
വെഞ്ഞാറമൂട് ∙ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി വെഞ്ഞാറമൂട് ടൗൺ. ഒരാഴ്ചയായി തുടർച്ചയായി എംസി റോഡിൽ ആലന്തറ മുതൽ പിരപ്പൻകോട് വരെ രൂക്ഷമായ കുരുക്കാണ്.
മേൽപാല നിർമാണം വൈകുന്നതിനാൽ ഗതാഗതക്കുരുക്ക് ഇനിയും തുടരുമെന്നാണ് ആക്ഷേപം. റോഡിൽ തിരക്ക് വർധിച്ചതോടെ വെഞ്ഞാറമൂട്ടിൽ രാത്രിയും പകലും യാത്ര ദുസ്സഹമായി.ജനുവരി 18ന് മേൽപാലത്തിന്റെ നിർമാണ ഉദ്ഘാടനം കഴിഞ്ഞ് ഇന്ന് 213 ദിവസം പിന്നിടുകയാണ്.
മേൽപാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ സജീവമായി തുടങ്ങാൻ ഇനിയും കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ആഴ്ചയാണ് വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള കെഎസ്ഇബിയുടെ ജോലികൾ ആരംഭിച്ചത്.കെഎസ്ഇബി ജോലികളും മെല്ലെപ്പോക്ക് രീതിയിൽ ഇഴഞ്ഞു നീങ്ങുകയാണ് എന്ന ആക്ഷേപം ശക്തമാണ്. വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കൽ ജോലികൾ പൂർത്തിയാക്കാൻ ഇനിയും രണ്ടാഴ്ച കൂടി കഴിയും എന്നാണ് അധികൃതരുടെ ഭാഷ്യം.
തത്വത്തിൽ ഓണക്കാലം വെഞ്ഞാറമൂട് ജംക്ഷൻ ഗതാഗതക്കുരുക്കിന്റെ പിടിയിൽ അമരും.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ബജറ്റിൽ തുക വകയിരുത്തി മേൽപാലം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. ടെൻഡർ തുക വർധിച്ചതിനാൽ മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെയാണ് കരാറിനു പിന്നീട് അംഗീകാരം ലഭിച്ചത്.മേൽപാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വൈകുന്നതിൽ വിവിധ യോഗങ്ങളിൽ യാത്രക്കാരുടെ ആശങ്ക ഉയർന്നതിനെത്തുടർന്ന് ജൂണിൽ ആരംഭിക്കാൻ കഴിയുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
കഴിഞ്ഞ മാസം വിവിധ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനും നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചിരുന്നു.
തുടർന്നാണ് കെഎസ്ഇബി ജോലികൾ ആരംഭിച്ചത്.മേൽപാലം കരാറുകാരാണ് കെഎസ്ഇബിയുടെ മേൽനോട്ടത്തിൽ വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ ചെയ്യുന്നത്. ഇത് വേഗത്തിലാക്കാൻ നടപടിയില്ല.റോഡിൽ ഗതാഗതക്കുരുക്ക് വർധിച്ചതിനാൽ പ്രതിഷേധം ശക്തമായതോടെ വാഹനങ്ങൾ എംസി റോഡിൽ നിന്നും വഴി തിരിച്ചു വിടാൻ ആരംഭിച്ചിരുന്നു
.
കോട്ടയം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ എംസി റോഡിൽ അമ്പലംമുക്ക് തിരിഞ്ഞ് നെല്ലനാട് വഴി പിരപ്പൻകോട് എത്തി തിരുവനന്തപുരത്തേക്ക് പോകാനും തിരുവനന്തപുരത്തു നിന്നും വരുന്ന വാഹനങ്ങൾ ഇതേ വഴി തിരിച്ചു പോകാനും തീരുമാനിച്ചു. തിരുവനന്തപുരത്തു നിന്നും വെഞ്ഞാറമൂട് വഴി ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്നതിനുള്ള വാഹനങ്ങൾ തൈക്കാട് സമന്വയ നഗർ വഴി പാകിസ്ഥാൻമുക്കിൽ എത്തി ആറ്റിങ്ങൽ റോഡിൽ പ്രവേശിക്കാനും തീരുമാനിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]