്നേഹോപദേശം നൽകിയതായും അമ്മ ചന്ദ്രിക ‘മനോരമ’യോടു പറഞ്ഞു.
മരുന്നും ഭക്ഷണവും കൃത്യസമയത്ത് കഴിക്കണമെന്ന അമ്മയുടെ ഉപദേശത്തിന് താൻ അതൊക്കെ ചെയ്തോളാമെന്നും അമ്മ വിഷമിക്കരുതെന്നുമായിരുന്നു മറുപടി. ആനന്ദിനോട് സംസാരിച്ച് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ ചന്ദ്രികയെ ഫോണിൽ വിളിച്ചു.
എത്രയും വേഗം ക്യാംപിലേക്ക് വരണമെന്നായിരുന്നു നിർദേശം.
മൂത്ത മകനിവിടെ ഇല്ലെന്നും ഒറ്റയ്ക്കു വരാൻ കഴിയില്ലെന്നും പറഞ്ഞതോടെ ആനന്ദിനെ അങ്ങോട്ടേക്ക് അയയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു. ‘അങ്ങനെ അച്ചു (ആനന്ദ്) വരുമെന്ന് കരുതി അവന്റെ കിടക്കയും ഷീറ്റുമൊക്കെ മാറ്റി, അവനിഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കി വയ്ക്കാനുള്ള ജോലി തുടങ്ങി.
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഉദ്യോഗസ്ഥനെ തിരിച്ചുവിളിച്ചു. അവൻ വന്നോളും എന്നായിരുന്നു മറുപടി.
പിന്നെ വന്നത് അനക്കമില്ലാതെയാണ്…’ ഇതു പറയുമ്പോൾ ചന്ദ്രിക പൊട്ടിക്കരയുകയായിരുന്നു.
നിറങ്ങൾ നഷ്ടപ്പെട്ട് ഒരു കുടുംബം
വിതുര∙ 9 വർഷം മുൻപ് അച്ഛനെ നഷ്ടപ്പെട്ട ആനന്ദിന്റെ ലോകം അമ്മ ചന്ദ്രികയും സഹോദരൻ അരവിന്ദും ഉൾപ്പെട്ട
കുഞ്ഞ് വീടായിരുന്നു. ചെമ്പഴന്തി എസ്എൻ കോളജിലെ ബിരുദ പഠനത്തിനു ശേഷം പെയിന്റിങ് പണിക്കിറങ്ങിയത് അമ്മയുടെയും സഹോദരന്റെയും കഷ്ടപ്പാട് കണ്ടിട്ടാണ്.
അച്ഛൻ അശോകൻ രോഗബാധിതനായി മരിക്കുമ്പോൾ ആനന്ദ് പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. അരവിന്ദിന്റെ പഠനം കഴിഞ്ഞതേയുള്ളൂ.
അരവിന്ദ് അപ്പോഴേക്കും പെയിന്റിങ് ജോലിക്കു പോയി തുടങ്ങിയിരുന്നു. അമ്മ മീനാങ്കലിലെ തയ്യൽക്കടയിൽ പോയി ഉപജീവനം കണ്ടെത്തി.
ഉറക്കം പോലും ഇല്ലാതെ തയ്യൽ ജോലി ചെയ്ത അമ്മയുടെ കഷ്ടപ്പാട് കണ്ടാണ് ആനന്ദ് വളർന്നത്.
അതുകൊണ്ടാണ് പഠനത്തിനു ശേഷം ജോലിക്കിറങ്ങിയത്. അതിനൊപ്പമാണ് പിഎസ്സിക്കു പഠിച്ച് സർക്കാർ ജോലി സമ്പാദിച്ചത്. സിവിൽ പൊലീസ് ഓഫിസർക്കു പിന്നാലെ ഫയർമാൻ, ബീറ്റ് വനം ഓഫിസർ, സിവിൽ എക്സൈസ് ഓഫിസർ, ലാസ്റ്റ് ഗ്രേഡ് പരീക്ഷകളിലും ആനന്ദ് റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുന്നു.
എന്നാൽ പൊലീസിനോടുള്ള ആദരവാണ് ആനന്ദിനെ സേനയിലെത്തിച്ചത്. ‘ 2 വർഷത്തിലേറെ കഷ്ടപ്പെട്ട് പഠിച്ച് നേടിയതൊക്കെ വെറുതെ ആയിപ്പോയല്ലോ, എന്റെ അച്ചു പോയല്ലോ… ഇനിയില്ലല്ലോ…’ എന്ന് പറഞ്ഞ് അമ്മ ചന്ദ്രിക വിതുമ്പി.
അമ്മയെ കെട്ടിപ്പിടിച്ച് അരവിന്ദും പൊട്ടിക്കരഞ്ഞു. ഒപ്പം കണ്ട് നിന്നവരുടെ കണ്ണുകളും ഈറനായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

