
പേരൂർക്കട സംഭവം: സമൂഹമാധ്യമ പോസ്റ്റ് തിരുത്തി പി.കെ. ശ്രീമതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ പേരൂർക്കടയിൽ വീട്ടുജോലിക്കാരിയായ ആർ.ബിന്ദുവിനെ പൊലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ സമൂഹമാധ്യമത്തിൽ പ്രതികരിച്ച സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി പോസ്റ്റ് തിരുത്തി. എസ്ഐയെ സസ്പെൻഡ് ചെയ്ത നടപടിയെ സ്വാഗതം ചെയ്തുള്ള പോസ്റ്റിൽ ബിന്ദുവിനെ അപമാനിച്ച മറ്റുള്ളവർക്കെതിരെയും അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. ഇത് മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടതോടെ, മറ്റുള്ളവർക്കെതിരെയും അന്വേഷണം വേണമെന്നത് മറ്റു പൊലീസുകാർക്കെതിരെയും അന്വേഷണം വേണമെന്നു തിരുത്തുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതിയുമായി ചെന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാതി അവഗണിച്ചതായി ബിന്ദു ആരോപിച്ചിരുന്നു. എന്നാൽ, ഇതു ശരിയല്ലെന്നും മോശമായി പെരുമാറിയ പൊലീസുകാർക്കെതിരെ അന്വേഷണത്തിനും നടപടിക്കും നിർദേശിക്കുകയാണുണ്ടായതെന്നും ശശി പിന്നീടു വെളിപ്പെടുത്തി. ശശിയുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നാണ് ശ്രീമതി പറയുന്നതിന്റെ പൊരുളെന്ന തരത്തിൽ വ്യാഖ്യാനങ്ങളും കമന്റുകളും വന്നതോടെയാണ് പോസ്റ്റ് തിരുത്തിയതെന്നാണു വിവരം.
പരാതി പൂഴ്ത്തിയ സംഭവത്തിൽ അന്വേഷണം വേണം: വി.മുരളീധരൻ
പാലോട് ∙ മോഷണക്കുറ്റം ആരോപിച്ച് പൊലീസ് മാനസിക പീഡനത്തിന് ഇരയാക്കിയ ദലിത് യുവതിയുടെ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് പൂഴ്ത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് ബിജെപി ദേശീയ നിർവാഹകസമിതിയംഗം വി.മുരളീധരൻ. പരാതി നൽകി മൂന്നാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും ഓഫിസ് അനങ്ങാതിരുന്നതിന്റെ കാരണം കണ്ടെത്തണം.
മുഖ്യമന്ത്രിയുടെ ഓഫിസ് ബിന്ദുവിനെ അവഹേളിച്ചോ എന്ന് പിണറായി വിജയൻ വ്യക്തമാക്കണം. എസ്ഐയുടെ സസ്പെൻഷനിൽ തീരുന്നതല്ല വിഷയത്തിന്റെ ഗൗരവമെന്നും പരാതിക്കാരിയായ ബിന്ദുവിനെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മുരളീധരൻ പറഞ്ഞു.
പി.ശശിയുടെ മേൽ കുറ്റം ചാർത്തേണ്ട കാര്യമില്ല: എം.വി.ഗോവിന്ദൻ
കണ്ണൂർ∙ പേരൂർക്കട സംഭവത്തിൽ, തെറ്റായ നിലപാട് സ്വീകരിക്കുന്നവരെ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തെറ്റായ ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ല. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പ്രചാരണായുധം തേടുകയാണ് പ്രതിപക്ഷം. പി.ശശിയുടെ മേൽ കുറ്റം ചാർത്തേണ്ട കാര്യമില്ലെന്നും എം.വി.ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു.
ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം: മനുഷ്യാവകാശ കമ്മിഷൻ
തിരുവനന്തപുരം ∙ ദലിത് സ്ത്രീയെ 20 മണിക്കൂർ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇതെക്കുറിച്ച് ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഡിവൈഎസ്പി , അസി. കമ്മിഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിൽ രേഖപ്പെടുത്തണം. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം കമ്മിഷന് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
ദലിത് യുവതിയെ അപമാനിച്ച സംഭവം പൊലീസ് ഭരണത്തിന്റെ നേർസാക്ഷ്യം: വി.ഡി.സതീശൻ
ആലപ്പുഴ∙ തിരുവനന്തപുരത്ത് സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് ദലിത് യുവതിയെ പൊലീസ് സ്റ്റേഷനിൽ അപമാനിച്ച സംഭവം 4 വർഷമായി ഇവിടെ നടക്കുന്ന പൊലീസ് ഭരണത്തിന്റെ നേർസാക്ഷ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ പൊലീസ് സ്റ്റേഷനിൽ ചെല്ലുന്നവർക്കു ശുചിമുറിയിലെ വെള്ളമാണോ കുടിക്കാൻ കൊടുക്കുന്നത്? മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതിയുമായി പോയപ്പോഴും അവർ അപമാനിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണു ഭരണം നിയന്ത്രിക്കുന്നത്. സർക്കാരില്ലായ്മയാണ് ഈ സർക്കാരിന്റെ മുഖമുദ്ര. ജനം പ്രയാസപ്പെടുന്ന ഘട്ടത്തിലൊന്നും സർക്കാരിന്റെ സാന്നിധ്യം ഉണ്ടാകുന്നില്ലെന്നും സതീശൻ പറഞ്ഞു.
പരാതി അവഗണിച്ചില്ല: പി.ശശി
തിരുവനന്തപുരം ∙ ബിന്ദുവിന്റെ പരാതി അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. പരാതി ഗൗരവത്തോടെയാണ് കണ്ടത്. മോശമായി പെരുമാറിയ പൊലീസുകാർക്കെതിരെ അന്വേഷണത്തിനും നടപടിക്കും നിർദേശിച്ചു– ശശി പ്രതികരിച്ചു.