
പാലോട് ∙ മലയോര ജനവാസ മേഖലയിലേക്ക് പുലി അടക്കമുള്ള വന്യമൃഗങ്ങളുടെ കടന്നു കയറ്റം ദിനംപ്രതി വർധിക്കുന്നത് ജനത്തെ കടുത്ത ആശങ്കയിലേക്ക് തള്ളിവിടുന്നു. പെരിങ്ങമ്മല വെങ്കിട്ടമൂട്ടിൽ പുലി പോത്തിനെ കടിച്ചു കൊന്നതിൽ വലിയ ഭീതിയാണ് ഉടലെടുത്തിരിക്കുന്നത്.
പുലിയെ അടിയന്തരമായി പിടികൂടണമെന്ന് നാട്ടുകാർ ആവർത്തിച്ച് ആവശ്യപ്പെടുകയാണ്. പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
പലയിടത്തും പുലി ശല്യമുണ്ടെന്ന് നേരത്തെ തന്നെ നാട്ടുകാർ വനപാലകർക്ക് പരാതി നൽകിയിരുന്നു.
ആറ് മാസങ്ങൾക്ക് മുൻപ് ആദിച്ചക്കോണിലെ ഈച്ചുട്ടിക്കാണിയുടെ വീട്ടിൽ നിന്നും രണ്ടു പ്രാവശ്യമാണ് പുലി നായയെ ആക്രമിച്ചത്. മുൻപ് പലതവണ പട്ടികളെ പുലി ആക്രമിക്കുന്നത് നേരിൽ കണ്ടതായി പലരും പറഞ്ഞിട്ടും വനംവകുപ്പ് സ്ഥിരീകരിക്കാൻ നടപടി സ്വീകരിച്ചില്ലെന്നും ഈച്ചുട്ടിക്കാണി പറയുന്നു.
വെങ്കിട്ടയിൽ ഗിരിജയുടെ വീട്ടിൽ നിന്ന് പശുവിനെയും പിടിക്കാൻ നോക്കി. പൊൻമുടിയിൽ പുലിയിറങ്ങി വളർത്തു നായ്ക്കളെ പിടികൂടിയ സംഭവങ്ങൾ അനവധിയാണ്.
കഴിഞ്ഞ ജൂൺ 10ന് രാത്രിയിൽ മെർക്കിസ്റ്റൺ എസ്റ്റേറ്റ് അഞ്ചുമുറി ലൈനിൽ ജസ്റ്റിന്റെ വീട്ടിൽ നിന്ന് ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായയെ പിടികൂടി കൊണ്ടു പോകുന്നത് ഉടമ നേരിൽ കണ്ടതായി പറയുന്നു.
വീടിനോട് ചേർന്ന ഷെഡിൽ കെട്ടിയിരുന്ന നായയെ വാതിൽ തകർത്താണ് പുലി അകത്തു കടന്നു പിടികൂടിയത്.
ശബ്ദംകേട്ട് പുറത്തിറങ്ങുമ്പോൾ നായയെ കടിച്ചു വലിച്ചു കൊണ്ടു പോകുന്നതാണ് കണ്ടെതെന്ന് ജസ്റ്റിൻ പറയുന്നു. മെർക്കിസ്റ്റൺ ചീനിമുക്ക് ലൈനിൽ രാജേന്ദ്രന്റെ നാടൻ നായയെയും അടുത്തിടെ പുലി പിടികൂടിയിരുന്നു.
ഇതുപോലെ അനവധി നായ്ക്കളെ മുൻപും പുലി പിടികൂടിയിട്ടുണ്ട്. പൊൻമുടിയിൽ ഒന്നിലേറെ പുലികളുടെ സാന്നിധ്യമുണ്ടെന്നും പലരും കണ്ടിട്ടുണ്ടെന്നും തോട്ടം തൊഴിലാളികൾ പറയുന്നു.
പൊൻമുടി യുപിഎസ് പരിസരത്ത് പാചകക്കാരി പുലിയെ കണ്ട് പേടിച്ചോടിയ സംഭവം ഉണ്ടായിട്ടുണ്ട്. പെരിങ്ങമ്മല പഞ്ചായത്തിലെ ചിപ്പൻചിറയിൽ റബർതോട്ടത്തിൽ പുലിയെ കണ്ടതായി തൊഴിലാളികൾ പറഞ്ഞിട്ടുണ്ട്.
പുലി മാത്രമല്ല….
കാട്ടുപോത്ത്, കാട്ടാന, കരടി, പന്നി എന്നിവയും പഞ്ചായത്താകമാനം ഭീഷണി ഉയർത്തുകായാണ്. ഇവറ്റകളുടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരും അവശതകളിൽ കഴിയുന്നവരും അനവധിയാണ്.
ഇതിനിടയിലാണ് പുലിയുടെ രംഗപ്രവേശവും. അടുത്തിടെ വേങ്കൊല്ല ശാസ്താംനടയിൽ കൂലിപ്പണിക്ക് പോകുകയായിരുന്ന ബാബുവിനെ കാട്ടാന മരത്തിലടിച്ചു കൊന്നതിന്റെ ഭയം ഇതുവരെയും വിട്ടുമാറിയിട്ടില്ല.
കൂലിപ്പണിക്ക് പോയി വരികയായിരുന്ന രണ്ട് യുവാക്കളെ വേങ്കൊല്ല ചെക്ക്പോസ്റ്റിന് സമീപം വച്ച് കാട്ടാന ആക്രമിച്ചത് അടുത്തിടെയാണ്.
തലനാരിഴയ്ക്കാണ് ഇരുവരും അന്ന് രക്ഷപ്പെട്ടത്. മടത്തറ വേങ്കൊല്ലയിൽ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരൻ തിരുമല സ്വദേശി ആദർശിന്റെ ജീവൻ പൊലിഞ്ഞത് ഇക്കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെരിങ്ങമ്മല പഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി കാട്ടാനകളുടെ താണ്ഡവമാണ്. ഓണക്കാല പച്ചക്കറികളടക്കം തെങ്ങ്, റബർ, വാഴ എന്നിവ നശിപ്പിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]