
പൊലീസിൽ പരാതിപ്പെട്ടതിന്റെ വൈരാഗ്യം: സഹോദരങ്ങളെ എട്ടുപേർ ചേർന്ന് വെട്ടിപ്പരുക്കേൽപിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പോത്തൻകോട് ∙ പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ ഡയറി ഫാം നടത്തുന്ന സഹോദരങ്ങളെ എട്ടംഗ സംഘം ക്രൂരമായി വെട്ടിപ്പരുക്കേൽപിച്ചു. ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ പോത്തൻകോട് കാട്ടായിക്കോണം പട്ടാരി രതീഷ് ഭവനിൽ ആർ.രതീഷ് (31), സഹോദരൻ രജനീഷ് ( 30 ) എന്നിവർക്കാണ് പരിക്കേറ്റത്. തടിക്കഷ്ണങ്ങൾ കൊണ്ട് തലങ്ങും വിലങ്ങും മർദിച്ചെന്നും രതീഷ് പറഞ്ഞു.
പ്രതികളിൽ വാഴവിള സ്വദേശി കിരൺ ഒഴികെ ഏഴുപേരും പ്രായപൂർത്തിയാകാത്തവരും വിദ്യാർഥികളുമായതിനാൽ രക്ഷിതാക്കളെ വരുത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും പോത്തൻകോട് പൊലീസ് അറിയിച്ചു. ഫാമിൽ വന്നു പോകുമ്പോഴും വഴിയിൽ വച്ചും സംഘത്തിൽപ്പെട്ടവർ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നതായി കഴിഞ്ഞ മാസം 11ന് രതീഷ് പൊലീസിൽ പരാതിപ്പെട്ടിരുന്നു.
കൂടാതെ പ്രതികളായിട്ടുള്ളവർ കഞ്ചാവ് ഇടപാടുകൾ തന്റെ ഫാമിനു സമീപത്തു വച്ചു നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായി പൊലീസിനോടും പ്രതികളിൽ ഒരാളുടെ ബന്ധുവിനെയും അറിയിച്ചിരുന്നുവെന്നും സിസിടിവി സ്ഥാപിച്ച ശേഷമാണ് സംഘം അവിടെ നിന്നും മാറിയതെന്നും രജനീഷ് പറഞ്ഞു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആക്രമണം. ഉച്ചയ്ക്ക് 2.15ന് മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘം അണ്ടൂർക്കോണം കെഎസ്ഇബി സബ്സ്റ്റേഷനു സമീപം വച്ച് രജനീഷിന്റെ പിക് അപ്പ് ഓട്ടോറിക്ഷ തടഞ്ഞു ഓട്ടോയ്ക്ക് വട്ടം ചുറ്റി അസഭ്യം വിളിച്ചുകൊണ്ട് സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.
അണ്ടൂർക്കോണം ക്ഷീര സംഘത്തിൽ പാല് നൽകി മടങ്ങുകയായിരുന്നു രജനീഷ്. അവിടെ നിന്നും രക്ഷപ്പെട്ട രജനീഷ് പോത്തൻകോട് സ്റ്റേഷനിലെത്തി വിവരം അറിയിച്ച ശേഷമാണ് ഫാമിലേക്ക് മടങ്ങിയത്. 3.30ന് അരിയോട്ടുകോണത്തെ ഫാമിലെത്തിയ സംഘം അക്രമം അഴിച്ചു വിടുകയായിരുന്നു. ‘കഞ്ചാവ് വിൽക്കുന്നുണ്ടെന്ന് നീ പൊലീസിനോടു പറയുമോടാ’ എന്നു പറഞ്ഞ് രജനീഷിനെ മർദിക്കുകയായിരുന്നുവത്രെ.
ഇതു തടയാനെത്തിയ സഹോദരൻ രതീഷിനെ വാളുകൊണ്ട് തലയിൽവെട്ടി. മറ്റൊരാൾ മൺവെട്ടികൊണ്ടും വെട്ടി. തടഞ്ഞപ്പോൾ കൈക്കും പൊട്ടലേറ്റു. തറയിലേക്കു വീണ ഇരുവരെയും സംഘം വളഞ്ഞിട്ടു ചവിട്ടി. തടിക്കഷ്ണങ്ങൾ കൊണ്ടും മർദിച്ചു. ഭീഷണി മുഴക്കിയാണ് സംഘം പിൻവാങ്ങിയതെന്നും രതീഷ് പറഞ്ഞു.
വിവരം അറിയിച്ചതിനെ തുടർന്ന് പോത്തൻകോട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഇരുവരെയും കന്യാകുളങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കും അവിടെ നിന്ന് മെഡിക്കൽകോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. രതീഷിന്റെ തലയ്ക്ക് 20 തുന്നലുണ്ട്. വലതുകൈക്ക് പൊട്ടലുമുണ്ട്.