തിരുവനന്തപുരം ∙ ഹൈക്കോടതി നിർദേശം ലംഘിച്ച് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ കോർപറേഷൻ നീക്കിത്തുടങ്ങി. രാഷ്ട്രീയ പാർട്ടിയോ സംഘടനയോ നോക്കാതെ അനധികൃത ബോർഡുകൾ നീക്കാൻ മേയർ വി.വി.രാജേഷ് നിർദേശിച്ചതിനു പിന്നാലെയാണ് കോർപറേഷൻ റവന്യു വിഭാഗം നടപടി തുടങ്ങിയത്.
ഫ്ലെക്സ് ബോർഡുകളാൽ നഗരം നിറഞ്ഞത് ‘മലയാള മനോരമ’ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് മേയറുടെ ഇടപെടലുണ്ടായത്. ജഗതി ഹെൽത്ത് സർക്കിളിനു കീഴിലുള്ള പ്രദേശങ്ങളിൽ നിന്നാണ് ഇന്നലെ ബോർഡുകൾ നീക്കം ചെയ്തത്. അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്ന പ്രവൃത്തി ഇന്നും തുടരുമെന്ന് റവന്യു വിഭാഗം അറിയിച്ചു.
ബോർഡ് മാറ്റാൻ നൂലാമാലകൾ
അതേസമയം, നടപടിക്രമങ്ങളിലെ നൂലാമാലകൾ ഉദ്യോഗസ്ഥരെ കുഴക്കുന്നുവെന്ന് ആക്ഷേപമുണ്ട്. അനധികൃതമായി സ്ഥാപിച്ച ബോർഡ് നീക്കം ചെയ്ത ശേഷം ചെലവായ തുക ബോർഡ് സ്ഥാപിച്ചവരിൽ നിന്ന് ഈടാക്കാനാണ് നിർദേശം.
എന്നാൽ പിഴ നോട്ടിസ് അയച്ചാൽ മിക്കവരും മറുപടി നൽകാറില്ല. രണ്ടാമതും നോട്ടിസ് നൽകുകയാണ് അടുത്ത നടപടിക്രമം, ഇതിനും മറുപടി കിട്ടിയില്ലെങ്കിൽ രണ്ടു തവണ ഹിയറിങ് നടത്തണം.
ഇതിനു ശേഷമേ ജപ്തി നടപടികളിലേക്ക് കടക്കാൻ കഴിയൂ.
ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ച സ്ഥലത്തു പോലും ബോർഡുകൾ സ്ഥാപിക്കുന്നതും നടന്നു കഴിഞ്ഞ പരിപാടികളുടെ ബോർഡുകൾ നീക്കം ചെയ്യാത്തതും തലവേദനയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.സർക്കാർ വകുപ്പുകൾ പോലും കോർപറേഷനിൽ നിന്ന് അനുമതി ഇല്ലാതെയാണ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നത്.ഉദ്യോഗസ്ഥരുടെ കുറവ് കാരണം നിശ്ചിത ഇടവേളകളിൽ പരിശോധന നടത്താൻ കഴിയാത്ത അവസ്ഥയും ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

