
10 ക്യാമറകൾ പ്രവർത്തന രഹിതം; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ നിധി ശേഖരം സൂക്ഷിക്കുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിൽ പത്തെണ്ണം പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശുന്നതു പുരോഗമിക്കുന്നതിനിടെ 13 പവൻ വരുന്ന സ്വർണക്കമ്പി കാണാതായതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഗുരുതര സുരക്ഷാവീഴ്ച കണ്ടെത്തിയത്. അതീവ സുരക്ഷാമേഖലയിലെ നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കാത്ത വിവരം സുരക്ഷാച്ചുമതലയുള്ള പൊലീസിന് അറിയാവുന്നതാണ്.
കൂടുതൽ ഭക്തർ പ്രവേശിക്കുന്ന കിഴക്കേനട, ശ്രീകോവിലിനു സമീപം തുടങ്ങിയ തന്ത്രപ്രധാന സ്ഥലങ്ങളിലെ ക്യാമറകളാണ് ഏതാനും മാസങ്ങളായി പ്രവർത്തിക്കാത്തത്. നടവരവായി ലഭിക്കുന്ന സ്വർണവും മറ്റും സൂക്ഷിക്കുന്ന സ്ട്രോങ് റൂമിന് സമീപത്തെ ക്യാമറകളും പ്രവർത്തിക്കുന്നില്ല. 24 മണിക്കൂറും ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കുന്ന പൊലീസ്, ക്യാമറകൾ കേടായ വിവരം മറച്ചുവച്ചത് ഗുരുതര വീഴ്ചയായി വിലയിരുത്തുന്നു. കേടായ ക്യാമറകൾ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് കരാർ കമ്പനിക്ക് കത്ത് നൽകിയിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.
സ്വർണക്കമ്പി കാണാതായതുമായി ബന്ധപ്പെട്ട് 32 പേരെ ഫോർട്ട് പൊലീസ് ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയെന്നു സംശയിക്കുന്ന ഏതാനും പേരെ പോളിഗ്രാഫ് പരിശോധനയ്ക്കു വിധേയരാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും മോഷണശ്രമമാണോ തുണിസഞ്ചിയിൽ നിന്ന് അബദ്ധത്തിൽ താഴെ വീണതാണോ എന്നു പോലും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. തുണിസഞ്ചിയിലാക്കിയാണ് സ്ട്രോങ് റൂമിൽ നിന്ന് നിർമാണം നടത്തുന്ന സ്ഥലത്തേക്കു സ്വർണം കൊണ്ടുപോയത്.
സമർപ്പണം അടുത്ത മാസം
പുനഃപ്രതിഷ്ഠ നടത്തിയ വിശ്വക്സേനാ വിഗ്രഹത്തിന്റെയും സ്വർണം പൂശിയ മേൽക്കൂര, താഴികക്കുടം, ശ്രീകോവിലിന്റെ വാതിൽ എന്നിവയുടെയും സമർപ്പണം അടുത്ത മാസം രണ്ടിനും എട്ടിനും ഇടയ്ക്കുള്ള കുംഭാഭിഷേകത്തോടനുബന്ധിച്ച് നടത്തും. താഴികക്കുടവും മേൽക്കൂരയും സ്വർണം പൂശുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 7 വർഷത്തോളമായി. കോവിഡ് ലോക്ഡൗൺ സമയത്ത് നിർമാണം നിർത്തിവച്ചു. ഈ സമയത്ത് നടവരവു കുറഞ്ഞതും സ്വർണം പൂശുന്നതിനു തടസ്സമായി. ശ്രീകോവിൽ സ്വർണം പൂശുന്നത് 25നു മുൻപ് പൂർത്തിയാക്കണമെന്നാണ് ഭരണസമിതി നൽകിയിരിക്കുന്ന നിർദേശം.