കഴക്കൂട്ടം ∙ ശ്രീകാര്യം കഴക്കൂട്ടം കണിയാപുരം മേഖലകളിൽ വീടിന്റെ വാതിലുകൾ വെട്ടിപ്പൊളിച്ച് നടത്തുന്ന മോഷണം വ്യാപകം. മിക്ക സ്ഥലങ്ങളിലും സമാന മോഷണമാണ് നടന്നതെങ്കിലും ഒരു കേസിലും പ്രതിയെ കണ്ടെത്താൻ പൊലീസിനു കഴിയാത്തതിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം.
കഴിഞ്ഞ മേയ് 23 ന് കേരള സർവകലാശാല അസിസ്റ്റന്റ് റജിസ്ട്രാർ ജെ. അനിൽകുമാറിന്റെ കരിയത്തെ ശ്രീഭദ്രാ നഗറിലുള്ള ആജ്ഞനേയം വീടിന്റെ വാതിലുകളും അലമാരയും കമ്പിപ്പാര കൊണ്ട് കുത്തി പൊളിച്ച് 15 പവനും 4 ലക്ഷം രൂപയും കവർച്ച നടത്തിയിരുന്നു.
ശ്രീകാര്യം പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന പ്രദേശമാണ്. സമീപത്തെ വീടുകളിലും ഈ രീതിയിലുള്ള മോഷണശ്രമം നടന്നിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയെങ്കിലും ഇതുവരെ പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല.
ഒരാഴ്ച മുൻപ് സമാനമായ രീതിയിൽ ശ്രീകാര്യത്ത് സിഇടിക്കു സമീപം തലയിൽക്കോണത്ത് മദനകുമാരൻ നായരുടെ വീട് വെട്ടിപ്പൊളിച്ച് 85,000 രൂപയും അരപവനും മോഷ്ടിച്ചു. വീടിന്റെ മുൻവാതിലും അലമാരയുമടക്കം വീട്ടിനുള്ളിലെ മിക്ക വാതിലുകളും കമ്പിപ്പാര കൊണ്ടും മറ്റെന്തോ ആയുധങ്ങൾ കൊണ്ടും വെട്ടി പൊളിച്ച് മോഷണം നടത്തിയ നിലയിലായിരുന്നു. തിങ്കളാഴ്ച ഇതേ രീതിയിൽ കണിയാപുരത്തും മോഷണം നടന്നു.
വീട്ടിൽ ആളില്ലാത്ത സമയത്ത് പോസ്റ്റ് ഓഫിസ് ജീവനക്കാരനായിരുന്ന കണിയാപുരം കോണത്ത് കേദാരം വീട്ടിൽ മധുസൂദനൻ നായരുടെ വീടാണ് മോഷണത്തിനരയായത്.
ഭാര്യയുടെ ശസ്ത്രക്രിയക്കായി സൂക്ഷിച്ചിരുന്ന 35,000 രൂപയും ഒന്നര പവനും മോഷണം പോയി. കമ്പിപാരയും വാളുമായി മുഖം മറച്ച് നടന്നു പോകുന്ന രണ്ട് പേരുടെ ചിത്രം സിസി ക്യാമറയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു.
കോണത്ത് ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയും കുത്തി പൊളിച്ച് മോഷണം നടത്തി.
മംഗലപുരം പൊലീസിന്റെ പരിധിയിൽ വരുന്ന പ്രദേശമാണ്. ഇവിടെ നടന്ന മോഷണത്തിനും കരിയത്തും സിഇടിക്കു സമീപം നടന്ന മോഷണവുമായി സാമ്യമുണ്ട്.
കഴക്കൂട്ടത്ത് ഒന്നര വർഷം മുൻപ് കതക് കുത്തി തുറന്ന് 35 പവൻ മോഷണം നടത്തിയിരുന്നു. കഴക്കൂട്ടം പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല. മോഷണത്തിൽ പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങളാണ് ഇത്തരത്തിലുള്ള മോഷണത്തിന് പിന്നിലെന്നു നാട്ടുകാർ ആരോപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]