പാലോട്∙ നന്ദിയോട് പഞ്ചായത്തിലെ പേരയം താന്നിമൂട് റോഡിന്റെ പണി കരാറുകാരൻ ഉപേക്ഷിച്ചിട്ട് രണ്ടു മാസത്തോളമാകുന്നു. പണി പുനരാരംഭിക്കാത്തതിൽ നാട്ടുകാർക്കു പ്രതിഷേധമുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പണി നടന്നിരുന്നത്. പുറമ്പോക്ക് എടുത്തു വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ചില അഭിപ്രായങ്ങളെ തുടർന്ന് അതു നിർത്തിവയ്ക്കുകയും നിർമാണ സാമഗ്രികൾ കോൺട്രാക്ടർ തിരികെ കൊണ്ടുപോവുകയും ചെയ്തു.
വീതി കൂട്ടാൻ ആവശ്യത്തിന് പുറമ്പോക്ക് ഉണ്ടെന്നും അളന്നു തിട്ടപ്പെടുത്തി വീതി കൂട്ടണമെന്നും ഒരു വിഭാഗം വാദിച്ചു. പേരയം ജംക്ഷൻ താളിക്കുന്ന്, ഖാദി ബോർഡ് ജംക്ഷൻ എന്നിവിടങ്ങളിലാണ് തർക്കം രൂക്ഷമായത്.
വീതി കൂട്ടുന്നത് ഡിപിആറിൽ ഇല്ലെന്നാണ് കരാറുകാരൻ പറയുന്നത്. ചില സ്ഥലങ്ങളിൽ വീതി കൂട്ടുന്നതിനെതിരെയും ചില നിർമാണങ്ങൾ എടുക്കുന്നതിനെതിരെയും പ്രതിഷേധം ഉണ്ടായി.
സമവായം ഉണ്ടാക്കാൻ ആരും ശ്രമിച്ചില്ല. ഇതോടെയാണ് കരാറുകാരൻ പണി മതിയാക്കി പോയത്.
പേരയം മുതൽ വലിയ താന്നിമൂട് വരെയുള്ള നാലര കിലോമീറ്റർ റോഡ് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ബിഎം ബിസി നിലവാരത്തിൽ പുനർനിർമിക്കാൻ അഞ്ചു കോടി രൂപ അനുവദിച്ചെങ്കിലും കുടവനാട് മുതൽ താന്നിമൂട് വരെയുള്ള ഭാഗം വന മേഖല ആയതിനാൽ ഈ ഭാഗത്ത് വലിയ നിർമാണങ്ങളോ വീതികൂട്ടലോ നടക്കില്ല.
കുടവനാട് മുതൽ പേരയം വരെയുള്ള ഭാഗത്തു മാത്രമാണ് കാര്യമായ പണി നടത്താൻ കഴിയുന്നത്. താളിക്കുന്ന് മുതൽ പേരയം വരെയുള്ള ഭാഗത്തു ആവശ്യമായ പുറമ്പോക്ക് ഭൂമി ഉള്ളതായി താലൂക്ക് സർവേയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
നാട്ടുകാരുടെ വസ്തുവകകളെ കാര്യമായി ബാധിക്കാതെയും എന്നാൽ യാത്ര സൗകര്യവും സുരക്ഷയും ഉറപ്പാക്കിയും റോഡ് പണി നടത്തണമെന്നാണ് ഒരു വിഭാഗം പറയുന്നത്. മുതുവിള പാലുവള്ളി നന്ദിയോട് റോഡിന്റെ പണിയും ഇഴയുന്നു.
നന്ദിയോട് പാലുവള്ളി ഭാഗത്ത് മെറ്റൽ പാകിയിട്ട് ഏറെ നാളായി ടാറിങ് നടക്കാതെ മെറ്റൽ ഇളകി അപകടക്കെണിയായി. എംസി, ടി.എസ് റോഡുകളെ വളരെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഈ റോഡ് വർക്കല, പൊന്മുടി ടൂറിസം മേഖലകളെ ബന്ധിപ്പിച്ചു സർവീസ് നടത്തുന്നതടക്കമുള്ള ലക്ഷ്യത്തോടെയാണ് പണിയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]