നെയ്യാറ്റിൻകര ∙ അടുത്ത ബന്ധുക്കൾ കബളിപ്പിച്ചു വായ്പ എടുത്തതിനെ തുടർന്നു വീട്ടമ്മയുടെ കിടപ്പാടം ബാങ്ക് ജപ്തിക്ക് ഒരുങ്ങുന്ന സംഭവത്തിൽ, പ്രതിപ്പട്ടികയിലുള്ള ശക്തികുമാർ, മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ മറ്റൊരു പരാതി നൽകി. ജപ്തി ഭീഷണി നേരിടുന്ന മഞ്ചവിളാകം നുളയ്ക്കോണം അശ്വതി നിവാസിൽ അനിതകുമാരിയുടെ സഹോദര ഭാര്യയും അവരുടെ സുഹൃത്തുക്കളും ചേർന്ന് തന്നെ വഞ്ചിച്ചുവെന്നായിരുന്നു ആരോപണം.
സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിക്കാനൊരുങ്ങി മാരായമുട്ടം പൊലീസ്.
മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ ഇന്നലെ പരാതിയുമായി എത്തിയ കൊല്ലം സ്വദേശി ശക്തികുമാർ, സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. കേരള ബാങ്കിന്റെ കിഴക്കേക്കോട്ട
ഹെഡ് ഓഫിസിൽ സ്പെഷൽ സെയിൽ ഓഫിസറായി ജോലി ചെയ്തിരുന്ന കാലത്താണ് പരാതിക്കാരി അനിതകുമാരിയുടെ സഹോദരൻ അജി കുമാറിന്റെ ഭാര്യ സുനിതയും അവരുടെ സുഹൃത്തുക്കളായ ഷൈനി, മേഴ്സി, ഉഷ, സുധ എന്നിവരും വായ്പയ്ക്കു വേണ്ടി ബാങ്കിൽ എത്തിയത്. കേരള ബാങ്കിന്റെ ഉദിയൻകുളങ്ങര ശാഖയിൽ 10 ലക്ഷം രൂപയുടെ വായ്പയ്ക്ക് അപേക്ഷിച്ചെങ്കിലും 5 ലക്ഷം മാത്രമേ ലഭിക്കുകയുള്ളുവെന്ന് മാനേജർ ഇവരെ അറിയിച്ചിരുന്നു.
എന്നാൽ, ഇവർക്ക് 10 ലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നു. ഇതു തരപ്പെടുത്താനാണ് ഹെഡ് ഓഫിസിൽ എത്തിയത്.
വായ്പയ്ക്കു വേണ്ടി വന്നവരുമായി മുൻപരിചയം ഇല്ലെങ്കിലും കൂട്ടത്തിലുണ്ടായിരുന്ന സുധയുടെ സഹോദരി തന്റെ അധ്യാപികയായതിനാൽ അവരെ സഹായിക്കാൻ ശ്രമിച്ചു. അതാണ് തനിക്ക് വിനയായതെന്ന് ശക്തികുമാർ പറയുന്നു.
വായ്പയ്ക്കു വന്നവർക്ക് തിരിച്ചടവിനുള്ള ശേഷി ഇല്ലാത്തതിനാൽ വായ്പ തന്റെ പേരിൽ എടുക്കാൻ മനസില്ലാ മനസോടെ സമ്മതിക്കുക മാത്രമാണ് ചെയ്തത്.
പണം മുഴുവൻ അജി കുമാറിന്റെ ഭാര്യ സുനിതയ്ക്കു കൈമാറി. ഒരു തവണ മാത്രമാണ് തിരിച്ചടച്ചത്.
മുടങ്ങിയപ്പോൾ പല തവണ സുനിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും വസ്തു വിറ്റ് തിരിച്ചടയ്ക്കുമെന്നും അവർ പറഞ്ഞതായും ശക്തികുമാർ പൊലീസിനു മൊഴി നൽകി.
പണയപ്പെടുത്തിയ ഭൂമിയുടെ ഉടമ അനിതകുമാരിയും സഹോദരനുമായി എന്തെങ്കിലും ഇടപാടുകളുണ്ടോ എന്ന് അറിയില്ലെന്നും ശക്തികുമാർ പൊലീസിനോട് വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മാരായമുട്ടം പൊലീസ് പ്രതികരിച്ചു.
വായ്പ കുടിശികയായതിനെ തുടർന്ന് ഈ മാസം 26നാണ് ബാങ്ക് ജപ്തി ചെയ്യുമെന്ന് അറിയിച്ചിട്ടുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]