
വർക്കല ∙ ജില്ലയിൽ വീണ്ടും തെരുവുനായ ആക്രമണം. പുല്ലാന്നിക്കോട് ജംക്ഷനിൽ കഴിഞ്ഞദിവസം അലഞ്ഞുതിരിഞ്ഞ തെരുവുനായ 9 വയസ്സുകാരനെയടക്കം മൂന്നു പേരെ കടിച്ചു.
പുല്ലാന്നിക്കോട് സ്വദേശി ജെയ്സണിന്റെ മകൻ കാശി(9), പുത്തൻവിള വീട്ടിൽ ലളിതാംബിക (62), പ്ലാവിള വീട്ടിൽ ബീന(56) എന്നിവർക്കാണ് കടിയേറ്റത്. കാശി, ലളിതാംബിക എന്നിവർക്ക് കാലിനും ബീനയ്ക്കു കൈയ്ക്കും കാലിനുമാണ് കടിയേറ്റത്.
എല്ലാവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. പ്രദേശത്ത് നായ ശല്യം അടുത്തകാലത്ത് വർധിച്ചെന്നാണ് പരാതി.
ഒട്ടേറെപ്പേരെ കടിച്ച നായയെ തല്ലിക്കൊന്നു
കഴിഞ്ഞദിവസം തിരുപുറത്തിനു സമീപം കഞ്ചാംപഴിഞ്ഞി, പാഞ്ചിക്കാട്ട് കടവ്, മാവിളക്കടവ് തുടങ്ങിയ പ്രദേശങ്ങളിൽ ഒട്ടേറെ പേരെ ആക്രമിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു.
ഇത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നു. മാവിളക്കടവ് ഭാഗത്ത് നിന്ന് എത്തിയ നായയാണ് പാഞ്ചിക്കാട്ട് കടവ്, കഞ്ചാംപഴിഞ്ഞി പ്രദേശത്തെ ഒട്ടേറെ പേരെ കടിച്ചത്.
നായയുടെ ആക്രമണം ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണു ഓട്ടോ ഡ്രൈവർ സതീഷിനു പരുക്കേറ്റിരുന്നു. മാവിളക്കടവ് സ്വദേശി ഉഷ കുമാരിയെ (60) വീടിനുള്ളിൽ കയറിയാണ് നായ കടിച്ചത്.
കഞ്ചാംപഴിഞ്ഞി സ്വദേശി കൃഷ്ണൻ നായർ (70), കഞ്ചാംപഴിഞ്ഞി സ്വദേശി വിജയൻ (58) തുടങ്ങിയവരും തെരുവുനായയുടെ ആക്രമണത്തിന് ഇരയായവരാണ്.
നായ്ക്കളെ പിടിക്കുന്നില്ല; പഞ്ചായത്തിനെതിരെ പരാതി
പള്ളിപ്പുറം കരിച്ചാറ ഭാഗങ്ങളിൽ വിദ്യാർഥികൾ അടക്കം പത്തിലധികം പേർക്ക് കടിയേറ്റ സംഭവത്തിൽ തെരുവുനായ്ക്കളെ പിടികൂടാൻ പഞ്ചായത്ത് നടപടി എടുത്തില്ലെന്ന ആരോപണവുമായി നാട്ടുകാർ. കഴിഞ്ഞ രണ്ടുദിവസമായി നാട്ടിൽ ഭീതി പരത്തി പായുന്ന നായയെ പിടികൂടാനായി നാട്ടുകാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
വ്യാഴാഴ്ച വൈകിട്ടും പള്ളിപ്പുറം പ്രദേശത്ത് ഇതേ നായയെ കണ്ടതായി നാട്ടുകാർ പറയുന്നു. കടിയേറ്റവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും, മെഡിക്കൽകോളജ് ആശുപത്രിയിലും, ജനറൽ ആശുപത്രിയിലും ചികിത്സ തേടുകയും കുത്തിവയ്പ് എടുക്കുകയും ചെയ്തു.പകൽ നായ്ക്കൂട്ടവും രാത്രി പന്നിക്കൂട്ടവും ഇറങ്ങുന്നതിനാൽ കണിയാപുരത്തും സമീപ പ്രദേശങ്ങളിലും നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.അണ്ടൂർക്കോണം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞു നടക്കുന്ന നായ്ക്കൾ കടുത്ത ഭീഷണിയാണ്.
പ്രത്യേകിച്ചു പള്ളിപ്പുറം സിആർപിഎഫിൽ നിന്നും കാരമൂട് പോകുന്ന വഴിയിൽ അറവു ശാലയിൽ നിന്നുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവാണ്. അവ തിന്നാൻ കൂട്ടത്തോടെ എത്തുകയാണ് നായ്ക്കൾ.
പന്നികൾ കൂട്ടമായി ഇറങ്ങി കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നുമുണ്ട്.
വളർത്തു നായയ്ക്ക് പേവിഷബാധ; ഭീതിയടങ്ങുന്നില്ല…
24 മണിക്കൂറിനുള്ളിൽ ആനന്ദേശ്വരം ഇടത്തറ പ്രദേശങ്ങളിൽ രണ്ടു കുട്ടികൾ അടക്കം 10 പേരെ കടിച്ച വളർത്തുനായയ്ക്കു പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട്ടുകാർ ഭീതിയിൽ. 9, 10 തീയതികളിലാണ് 10 പേർക്കും വളർത്തു മൃഗങ്ങൾക്കും കടിയേറ്റത്.
കടിയേറ്റവർ എല്ലാവരും മെഡിക്കൽ കോളജ് ആശുപത്രിയിലും പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുകയും പേവിഷബാധയ്ക്കെതിരെ കുത്തിവയ്പ് എടുക്കുകയും ചെയ്തിരുന്നു. നഗരസഭയിൽ നിന്നും ജീവനക്കാർ എത്തി നായ കടിച്ചു എന്നു കരുതുന്ന മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]