ആറ്റിങ്ങൽ∙ ആറ്റിങ്ങൽ പട്ടണത്തിലെ ഗതാഗത പരിഷ്കരണം അട്ടിമറിച്ചതായി ആരോപിച്ച് ബിജെപി പ്രവർത്തകർ പാലസ് റോഡ് ഉപരോധിച്ചു. പ്രതിഷേധിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സുധീർ, നോർത്ത് ജില്ലാ പ്രസിഡന്റ് റജികുമാർ എന്നിവരടക്കമുള്ള ബിജെപി പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
ഇന്നലെ രാവിലെ നടന്ന ഡിവൈഎസ്പി ഓഫിസ് മാർച്ചിന് ശേഷമാണ് സംഘടിച്ചെത്തിയ പ്രവർത്തകർ സ്വകാര്യ ബസുകൾ തടഞ്ഞ് പാലസ് റോഡ് ഉപരോധിച്ചത്.
. പ്രതിഷേധിച്ച വനിതകളടക്കം 16 പേർക്കെതിരെ കേസെടുത്തു.
അറസ്റ്റ് ചെയ്ത ബിജെപി പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
മേയ് 30ന് കൂടിയ ഗതാഗത പരിഷ്കരണ സമിതി യോഗത്തിൽ പാലസ് റോഡ് വൺവേ ആക്കണമെന്ന് തീരുമാനിച്ചിരുന്നു . തീരുമാനം നടപ്പാക്കാത്തതിനെ തുടർന്ന് ഉയർന്ന വിവാദങ്ങൾക്ക് ഒടുവിൽ ജൂലൈ 5 ന് വീണ്ടും ഗതാഗത പരിഷ്കരണ സമിതി യോഗം കൂടി.
പാലസ് റോഡിൽ വലിയ വാഹനങ്ങൾക്ക് മാത്രം നിരോധനം ഏർപ്പെടുത്തി പുതിയ തീരുമാനമെടുത്തെങ്കിലും അതും നടപ്പായില്ല . , വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ വിദഗ്ധ സംഘം പട്ടണത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് തയാറാക്കി ജില്ലാ കലക്ടർക്ക് സമർപ്പിച്ച പഠന റിപ്പോർട്ടിലും പട്ടണത്തിലെ പാലസ് റോഡ് വൺവേ ആക്കണമെന്ന് നിർദേശിച്ചിരുന്നു.
രണ്ട് തവണ കൂടിയ ഗതാഗത പരിഷ്കരണ സമിതി യോഗങ്ങളിലെ തീരുമാനങ്ങളും കലക്ടർക്ക് നൽകിയ റിപ്പോർട്ടും നടപ്പാക്കാതെ അട്ടിമറിക്കുകയായിരുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ജില്ലാ കമ്മിറ്റിയംഗം രാജലക്ഷ്മി അടക്കമുള്ള വനിത പ്രവർത്തകരെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുധീർ ആരോപിച്ചു.
സമാധാന പരമായി പ്രതിഷേധിച്ച സമരക്കാരെ പ്രകോപിക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും നോർത്ത് ജില്ലാ പ്രസിഡന്റ് റജികുമാറും, സംസ്ഥാന വൈസ്പ്രസിഡന്റ് പി.സുധീർ എന്നിവർ അറിയിച്ചു.
ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു. പ്രതിഷേധ സമരം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സുധീർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് റജികുമാർ , മണ്ഡലം പ്രസിഡന്റ് ബിജു എന്നിവർ പ്രസംഗിച്ചു
അട്ടിമറിക്ക് പിന്നിൽ വൻ സാമ്പത്തിക ഇടപാട്: ബിജെപി
∙ നാല് മാസത്തിനിടെ രണ്ട് തവണ കൂടിയ ഗതാഗത പരിഷ്കരണ യോഗങ്ങളിലെ തീരുമാനം അട്ടിമറിച്ച് മുൻ തീരുമാനങ്ങൾക്ക് വിരുദ്ധമായ തീരുമാനം നടപ്പിലാക്കിയത് സ്വകാര്യബസ് ഉടമകളെ സംരക്ഷിക്കാനാണെന്നും, വൻ സാമ്പത്തിക ഇടപാട് ഇതിന് പിന്നിൽ നടന്നിട്ടുള്ളതായും ബിജെപി സംസ്ഥാന പ്രസിഡന്റ് പി. സുധീർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ ഉടൻ പുറത്ത് വിടുമെന്നും സുധീർ പറഞ്ഞു.
പാലസ് റോഡ് വൺവേ ആക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം സമരം ചെയ്യുകയും നിവേദനം നൽകുകയും ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകർ ഇപ്പോൾ മൗനം നടിക്കുകയാണെന്നും , സിപിഎം നേതൃത്വത്തിലുള്ള നഗരസഭയുടെ പുതിയ തീരുമാനത്തിനെതിരെ പ്രതികരിക്കാത്ത ഡിവൈഎഫ്ഐ പ്രവർത്തകർ നയം വ്യക്തമാക്കണമെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
പരിഷ്കരണം നടപ്പാക്കി
∙ ഗതാഗത പരിഷ്കരണ സമിതിയുടെ പുതിയ തീരുമാന പ്രകാരമുള്ള ഗതാഗത പരിഷ്കരണം ഇന്നലെ ഉച്ചയോടെ നിലവിൽ വന്നതായി പൊലീസ് അറിയിച്ചു.
പുതിയ തീരുമാന പ്രകാരം രാവിലെ എട്ട് മുതൽ 10.30 വരെയും വൈകുന്നേരം മൂന്ന് മുതൽ അഞ്ചര വരെയും പാലസ് റോഡിൽ വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയാണ് പുതിയ തീരുമാനം . …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]