തിരുവനന്തപുരം ∙ കേരള സന്ദർശനത്തിന് എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിനു ഗവർണർ രാജേന്ദ്ര ആർലേക്കർ ഒരുക്കുന്ന അത്താഴ വിരുന്നിലേക്കു നൂറ്റൻപതോളം പേരെ ക്ഷണിക്കും. 22നു വഴുതക്കാട്ടെ ഹോട്ടലിലാണു വിരുന്ന്.
മുഖ്യമന്ത്രി, മന്ത്രിമാർ, 2 കേന്ദ്രമന്ത്രിമാർ, എംപിമാർ, ജില്ലയിലെ എംഎൽഎമാർ, ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ, വിരമിച്ച ചീഫ് സെക്രട്ടറിമാർ, വിരമിച്ച ഡിജിപിമാർ, പ്രധാന രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന അധ്യക്ഷർ, സാമുദായിക നേതാക്കൾ, പൗരപ്രമുഖർ തുടങ്ങിയവരെയാണു ക്ഷണിക്കുക. മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, മുൻ കേരള ഗവർണറും ഇപ്പോൾ ബിഹാർ ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരും പങ്കെടുക്കും.
രാജ്ഭവനിൽ 23നു രാവിലെ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാഛാദനം ചെയ്യുന്നുണ്ട്.
ഈ ചടങ്ങിൽ പങ്കെടുക്കാനാണു റാംനാഥ് കോവിന്ദും ആരിഫ് മുഹമ്മദ് ഖാനും എത്തുന്നത്. ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായിരിക്കെ, രാജ്ഭവനിൽ താമസിക്കാനെത്തിയ റാംനാഥ് കോവിന്ദാണു കെ.ആർ.നാരായണന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആശയം മുന്നോട്ടുവച്ചത്.
21നു വൈകിട്ട് എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിനു താമസിക്കാനായി രാജ്ഭവനിൽ അറ്റകുറ്റപ്പണിയും പെയ്ന്റിങ് ജോലികളും പുരോഗമിക്കുകയാണ്.
സാധാരണ, മുൻ രാഷ്ട്രപതിമാരും മറ്റു സംസ്ഥാനങ്ങളിലെ ഗവർണർമാരും എത്തിയാൽ രാജ്ഭവനിലാണു തങ്ങാറുള്ളതെങ്കിലും രാഷ്ട്രപതി കൂടി ഉള്ളതിനാൽ റാംനാഥ് കോവിന്ദും ആരിഫ് മുഹമ്മദ് ഖാനും സർക്കാരിന്റെ അതിഥികളായി ഹോട്ടലിൽ താമസിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]