
തിരുവനന്തപുരം∙ റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ സർവകലാശാലയുടെ ഒൗദ്യോഗിക വാഹനം ഉപയോഗിക്കുന്നതു വിലക്കിയ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിന്റെ ഉത്തരവ് നടപ്പായില്ല. താക്കോൽ ഡ്രൈവറിൽ നിന്നു വാങ്ങി വാഹനം ഗാരിജിൽ സൂക്ഷിക്കാൻ റജിസ്ട്രാറുടെ അധികച്ചുമതലയുള്ള ഡോ.മിനി കാപ്പൻ സെക്യൂരിറ്റി ഓഫിസർക്ക് നിർദേശം നൽകിയിരുന്നു.
താൻ സർവകലാശാലാ നിയമപ്രകാരം റജിസ്ട്രാറായി തുടരുകയാണെന്നും തന്റെ സസ്പെൻഷൻ നിയമന അധികാരിയായ സിൻഡിക്കറ്റ് പിൻവലിച്ചതു കൊണ്ട് കാർ ഉപയോഗിക്കാൻ നിയമതടസ്സമില്ലെന്നും അനിൽകുമാർ അറിയിച്ചതായി സെക്യൂരിറ്റി ഓഫിസർ റിപ്പോർട്ട് ചെയ്തു. രണ്ടാം തവണയാണു വി.സിയുടെ ഉത്തരവ് സർവകലാശാലയിൽ നടപ്പാകാതെ പോകുന്നത്. റജിസ്ട്രാറെ സർവകലാശാലാ ഓഫിസിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന വി.സിയുടെ മുൻനിർദേശവും നടപ്പായിരുന്നില്ല.
ഓൺലൈൻ യോഗം: ലിങ്ക് റജിസ്ട്രാർക്ക് നൽകിയില്ല
വിദേശ വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട ഓൺലൈൻ യോഗത്തിന്റെ ലിങ്ക് ഡോ.
കെ.എസ്.അനിൽകുമാറിന് വി.സി നൽകിയില്ല. റജിസ്ട്രാറുടെ ചുമതലയുള്ള ഡോ.മിനി കാപ്പനാണ് യോഗത്തിൽ പങ്കെടുത്തത്. സർവകലാശാലയിലെ പ്രശ്നം തീർക്കാൻ സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്.
വി.സി സിൻഡിക്കറ്റ് യോഗം വിളിക്കട്ടെയെന്ന നിലപാടിലാണ് ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ. ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുക, ഭരണ പ്രതിസന്ധി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കെഎസ്യു ഇന്നലെ സർവകലാശാലയിൽ പ്രതിഷേധിച്ചു.
പൊലീസ് സംരക്ഷണം വേണമെന്ന് സിൻഡിക്കറ്റ് അംഗം: ഉത്തരവിറക്കാൻ ഹൈക്കോടതി വിസമ്മതിച്ചു
കൊച്ചി∙ ഭാരതാംബ വിവാദത്തെ തുടർന്നു കേരള സർവകലാശാലയിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പേരിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു സിൻഡിക്കറ്റ് അംഗം പി.
എസ്. ഗോപകുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവിറക്കാൻ വിസമ്മതിച്ചു.
സിൻഡിക്കറ്റ് അംഗത്തിനു സർവകലാശാലയിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അറിയിക്കണമെന്നും വ്യക്തികളുടെ ഭയാശങ്കകൾ മാത്രം കണക്കിലെടുത്ത് ഉത്തരവിറക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി.
ഹർജി അടുത്ത തിങ്കളാഴ്ച പരിഗണിക്കും. ഇടതു വിദ്യാർഥി, സർവീസ് സംഘടനകൾ സർവകലാശാല പ്രവർത്തനം തടസ്സപ്പെടുത്തുന്നത് തടയണമെന്നും സർവകലാശാലയിൽ പൊലീസ് സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടാണു ഹർജി. ഹർജിക്കാരനെ ആരെങ്കിലും തടയുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ? ആര് ചെയ്തുവെന്ന് അറിയിക്കണമെന്നു കോടതി വ്യക്തമാക്കി.
ഭരണപ്രതിസന്ധിക്കെതിരെ കെഎസ്യു രംഗത്ത്
തിരുവനന്തപുരം ∙ സർവകലാശാലയിലെ ഭരണപ്രതിസന്ധി തീർപ്പാക്കുക, രണ്ടായിരത്തി അഞ്ഞൂറോളം ബിരുദ ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കുക, 2024 കലോത്സവത്തിൽ പങ്കെടുത്ത മത്സരാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്യു ജില്ലാ കമ്മിറ്റി സർവകലാശാല സെനറ്റ് ഹാളിന് മുന്നിൽ ഉപരോധ സമരം നടത്തി.
ഇടത് സിൻഡിക്കറ്റ് അംഗങ്ങളും എസ്എഫ്ഐയും ഒരു വശത്തും വിസിയും ചാൻസലറും മറ്റൊരു മറ്റൊരു വശത്തുമായി നിന്ന് മാസങ്ങളായി നടത്തുന്ന രാഷ്ട്രീയക്കളികളാണ് പ്രതിസന്ധിക്ക് കാരണം.
വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നു കെഎസ്യു ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമൻ അധ്യക്ഷത വഹിച്ചു.
സെനറ്റ് അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സിംജോ സാമുവൽ സ്കറിയ, സെനറ്റ് അംഗങ്ങളായ പ്രിയങ്ക ഫിലിപ്പ്, സൽമാൻ മാനപ്പുറത്ത്, മുഹമ്മദ് ഷിനാസ്,നേതാക്കളായ നിഹാൽ, വിശാഖൻ, അഭിരാം, ഗൗരി സുരേഷ്, ആകാശ് കോട്ടുകാൽ, ശ്രീരാഗ് തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]