തിരുവനന്തപുരം ∙ പാമ്പുകടിയേറ്റുള്ള വിഷബാധ നോട്ടിഫൈഡ് രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. പാമ്പുവിഷം ബാധിച്ചുള്ള മരണം കുറയ്ക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂപീകരിച്ച ദേശീയ പദ്ധതിയുടെ ആനുകൂല്യങ്ങൾ സംസ്ഥാനത്തിന് ഇതോടെ ലഭ്യമാകും.
ഹൈക്കോടതി നിർദേശമനുസരിച്ചാണ് നടപടി. വിവരങ്ങൾ ശേഖരിക്കേണ്ടതും ചികിത്സാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതും, പകരുന്നതല്ലാത്തതുമായ രോഗത്തിന്റെ വിഭാഗത്തിലാണ് പാമ്പുകടി ഉൾപ്പെടുക.
പാമ്പുകടിയേറ്റു മരിച്ചാൽ 4 ലക്ഷം രൂപയാണ് സർക്കാർ നഷ്ടപരിഹാരം നൽകുക. രോഗമായി പ്രഖ്യാപിച്ചാലും നഷ്ടപരിഹാരം തുടരും.
പാമ്പുവിഷബാധ ‘നോട്ടിഫൈഡ് ഡിസീസ്’ ആയി പ്രഖ്യാപിക്കണമെന്നു നവംബറിൽ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളം അനുകൂലമായി പ്രതികരിച്ചില്ല. എന്നാൽ അയൽസംസ്ഥാനങ്ങളായ കർണാടകയും തമിഴ്നാടും വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇതിനിടെയാണ് പാമ്പുകടിയേറ്റുള്ള മരണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെ പട്ടികയിൽ ഉൾപ്പെടുത്തി രണ്ടാഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ ഹൈക്കോടതി നിർദേശിക്കുന്നത്. സ്കൂളുകളിലെ പാമ്പുശല്യം ഒഴിവാക്കാൻ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിന്റെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ മാർഗരേഖയിലും രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്തിരുന്നു.
6 മാസം; 17 മരണം
13 വർഷത്തിനിടെ 1120 പേരും, 6 മാസത്തിനിടെ 17 പേരും കേരളത്തിൽ പാമ്പുകടിയേറ്റ് മരിച്ചെന്നാണ് കണക്ക്. പ്രതിവർഷം 8000 മുതൽ 12,000 വരെ ആളുകൾ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നു. നോട്ടിഫൈഡ് ഡിസീസ് ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആശുപത്രികളിൽ ആന്റിവെനം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി കടിയേറ്റവരെ തിരിച്ചയയ്ക്കാൻ കഴിയില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ പാമ്പുവിഷത്തിന്റെ ചികിത്സാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കേണ്ടിയും വരും
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]