
തിരുവനന്തപുരം ∙ എൽഡിഎഫ് ഭരണത്തിലെ അഴിമതിക്കും അനധികൃത നിയമനങ്ങൾക്കുമെതിരെ ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി കോർപറേഷൻ ഓഫിസിന് മുന്നിൽ ഏകദിന സത്യഗ്രഹം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സിപിഎം എന്നാൽ അഴിമതിയും സ്വജനപക്ഷപാതവും കൈക്കൂലിയുമായി മാറിയെന്ന് അവർ ആരോപിച്ചു. പിൻവാതിൽ നിയമനങ്ങൾക്കായി ലക്ഷങ്ങളാണ് വാങ്ങി എടുക്കുന്നത്.
കേന്ദ്രം സംസ്ഥാനത്ത് നടപ്പിലാക്കേണ്ട
വിവിധ പദ്ധതികൾക്ക് അനുവദിക്കുന്ന കോടികൾ വകമാറ്റി തട്ടിച്ചെടുക്കുകയാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ. സംസ്ഥാനത്ത് സത്യസന്ധമായി പെരുമാറുന്ന ഗവർണറെ ആക്രമിക്കാൻ നടക്കുന്ന ഡിവൈഎഫ്ഐക്കാർക്കും എസ്എഫ്ഐക്കാർക്കും സംരക്ഷണം ഒരുക്കുമെന്നു പറയുന്ന പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന് ഇതിനെ കുറിച്ച് പിണറായിയോട് ചോദിക്കാൻ ധൈര്യമില്ല.
പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രിയെ നിയന്ത്രിച്ചിരുന്ന ആളാണ്. ഇപ്പോൾ പിണറായി നടത്തുന്ന അഴിമതിയെ ചോദ്യം ചെയ്യാൻ സാധിക്കാത്ത ഗോവിന്ദനാണ് സിപിഎമ്മിന്റെ ശാപം.
രാജേഷ് , ബിജു തുടങ്ങിയ സിപിഎം നേതാക്കൾക്കും അവരുടെ ഭാര്യമാർക്കും ചിന്താജെറോമിനുമൊക്കെ പിച്ച്ഡി കൊടുത്തു ജോലി നൽകുകയാണ്.
തലസ്ഥാനത്തെ കോർപറേഷനിൽ പദ്ധതികൾക്കായുള്ള തുക മുഴുവൻ സിപിഎമ്മുകാർ കൊണ്ടു പോകുകയാണ്. കണക്ക് ആവശ്യപ്പെടുന്ന ബിജെപി കൗൺസിലർമാരോട് ഇവർക്ക് മറുപടിയില്ല. അതിൽ ഏറ്റവും പുതിയതാണ് ശുചീകരണ തൊഴിലാളി നിയമനത്തിൽ കൗൺസിലർ ഇടം പിടിച്ച സംഭവം.
സിപിഎമ്മിന്റെ അഴിമതിയിലും കൈക്കൂലിയിലും കോർപറേഷനിലെ ഒരു വിഭാഗം ഇടത് കൗൺസിലർമാർ അസ്വസ്ഥരാണ്.
അവർ പുറത്തേക്കുള്ള വഴി ആലോചിക്കുകയാണ്. തെറ്റ് ചെയ്യാത്ത അത്തരം കൗൺസിലർമാരെ ബിജെപി സ്വീകരിക്കും. ജനാധിപത്യത്തിന് വേണ്ടി ജനകീയ കോർപറേഷനാക്കി തലസ്ഥാനത്തെ മാറ്റാനുള്ള പോരാട്ടമാണ് ബിജെപി നടത്തുന്നതെന്നും അവർ പറഞ്ഞു. ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ, ബിജെപി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ.ഗോപൻ, കരമന അജിത്, വി.വി.രാജേഷ്, പി.അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]