
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രന്ഥകാരൻ ടി. നാരായണൻ മാഷ് (85) അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രമുഖ സംഘടനാ നേതാവും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ടി. നാരായണൻ (85) അന്തരിച്ചു. ശനിയാഴ്ച (17) ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അന്ത്യം. ഞായർ ഉച്ചയ്ക്ക് 2 മണി മുതൽ ശിശുക്ഷേമസമിതിയിൽ പൊതുദർശനം. സംസ്കാരം വൈകുന്നേരം 4.30ന് തൈക്കാട് ശാന്തി കവാടത്തിൽ. ഭാര്യ ടി. രാധാമണി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രഥമവനിതാ പ്രസിഡന്റും കേന്ദ്ര പെൻഷൻകാരുടെ അസോസിയേഷൻ (സിജിപിഎ) സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.
മക്കൾ: എൻ. സുകന്യ (സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി), സുസ്മിത (മാതൃഭൂമി പാലക്കാട് ന്യൂസ് എഡിറ്റർ). മരുമക്കള്‍: മുന്‍ എംഎല്‍എ ജെയിംസ് മാത്യു, യു.പി.ജോസഫ് (സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയറ്റ് അംഗം).
ഓൾ ഇന്ത്യ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് അസോസിയേഷൻ മുൻ അഖിലേന്ത്യ പ്രസിഡന്റായും ബാലസംഘത്തിന്റെ രൂപീകരണ കാലഘട്ടത്തിൽ രക്ഷാധികാരികളുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. ശിശുക്ഷേമ സമിതിയുടെ ട്രഷററായും ഏറെക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1968ലും 1974ലും കേന്ദ്ര ജീവനക്കാരുടെ പണിമുടക്കിന് നേതൃത്വം നൽകി ഒട്ടേറെ ശിക്ഷാ നടപടികൾക്ക് വിധേയനായി.
പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്കടുത്തുള്ള ഞാങ്ങാട്ടിരിയിലെ തെക്കേടത്ത് മനയില്‍ രാമന് നമ്പൂതിരിയുടെയും നങ്ങേലി അന്തര്‍ജനത്തിന്റെയും മകനായി 1940 സെപ്റ്റംബര്‍ 22ന് ജനനം. പാലക്കാട് ജില്ലയിലെ എഴുമങ്ങാട് എയ്ഡഡ് യു.പി സ്കൂള്‍, തൃശൂര്‍ ജില്ല വരവൂര്‍ ഗവ. ഹൈസ്കൂള്‍, തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഏജീസ് ഓഫീസില്‍ 35 വര്‍ഷത്തെ സേവനം. അസി. അക്കൗണ്ട്സ് ഓഫീസറായി 1998 മാര്‍ച്ച് 31ന് വിരമിച്ചു.
ഏജീസ് ഓഫീസ് എന്‍ജിഒ അസോസിയേഷന് ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ഓള് ഇന്ത്യ ഓഡിറ്റ് & അക്കൗണ്ട്സ് അസോസിയേഷന് പ്രസിഡന്റ്, അഡീഷണല്‍ സെക്രട്ടറി ജനറല്‍, കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം, കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കുട്ടികളുടെ മാസികയായ തത്തമ്മയുടെ പത്രാധിപരായി ഒരു ദശാബ്ദത്തിലേറെക്കാലം പ്രവര്‍ത്തിച്ചു.