
ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം
തിരുവനന്തപുരം ∙ രാജ്ഭവനിൽ ആർഎസ്എസ് നേതാക്കളുടെ ചിത്രങ്ങൾ സ്ഥാപിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ ഗവർണർ രാജേന്ദ്ര അർലേക്കറിനെതിരെ ബാനർ ഉയർത്തി എസ്എഫ്ഐ പ്രതിഷേധം. ‘ചാൻസലറെയാണു വേണ്ടത്, ഗാന്ധിജിയുടെ ഘാതകരെയല്ലെന്ന’ ബാനറാണ് ഉയർത്തിയത്. രാവിലെ 10.45ന് ഗവർണർ സെനറ്റ് യോഗത്തിലെ പ്രസംഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതിഷേധം.
നേരത്തേ, സർവകലാശാല ഗേറ്റിനു മുന്നിൽ ബാനർ സ്ഥാപിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.
പിന്നീട് പ്രധാന കവാടത്തിന്റെ തൂണുകളിൽ മഹാത്മാഗാന്ധിയുടെയും ഡോ.ബി.ആർ.അംബേദ്കറിന്റെയും ചിത്രങ്ങൾ കെട്ടിവച്ചു. പൊലീസ് ഇത് നീക്കംചെയ്തു.
തുടർന്ന്, യോഗത്തിനു ശേഷം ഗവർണർ പുറത്തിറങ്ങിയപ്പോഴാണ് ബാനർ ഉയർത്തിയത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് , എസ്.കെ.ആദർശ്, ആർ.അവിനാശ്, എം.എ.നന്ദൻ, കാർത്തിക് എന്നിവർ നേതൃത്വം നൽകി.
സീറ്റുകൾ കാലിയാകാൻ കാരണം അമിത രാഷ്ട്രീയം: ഗവർണർ
രാഷ്ട്രീയ അതിപ്രസരം കേരളത്തിലെ കോളജുകളിലും സർവകലാശാലകളിലുംനിന്ന് വിദ്യാർഥികളെ അകറ്റുന്നതായി ഗവർണർ രാജേന്ദ്ര അർലേക്കർ.
കോളജുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിനു കാരണം അമിത രാഷ്ട്രീയമാണ്. പുണെയിൽ സ്വകാര്യ സർവകലാശാല സന്ദർശിച്ചപ്പോൾ അവിടെ ബഹുഭൂരിപക്ഷവും മലയാളി വിദ്യാർഥികളെയാണു കണ്ടതെന്നും ഗവർണർ പറഞ്ഞു.
എസ്എഫ്ഐക്ക് വിജയം
സിൻഡിക്കറ്റിലെ വിദ്യാർഥി പ്രതിനിധി തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം.
56 വോട്ട് നേടി എസ്എഫ്ഐയുടെ വൈഭവ് ചാക്കോ വിജയിച്ചു. തിരുവനന്തപുരം ലോ അക്കാദമി വിദ്യാർഥിയും എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമാണ്.
കെഎസ്യുവിന്റെ മുഹമ്മദ് ഷിനാസ് ബാബുവിന് 13 വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]