
തിരുവനന്തപുരം ∙ യാത്രയ്ക്കിടയിൽ ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നു സ്വകാര്യബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി മൂന്നു പേർക്ക് പരുക്കേറ്റു.ബസിലെ ഡ്രൈവർ രതീഷിനും ബസിനുളളിൽ ഇരുന്ന രണ്ട് യാത്രക്കാർക്കും ആണ് പരുക്കേറ്റത്. രതീഷിനെ മെഡിക്കൽകോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.യാത്രക്കാരുടെ പരുക്ക് നിസ്സാരമാണ്.
ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ട് 3ന് എം.ജി റോഡിൽ സെക്രട്ടേറിയറ്റിനു സമീപത്തെ സ്പെൻസർ ജംക്ഷനിൽ ആയിരുന്നു അപകടം.
തിരുവനന്തപുരത്തും നിന്നും പുറപ്പെട്ട കാശിനാഥ് എന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ബസ് പെട്ടെന്ന് ഡിവൈഡറിൽ ഇടിച്ചു കയറി.
ഡിവൈഡറും സ്ട്രീറ്റ് ലൈറ്റിന്റെ തൂണും തകർന്നു.
ബസിൽ യാത്രക്കാർ കുറവായിരുന്നു. അപകടത്തെ തുടർന്ന് എം.ജി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
പൊലീസ് ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കിയ ശേഷമാണ് ഗതാഗതം സാധാരണനിലയിലായത്. 8 ദിവസത്തിനിടെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. ജനറൽ ആശുപത്രിക്കു മുൻപിൽ നടന്ന അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറും സെക്രട്ടേറിയറ്റ് നടയിൽ ബസ് ഇടിച്ച് അറുപത്തിരണ്ടുകാരിയും മരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]