
വിതുര ∙ കുഴികളുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ച് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് വിതുര– തള്ളച്ചിറ റോഡ്. കാൽനട
യാത്ര പോലും ദുഷ്കരമാക്കി റോഡ് ഇങ്ങനെ തകർന്ന് തരിപ്പണമായി കിടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഇരുചക്ര വാഹന യാത്രികരും ദുരിതത്തിലാണ്.
തള്ളച്ചിറ, മൈലക്കോണം, കാവുളി, മേമല, മാങ്കാല, എലിക്കോണം, ആട്ടിൻകൂട് എന്നിവിടങ്ങളിലുള്ളവർ ആശ്രയിക്കുന്ന റോഡാണ്. പേപ്പാറ മേഖലയിലേക്ക് പോകുന്നവരും റോഡ് ആശ്രയിക്കുന്നു.
ഏകദേശം 2 കിലോ മീറ്ററോളം ദൂരമുണ്ട് റോഡിന്.
വിതുര ശിവൻ കോവിൽ ജംക്ഷനിൽ നിന്നും ആരംഭിക്കുന്ന റോഡിന്റെ കുറച്ച് ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ബാക്കിയുള്ള ഭാഗം തകർച്ചയിലാണ്. തോടിനോട് ചേർന്നു കിടക്കുന്ന ഭാഗമായതിനാൽ സംരക്ഷണ ഭിത്തി കെട്ടി റോഡ് നിർമിച്ചില്ലെങ്കിൽ മഴക്കലാത്ത് വശം ഇടിയാനുള്ള സാധ്യതയുമുണ്ട്.
പൈപ്പ് കടന്നു പോകുന്നതിനു വേണ്ടി എടുത്തിട്ടുള്ള കുഴികൾ പലപ്പോഴും റോഡിന്റെ തകർച്ചയിലേക്ക് നയിച്ചതായും പരാതിയുണ്ട്. മഴ പെയ്താൽ റോഡിൽ വെള്ളം കയറും.
റോഡിൽ മാത്രമല്ല സമീപത്തെ വീടുകളിലേക്കും വെള്ളം കയറും. ഇരുചക്ര വാഹന അപകടങ്ങൾ പതിവാണ്.
റോഡ് തകർന്നതോടെ പലപ്പോഴും ഇതുവഴി കൊണ്ടു പോകുന്ന തങ്ങളുടെ വാഹനങ്ങൾ കേടാകുന്നതായി ഓട്ടോ റിക്ഷ ഡ്രൈവർമാർ പറയുന്നു.
തകർന്ന റോഡിലൂടെ പത്ര വിതരണത്തിന് പോകുന്നവരും ബുദ്ധിമുട്ടുന്നുണ്ട്. തള്ളച്ചിറ അങ്കണവാടിയിലെ കുട്ടികളും ആശ്രയിക്കുന്ന റോഡാണിത്. ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ് റോഡ്.
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് അവസാനമായി നവീകരിച്ചത്. സംസ്ഥാന സർക്കാരിന്റെ ഗ്രാമീണ പദ്ധതി പ്രകാരം 16 ലക്ഷം രൂപ അനുവദിച്ചെങ്കിലും കരാറുകാർ ഏറ്റെടുത്തില്ല.
തിരഞ്ഞെടുപ്പ് കാലത്ത് റോഡ് നവീകരിക്കുമെന്ന് വിവിധ കക്ഷി രാഷ്ട്രീയക്കാർ ആവർത്തിച്ച് പറയാറുണ്ടെങ്കിലും ഫലമുണ്ടാകാറില്ലെന്നാണ് പരാതി. റോഡ് നവീകരിക്കുന്നതിനു വേണ്ടിയുള്ള പദ്ധതി അടിയന്തരമായി യാഥാർഥ്യമാക്കണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]