
കല്ലമ്പലം∙നാവായിക്കുളം പഞ്ചായത്തിലെ ഇരുപത്തിയെട്ടാംമൈൽ വാർഡിൽ മാർക്കറ്റിനുള്ളിൽ സ്ഥിതി ചെയ്യുന്ന 50 വർഷം പഴക്കമുള്ള ഇരുനില മന്ദിരം അപകട സ്ഥിതിയിൽ.
രണ്ട് നിലകളിലായി 5 മുറികളുണ്ട്. താഴത്തെ നിലയിൽ 3 മുറി കടകൾ പ്രവർത്തിച്ചിരുന്നു. കെട്ടിടത്തിന്റെ ബലക്ഷയം കാരണം കഴിഞ്ഞ മാർച്ചിൽ കടകൾ ഒഴിപ്പിച്ചു.
മുകളിലത്തെ ഹാളിൽ വിവിധ പാർട്ടികളുടെയും എൻഎസ്എസ് കരയോഗത്തിന്റെയും ഓഫിസ് 2014 വരെ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ രണ്ടാം നില വർഷങ്ങളായി ശൂന്യമാണ്.
രാത്രി കാലങ്ങളിൽ ചിലർ രണ്ടാം നിലയിൽ തമ്പടിക്കുന്നതായും പരാതിയുണ്ട്. തെരുവു നായ്ക്കളും ഇതിനുള്ളിൽ കൂട്ടമായി എത്തുന്നുണ്ട്.
ആഴ്ചയിൽ 2 ദിവസം ആട്ടിൻ ചന്തയും ബാക്കി എല്ലാ ദിവസവും മത്സ്യ വ്യാപാരവും നടക്കുന്ന ചന്തയോട് ചേർന്നാണ് കെട്ടിടം. നൂറുകണക്കിന് ആളുകൾ നിത്യവും വന്നു പോകുന്നു.
ഹരിത കർമ സേനയുടെ ഓഫിസ് സ്ഥിതി ചെയ്യുന്നതും ഇതിന് സമീപത്തെ മറ്റൊരു കെട്ടിടത്തിലാണ്. ഇപ്പോൾ കെട്ടിടം ഉപയോഗ ശൂന്യമാണ്.
ഒപ്പം ഭീഷണിയും ഉയർത്തുന്നു. എന്നിട്ടും പൊളിച്ചു മാറ്റാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്.
മുകളിൽ അകത്തെ സീലിങ് പാളികൾ ഇളകി വീണുകൊണ്ടിരിക്കുന്നു. ചുമരുകളിൽ ഈർപ്പം നിന്ന് പായലും കാട്ടുചെടികളും വളർന്ന നിലയിലാണ്.
എല്ലാ ബജറ്റിലും സ്ഥലത്ത് പുതിയ മന്ദിരം പണിയാൻ തുക മാറ്റി വയ്ക്കുന്നുണ്ട്. എന്നാൽ വാഗ്ദാനങ്ങൾ ജലരേഖയാകുന്നു എന്നാണ് ആരോപണം.
മുൻ ഭരണസമിതിയുടെ കാലത്ത് ബിജെപി കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടി എഇ,സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കെട്ടിടം പൊളിച്ചു മാറ്റാൻ പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗം അനുവാദവും നൽകി. പുതിയ ഭരണസമിതി അധികാരത്തിൽ എത്തിയപ്പോഴും ഒട്ടേറെ തവണ ഇത് ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ല. അപകടകരമായ കെട്ടിടങ്ങൾ പൊളിഞ്ഞ് വീണ് ധാരാളം ജീവനുകൾ പൊലിയുന്ന സാഹചര്യത്തിൽ വലിയ ദുരന്തം ഒഴിവാക്കാൻ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വാർഡ് അംഗം പൈവേലിക്കോണം ബിജു വീണ്ടും പരാതി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]