
പാറശാല∙ ഗതാഗതം തുടങ്ങി മൂന്നു വർഷം പിന്നിട്ടിട്ടും ബൈപാസിൽ വെളിച്ചം എത്തിക്കാൻ നടപടിയില്ല. കഴക്കൂട്ടം–കാരോട് ബൈപാസിൽ മുല്ലൂർ മുതൽ കാരോട് വരെ 16.8 കിലോമീറ്റർ ദൂരത്തുള്ള രണ്ടാം റീച്ചിൽ വെളിച്ചക്കുറവ് വൻ അപകട
ഭീഷണി ഉയർത്തുന്നുണ്ട്. അപകടങ്ങൾക്ക് ഇരയാകുന്നതിൽ ഭൂരിഭാഗവും കാൽനട
യാത്രികർ ആണ്. അടുത്ത് എത്തുമ്പോൾ മാത്രമേ മുന്നിൽ പോകുന്ന വഴിയാത്രക്കാരെ ഡ്രൈവർമാർക്ക് കാണാൻ കഴിയൂ.
അപ്പോഴേക്കും അപകടം സംഭവിച്ചു കഴിഞ്ഞിരിക്കും തിരക്കേറിയ പാതയിലെ വെളിച്ചം ഇല്ലായ്മ അപകട പരമ്പര തന്നെ സൃഷ്ടിച്ചിട്ടും ദേശീയപാത അധികൃതർ മൗനം പാലിക്കുകയാണ്.
16.8 കിലോമീറ്റർ ദൂരത്തിൽ പാലം, പ്രധാന ജംക്ഷൻ തുടങ്ങിയവ ഉൾപ്പെടുന്ന അഞ്ച് സ്ഥലങ്ങളിൽ മാത്രം ആണ് നൂറു മീറ്റർ ദൂരത്തിൽ വീതം വിളക്കുകൾ സ്ഥാപിച്ചിട്ടുള്ളത്.
ബൈപാസ് വഴി വാഹന ഗതാഗതം ആരംഭിച്ചതു മുതൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. അടുത്ത കാലത്ത് ബൈപാസിൽ രാത്രി നടന്ന ഒട്ടേറെ അപകടങ്ങൾക്ക് കാരണം വെളിച്ചക്കുറവ് എന്നാണ് പ്രദേശവാസികളുടെ കണ്ടെത്തൽ.
മാസങ്ങൾക്ക് മുൻപ് പൊൻവിള ഭാഗത്ത് രാത്രിയിൽ വാഹനം തട്ടി സ്ത്രീ മരിച്ചിരുന്നു. ലൈറ്റ് ഇല്ലാത്തതിനൊപ്പം വാഹനങ്ങളുടെ വേഗ പരിധിയും നിയമ ലംഘനങ്ങളും പരിശോധിക്കാൻ ക്യാമറ അടക്കം സംവിധാനങ്ങൾ ഇല്ലാത്തത് അമിത വേഗത്തിന്റെ കേന്ദ്രമാക്കി ബൈപാസിനെ മാറ്റിയിട്ടുണ്ട്.
ഇരുട്ടിനൊപ്പം പാതയുടെ പല ഭാഗത്തും ടിപ്പർ ലോറികളുടെ അലക്ഷ്യ പാർക്കിങ്ങും അപകടങ്ങൾക്ക് ഇടയാക്കുന്നു.
സംസ്ഥാന അതിർത്തിയിൽ നിന്ന് തമിഴ്നാട് ഭാഗത്തേക്ക് 34 കിലോമീറ്റർ ദൂരം വരുന്ന കാരോട്–കന്യാകുമാരി പാതയുടെ നിർമാണം അടുത്ത വർഷം പകുതിയിൽ പൂർത്തിയാകുന്നതോടെ ബൈപാസിലെ തിരക്ക് ഇരട്ടി ആകും എന്നാണ് കണക്കു കൂട്ടൽ. 550 കോടി രൂപ ചെലവിട്ട് നിർമിച്ച ബൈപാസിൽ ചെറിയ തുക മുടക്കി ലൈറ്റ് സ്ഥാപിക്കൽ നടത്താൻ നടപടി ഉടൻ സ്വീകരിക്കണമെന്ന ആവശ്യത്തിൽ ആണ് പ്രദേശവാസികൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]