പാറശാല∙കടൽക്ഷോഭത്തിൽ തകർന്ന പൊഴിയൂർ–നീരോടി തീരദേശ റോഡിനു താൽക്കാലിക ആശ്വാസം. ജില്ലാ കലക്ടറുടെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നാലു ലക്ഷം രൂപയും മന്ത്രി റോഷിഅഗസ്റ്റിന്റെ നിർദേശ പ്രകാരം ഇറിഗേഷൻ വകുപ്പ് പത്ത് ലക്ഷം രൂപയും വകയിരുത്തി നവീകരണം ആരംഭിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ജോലികൾ പൂർത്തിയാകും.
തെക്കേകൊല്ലങ്കോട് സെന്റ് മാത്യൂസ് ചർച്ച് ഇടവക വികാരി ഫാ.ഡൈസൺ, ഇടവക സെക്രട്ടറി ഡങ്സ്റ്റൺ സി.സാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം നിവേദനം നൽകിയതിനെ തുടർന്നാണ് തുക അനുവദിച്ചത്.
തകർന്ന റോഡ് നവീകരണത്തിനു എംപി ഫണ്ടിൽ നിന്ന് 43 ലക്ഷം അനുവദിച്ചെങ്കിലും ടെൻഡർ നൽകാൻ കരാറുകാർ തയാറായിട്ടില്ല. കരിങ്കല്ലിനു ജില്ലയിൽ നേരിടുന്ന ക്ഷാമം ആണ് കരാറുകാർ പിൻവാങ്ങാൻ കാരണം.
പൊഴിയൂരിൽ നിന്നു തമിഴ്നാട്ടിലേക്കുള്ള പ്രധാന റോഡ് മുന്നു മാസം മുൻപത്തെ കടൽക്ഷോഭത്തിൽ ആണ് ഇരുപത്തഞ്ച് മീറ്ററോളം ദൂരം കടൽ എടുത്തത്. പത്ത് മീറ്ററോളം താഴ്ചയിൽ പാത മണ്ണ് ഒലിച്ചു പോയതോടെ ഗതാഗതം തടസ്സപ്പെട്ടത് പ്രദേശവാസികളെ ദുരിതത്തിലാക്കി.
5 വർഷം മുൻപ് അതിർത്തിക്കപ്പുറം തമിഴ്നാട് ഭാഗത്ത് 176 മീറ്ററോളം ദൂരം പുലിമുട്ട് സ്ഥാപിച്ചതോടെ ആണ് കേരള തീരത്ത് തിരയടി ശക്തമായത്.
കടൽത്തീരത്ത് മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി കോടികൾ ചെലവിട്ട് നിർമിച്ച ഒട്ടേറെ കെട്ടിടങ്ങൾ ഇതോടെ കടൽ എടുത്തു. കടൽക്ഷോഭം ചെറുക്കാൻ പരുത്തിയൂർ മുതൽ തെക്കേകൊല്ലങ്കോട് വരെ 65 മീറ്റർ ദൂരം പുലിമുട്ട് സ്ഥാപിക്കുന്നതിനു സംസ്ഥാന സർക്കാർ 5 കോടി അനുവദിക്കുകയും ടെട്രാപോഡ് നിർമാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പുലിമുട്ട് സ്ഥാപിക്കുന്നതോടെ കടൽക്ഷോഭം തടഞ്ഞ് ജനവാസ മേഖലയിലേക്ക് തിരയടി എത്തുന്നത് തടയാൻ കഴിയുമെന്നാണ് വിലയിരുത്തൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]