
മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവതിക്ക് പീഡനം: എസ്ഐക്ക് സസ്പെൻഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ രണ്ടര പവൻ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവം 25 ദിവസത്തിനു ശേഷം പുറത്തറിഞ്ഞതിനു പിന്നാലെ മുഖം രക്ഷിക്കാൻ പൊലീസ് നടപടി. ആരോപണവിധേയനായ പേരൂർക്കട എസ്ഐ എസ്.ജെ.പ്രസാദ് ബാബുവിനെ സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. പരാതിയിൽ പറഞ്ഞ ഗ്രേഡ് എഎസ്ഐക്കെതിരെയും നടപടിയുണ്ടാകുമെന്ന് കമ്മിഷണർ തോംസൺ ജോസ് അറിയിച്ചു. അന്വേഷണത്തിന് കന്റോൺമെന്റ് എസിപിയെ ചുമതലപ്പെടുത്തി. സ്റ്റേഷനിലെ സിസിടിവി പരിശോധിക്കും. മനുഷ്യാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വീട്ടുജോലിക്കാരിയായ പനവൂർ പനയമുട്ടം സ്വദേശിനി ആർ.ബിന്ദുവിനെതിരെ മോഷണം ആരോപിച്ച് വീട്ടുടമ അമ്പലമുക്ക് സ്വദേശി ഓമന ഡാനിയലാണ് പരാതി നൽകിയത്. മാല നഷ്ടപ്പെട്ടത് ഏപ്രിൽ 18നാണെങ്കിലും പരാതി നൽകിയത് 23നായിരുന്നു. അതിനിടെ, പരാതിക്കാരുടെ വീട് പരിശോധിക്കാതെയാണ് പൊലീസ് നടപടിയെടുത്തതെന്ന് സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. മോഷണം നടന്നെന്ന് ഉറപ്പാക്കാതെയും സ്ഥലം പരിശോധിക്കാതെയും ബിന്ദു പ്രതിയാണെന്ന് തീരുമാനിച്ച് പൊലീസ് അസഭ്യവർഷം നടത്തി. കുറ്റം സമ്മതിച്ചില്ലെങ്കിൽ രണ്ട് പെൺമക്കളെയും പ്രതിയാക്കുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.
രാത്രി കസ്റ്റഡിയിൽ വയ്ക്കേണ്ട സാഹചര്യമില്ലെന്നിരിക്കെ, സ്റ്റേഷനിൽ നിർത്തി. വീടിനുള്ളിലെ ചവറ്റുകുട്ടയിൽനിന്ന് മാലകിട്ടിയ കാര്യം പിറ്റേന്നു രാവിലെതന്നെ പരാതിക്കാരി അറിയിച്ചു. എന്നാൽ ഇക്കാര്യം ബിന്ദുവിനെ അറിയിച്ചില്ല. 11 ന് ബന്ധുക്കൾ വന്നതിന് ശേഷമാണ് പൊലീസ് ബിന്ദുവിനെ വിട്ടയച്ചത്. ഇന്നലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെ നേതാക്കൾ ബിന്ദുവിന്റെ വീട്ടിലെത്തിയിരുന്നു.
പി.ശശിക്കു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല: ബിന്ദു
ഉറങ്ങാൻ സമ്മതിക്കാതെ പുലർച്ചെ 3.30 വരെ പൊലീസുകാർ ചോദ്യം ചെയ്തെന്ന് ബിന്ദു. 20 മണിക്കൂറാണ് സ്റ്റേഷനിൽ നിർത്തിയത്. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിലെ വെള്ളം കുടിക്കാൻ പറഞ്ഞു. വീട്ടുകാരെ വിവരം അറിയിച്ചില്ല. മക്കളുടെ ഫോൺ കോൾ എടുക്കാനും സമ്മതിച്ചില്ല. ഡിജിപിയുടെയും മുഖ്യമന്ത്രിയുടെ ഓഫിസുകളിൽ നേരിട്ടെത്തി പരാതി നൽകിയിട്ടും അവഗണിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് നേരിട്ടു പരാതി നൽകിയെങ്കിലും തുറന്നുപോലും നോക്കിയില്ലെന്നും ബിന്ദു പറഞ്ഞു. സ്റ്റേഷനിൽ ഭക്ഷണം വാങ്ങിനൽകാൻ ശ്രമിച്ച തന്നെ പൊലീസുകാർ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടെന്നു ബിന്ദുവിന്റെ ഭർത്താവ് പ്രസാദ് പറഞ്ഞു.