
തിരുവനന്തപുരം ∙ സംസ്ഥാനത്തെ നഗരസഭകളിൽ, ഹരിതകർമസേന വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പണം നൽകി ഒരു മാസത്തിനിടെ ശേഖരിച്ചത് 33,945 കിലോ ഇ മാലിന്യം. ശേഖരിച്ച മാലിന്യത്തിന് കൊടുത്തത് 2,63,818.66 രൂപ.
ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ ഇ മാലിന്യം ശേഖരിച്ചത്. 12,261കിലോഗ്രാം!
അപകടകരമല്ലാത്ത ഇലക്ട്രോണിക്- ഇലക്ട്രിക്കൽ ഗണത്തിൽപെടുന്ന 44 ഇനങ്ങളാണ് കിലോഗ്രാം നിരക്കിൽ വിലനൽകി ശേഖരിക്കുന്നത്.
ചില നഗരസഭകളിൽ അലംഭാവം മൂലം പദ്ധതി ഇനിയും നടപ്പാക്കിത്തുടങ്ങിയിട്ടില്ല. നിലവിൽ നഗരസഭകളിൽ നടപ്പാക്കുന്ന പദ്ധതി അടുത്ത മാസത്തോടെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.
ശേഖരിക്കുന്നവ ക്ലീൻ കേരള കമ്പനിയിൽ എത്തിച്ച് തരംതിരിച്ച ശേഷം, വീണ്ടും ഉപയോഗിക്കാനോ സംസ്കരിക്കാനോ നിർമാർജനം ചെയ്യാനോ ബന്ധപ്പെട്ട കമ്പനികൾക്കു കൈമാറുമെന്ന് ശുചിത്വ മിഷൻ വ്യക്തമാക്കി.
ഹരിതകർമസേന കൺസോർഷ്യം ഫണ്ടിൽനിന്നോ തദ്ദേശസ്ഥാപനത്തിന്റെ തനത് ഫണ്ടിൽനിന്നോ ആകും വില നൽകുന്നത്. ക്ലീൻ കേരള കമ്പനി ഏറ്റെടുക്കുമ്പോൾ ഈ തുക സേനയ്ക്കു തിരികെ ലഭിക്കും.
ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, കുടുംബശ്രീ എന്നീ ഏജൻസികളുമായി ചേർന്ന് തദ്ദേശവകുപ്പാണു പദ്ധതി നടപ്പാക്കുന്നത്.
കൈമാറാം ഇവ
ഹരിതകർമസേനയ്ക്കു കൈമാറാവുന്ന ഗൃഹോപകരണ സാധനങ്ങൾ: ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൈക്രോവേവ് അവ്ൻ, മിക്സർ ഗ്രൈൻഡർ, ഫാൻ, ലാപ്ടോപ്, കംപ്യൂട്ടർ, മോണിറ്റർ, മൗസ്, കീബോർഡ്, എൽസിഡി മോണിറ്റർ, എൽസിഡി/എൽഇഡി ടെലിവിഷൻ, പ്രിന്റർ, അയൺബോക്സ്, മോട്ടർ, മൊബൈൽ ഫോൺ, ടെലിഫോൺ, മോഡം, എയർ കണ്ടിഷനർ, ബാറ്ററി, വാട്ടർ ഹീറ്റർ, കൂളർ, ഇൻഡക്ഷൻ കുക്കർ, എസ്എംപിഎസ്, ഹാർഡ് ഡിസ്ക്, പിസിബി ബോർഡുകൾ.
പഴയ റഫ്രിജറേറ്റർ കിലോയ്ക്ക് 16 രൂപ, ലാപ്ടോപ്പിന് 104 രൂപ…
ഇലക്ട്രോണിക് മാലിന്യ (ഇ മാലിന്യം) ശേഖരണത്തിനു സംസ്ഥാനത്ത് വൻ പ്രതികരണമാണുണ്ടായത്. പുതിയ കാലത്തെ ഉപകരണങ്ങൾക്കു വഴിമാറിയ ഡിവിഡി പ്ലെയറുകൾ, വിസിപി, ടേപ്പ് റെക്കോർഡർ തുടങ്ങിയവയും വീടുകളിൽ നിന്നു വിട്ടൊഴിയുന്നവയുടെ കൂട്ടത്തിലുണ്ട്.
ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ വീടുകളിൽ വെറുതെയിരിക്കുന്നത് എപ്പോഴും അപകടകരമാണ്. അന്തരീക്ഷത്തിൽ താപനില കൂടുന്നതനുസരിച്ച് ഇവയിലുണ്ടാകാവുന്ന മാറ്റങ്ങൾ ചെറിയ കുട്ടികൾക്ക് ഉൾപ്പെടെ ദോഷകരമാണെന്ന കണ്ടെത്തലിലാണു സർക്കാർ നഗരസഭകളിൽ നിന്ന് ഇ മാലിന്യ ശേഖരണം ഊർജിതമാക്കാൻ തീരുമാനിച്ചത്.
ഇലക്ട്രോണിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതു തടയുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഒരു കിലോയ്ക്ക് പഴയ റഫ്രിജറേറ്ററിനു 16 രൂപയും ലാപ്ടോപ്പിന് 104 രൂപയും നൽകും. എൽസിഡി/ എഇഡി ടിവി- 16 രൂപ, ടോപ് ലോഡ് വാഷിങ് മെഷീൻ- 16, ഫ്രണ്ട് ലോഡ്- 9, സീലിങ് ഫാൻ- 41, മൊബൈൽ ഫോൺ- 115, സ്വിച്ച് ബോർഡ്-17, എയർ കണ്ടീഷനർ- 58 എന്നിങ്ങനെയാണ് ഒരു കിലോയ്ക്കുള്ള നിരക്കുകൾ.
ഇത്തരത്തിൽ 43 ഇനങ്ങൾ ആണു ശേഖരിക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]