തിരുവനന്തപുരം ∙ ദുബായിൽ നിന്നു 600 ഗ്രാം സ്വർണവുമായെത്തിയ തമിഴ്നാട് വെല്ലൂർ സ്വദേശി സർദാർ ബാഷയെ വിമാനത്താവളത്തിൽ ആക്രമിച്ചു ബാഗ് കവർന്ന കേസിൽ കൊല്ലം കുളത്തൂപ്പുഴ സ്വദേശികളായ സഹോദരർ അടക്കം 4 പേർ പിടിയിൽ. പതിനാറേക്കർ സ്വദേശി മുഹമ്മദലി (അലി –22), അനുജൻ അഷ്കർ(20), സുഹൃത്തുക്കളായ ആൽബിൻ ജോൺ (19), മുഹമ്മദ് അഫ്സൽ (23) എന്നിവരാണ് പിടിയിലായത്. ഇവർ വാടകയ്ക്കെടുത്ത ഇന്നോവ കാറും പൊലീസ് കണ്ടെത്തി. എന്നാൽ ഈ സംഘം തട്ടിയെടുത്ത ബാഗിൽ വസ്ത്രങ്ങളും പഴയ പാസ്പോർട്ടും മാത്രമാണെന്നും സർദാർ കടത്തിക്കൊണ്ടു വന്ന സ്വർണം തമിഴ്നാട്ടിലെ സംഘം കൊണ്ടുപോയെന്നും പൊലീസ് കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി.
സർദാർ ഇതേ സംഘത്തിന്റെ കാരിയറാണ്. തമിഴ്നാട് സംഘത്തെ വെട്ടിച്ച് സ്വർണം പൊട്ടിക്കാനായിരുന്നു കുളത്തൂപ്പുഴയിലെ സംഘം എത്തിയത്. മുഹമ്മദലിയുടെയും അഷ്കറിന്റെയും വിദേശത്തുള്ള സഹോദരനാണ് സ്വർണം കടത്തുന്ന വിവരം ഒരാഴ്ച മുൻപ് ഈ സംഘത്തെ അറിയിച്ചത്. വിമാനത്താവളത്തിൽ കാത്തു നിന്ന സംഘം പുറത്തിറങ്ങിയ സർദാർ ബാഷയെ ആക്രമിച്ച് രണ്ടു ബാഗുകളിൽ ഒന്ന് തട്ടിയെടുത്തു.
ഇതിനിടെ സർദാറിനെ കൊണ്ടുപോകാൻ എത്തിയ തമിഴ്നാട് സംഘം ആക്രമിച്ചതോടെ കുളത്തൂപ്പുഴ സംഘം കിട്ടിയ ബാഗുമായി സ്ഥലം വിട്ടു. വാടകയ്ക്കെടുത്ത കാർ തിരികെ നൽകി ഒളിവിൽ പോയി.
സിറ്റി പൊലീസിന്റെ ഷാഡോ സ്ക്വാഡ് എസ്.ഐ അജേഷും സംഘവുമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
സ്വർണം പൊട്ടിക്കൽശ്രമം അമ്മയുടെ അറിവോടെ
പ്രതികളിലൊരാളുടെ അമ്മയ്ക്ക് സ്വർണം പൊട്ടിക്കൽ ശ്രമം അറിയാമായിരുന്നെന്നും സംഭവ ശേഷം മകനും അമ്മയും തമ്മിൽ നടന്ന വാട്സാപ് ചാറ്റിൽ ഇതിന്റെ തെളിവുകൾ ലഭിച്ചെന്നും പൊലീസ് പറഞ്ഞു. തിങ്കൾ പുലർച്ചെ 3.30ന് വിമാനത്താവളത്തിലെ പിക്അപ് ഏരിയയിൽ ആയിരുന്നു സംഭവം. സ്വർണക്കടത്ത് പുറത്തറിയാതിരിക്കാനായി ബാഗ് നഷ്ടമായെന്നു മാത്രമാണ് സർദാർ ആദ്യം പൊലീസിൽ മൊഴി നൽകിയത്.
ചോദ്യം ചെയ്യൽ കടുപ്പിച്ചതോടെ ഏതാനും ആഭരണങ്ങളും 30,000 രൂപയും ബാഗിൽ ഉണ്ടായിരുന്നെന്ന് മാറ്റി പറഞ്ഞു. സർദാർ സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറാണെന്ന് സംശയം ബലപ്പെട്ടിട്ടും പൊലീസ് ആ വഴിക്ക് കൂടുതൽ അന്വേഷണം നടത്തിയതുമില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]