
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കോണമി മത്സ്യത്തൊഴിലാളികൾക്ക് കെണിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. വൻകിട
കപ്പലുകളുടെ വരവ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുമെന്നും കപ്പൽ അപകടത്തെത്തുടർന്നുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ആഴക്കടൽ മത്സ്യബന്ധന നയത്തിനും കടൽമണൽ ഖനന നടപടികൾക്കുമെതിരെ അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പരമ്പരാഗത മത്സ്യത്തൊളിലാളികളുടെ സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യം വെട്ടിച്ചുരുക്കുമ്പോൾ കോടികൾ വിലവരുന്ന യാനങ്ങൾക്ക് 50% വരെ സബ്സിഡിയും അടിസ്ഥാന സൗകര്യങ്ങളും കേന്ദ്രസർക്കാർ ഒരുക്കുകയാണെന്ന് വേണുഗോപാൽ ആരോപിച്ചു.
കേന്ദ്രസർക്കാരിന്റെ മത്സ്യത്തൊഴിലാളി ദ്രോഹ നടപടികൾക്ക് പ്രോത്സാഹനം നൽകി കൂട്ടുനിൽക്കുകയാണ് സംസ്ഥാന സർക്കാർ.
തുറമുഖ വികസനം നടത്തുമ്പോൾ മത്സ്യത്തൊഴിലാളികളെ പരിഗണിക്കണം. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനർഗേഹം പദ്ധതിക്കായി നിർമിച്ച പരസ്യത്തിൽ മത്സ്യത്തൊഴിലാളികളെ ജാതിപ്പേര് ഉൾപ്പെടുത്തി അധിക്ഷേപിക്കുകയാണ്. പരാതി പറയാനെത്തിയ മത്സ്യത്തൊഴിലാളികളെ താടിവച്ച ഗുണ്ടകളെന്നു വിളിച്ചാണ് ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധിക്ഷേപിച്ചതെന്നും കെ.സി.വേണുഗോപാൽ പറ ഞ്ഞു.കപ്പൽ അപകടമുണ്ടായപ്പോൾ അദാനിയുമായി പങ്കാളിത്തമുള്ള കപ്പൽ കമ്പനിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ സർക്കാർ തയാറായില്ല.
മുങ്ങിയ കണ്ടെയ്നറുകളിൽ തട്ടി വലയും ബോട്ടും നശിക്കുന്നതു കാരണം മത്സ്യബന്ധനം നടത്താൻ കഴിയാത്ത സ്ഥിതിയാണ്.
അതിനുള്ള നഷ്ടപരിഹാരം പോലും നൽകുന്നില്ലെന്നും വേണുഗോപാൽ ആരോപിച്ചു. യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി. ലീലാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ദേശീയ ചെയർമാൻ ആംസ്ട്രോങ്ങ് ഫെർണാണ്ടോ, മുൻ എംപി ടി.എൻ.പ്രതാപൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി, മുൻ മന്ത്രി വി.എസ്.ശിവകുമാർ, കെപിസിസി ഭാരവാഹികളായ കെ.പി.ശ്രീകുമാർ, ജി.സുബോധൻ, നെയ്യാറ്റിൻകര സനൽ, ടി.ശരത്ചന്ദ്ര പ്രസാദ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് അഡോൾഫ് ജി. മൊറൈസ്, പൂന്തുറ ജെയ്സൺ, പൊഴിയൂർ ജോൺസൻ, ഹെൻറി വിൻസെന്റ്, പനത്തുറ പുരുഷോത്തമൻ, ആർ.ഗംഗാധരൻ, മുനമ്പം സന്തോഷ്, പി.അശോകൻ, എ.അലാവുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]