
കൊഴുപ്പുനീക്കൽ ശസ്ത്രക്രിയ വിവാദം: മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയെ തുടർന്ന് സോഫ്റ്റ്വെയർ എൻജിനീയർ എം.എസ്.നീതു (31) നേരിട്ട അപകടാവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കമ്മിഷൻ സിറ്റി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടു. സംഭവത്തിൽ നീതുവിന്റെ കുടുംബം മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് ഉത്തരവ്.
ശസ്ത്രക്രിയ നടത്തിയ തമ്പുരാൻമുക്ക് കോസ്മെറ്റിക് ക്ലിനിക് റജിസ്ട്രേഷനു വേണ്ടി നൽകിയ അപേക്ഷയിൽ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയ (ലെപോസക്ഷൻ) നടത്തുന്നതായി പറഞ്ഞിരുന്നില്ലെന്നാണു വിവരം. പ്ലാസ്റ്റിക് സർജറിയിലെ ചില ചികിത്സകൾ മാത്രമേയുള്ളു എന്നാണ് അറിയിച്ചത്. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് റജിസ്ട്രേഷനുവേണ്ടി അപേക്ഷ നൽകുന്ന സ്ഥാപനങ്ങൾ അവിടെ ഉള്ള ചികിത്സാ സൗകര്യങ്ങൾ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തേണ്ടതുണ്ട്.
ജില്ലാതല പരിശോധനാ സമിതി ഇക്കാര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് റജിസ്ട്രേഷനു ശുപാർശ നൽകുക.ജില്ലാ സമിതിയുടെ പരിശോധനയിലും ക്ലിനിക്കിൽ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയ നടത്തുന്ന വിവരം അറിയിച്ചിരുന്നില്ലെന്നാണ് വിവരം. കോസ്മെറ്റിക് ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്കു വിധേയയായ നീതു സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
പ്രോട്ടോക്കോൾ പാലിച്ചെന്ന് മെഡിക്കൽ റിപ്പോർട്ട്
തിരുവനന്തപുരം∙ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ സോഫ്റ്റ്വെയർ എൻജിനീയർ എം.എസ്.നീതുവിനു (31) കോസ്മെറ്റിക് ക്ലിനിക്കിൽ മെഡിക്കൽ പ്രോട്ടോക്കോൾ പ്രകാരമുളള ചികിത്സയാണ് നൽകിയതെന്ന് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ചുകൊണ്ട് ഡിഎംഒയുടെ മറുപടി കുടുംബത്തിനു ലഭിച്ചു. നീതു സ്വയം ആവശ്യപ്പെട്ടാണ് ശസ്ത്രക്രിയയ്ക്കായി സമീപിച്ചതെന്നും ഡിസ്ചാർജ് ചെയ്തത് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടാം ദിവസം ക്ലിനിക്കിലെത്തിയ നീതുവിനെ, കൂടുതൽ പരിചരണത്തിനും ചികിത്സയ്ക്കുമായി ഉടൻ വിദഗ്ധ ആശുപത്രിയിലേക്ക് മാറ്റാമായിരുന്നെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സ്വകാര്യ ആശുപത്രിയിൽ നീതുവിന്റെ ജീവൻ രക്ഷിക്കാൻ സാധ്യമായ പരിചരണം നൽകിയെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, രോഗിയെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുന്നതിൽ നേരിട്ട കാലതാമസം ക്ലിനിക്കിന്റെ ഭാഗത്തെ അശ്രദ്ധയാണോ എന്നും ഇത് രോഗിയുടെ അവസ്ഥ വഷളാക്കിയെന്നോ എന്നും റിപ്പോർട്ടിൽ പരാമർശമില്ലെന്ന് ഡിഎംഒ സൂചിപ്പിച്ചു.