തിരുവനന്തപുരം∙ ജില്ലയിൽ പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. നഗരത്തിലെ 80 ശതമാനത്തോളം ഹോട്ടലുകൾ ഇന്നലെ പ്രവർത്തിച്ചില്ല.
ചെറിയ ഭക്ഷണശാലകൾ പ്രവർത്തനസമയം പകുതിയായി കുറച്ചു. നഗരത്തിൽ ഏറെ ഹോട്ടലുകളും അടച്ചുപൂട്ടലിലേക്കു നീങ്ങുകയാണ്.
പ്രതിസന്ധി എത്ര നാൾ നീണ്ടുനിൽക്കും എന്ന ആശങ്കയിലാണ് ഹോട്ടൽ ഉടമകളും തൊഴിലാളികളും. ചെറുകിട
ഹോട്ടലുകളിലും തട്ടുകടകളിലും സിലിണ്ടർ സ്റ്റോക്ക് ഏറെക്കുറെ തീർന്നു. തൊഴിൽ ഇല്ലാതായതോടെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന ഹോട്ടൽ തൊഴിലാളികളും ഏറെയാണ്.
വായ്പ, കെട്ടിട വാടക ബാധ്യതയുള്ള ചെറുകിട
ഹോട്ടലുടമകളെ സംബന്ധിച്ചിടത്തോളം പാചക വാതക പ്രതിസന്ധി നീളുന്നതു വലിയ കടബാധ്യതയിലേക്ക് നയിക്കും. ഗാർഹിക സിലിണ്ടറുകളുടെ കുറവ് വീടുകളെയും സാരമായി ബാധിച്ചിരിക്കുകയാണ്.
അടച്ചു, തുറന്നു, അടച്ചു
വിതുര മേഖലയിൽ വ്യാഴാഴ്ച പൂട്ടിയ നാലു ഹോട്ടലുകളിൽ രണ്ടെണ്ണം കഴിഞ്ഞ ദിവസം വിറകടുപ്പ് സജ്ജമാക്കി തുറന്നെങ്കിലും അതിലൊരെണ്ണം ഇന്നലെ വീണ്ടും അടച്ചു.
മതിയായ അവളിൽ വിറക് ലഭിക്കാതിരുന്നതിനെ തുടർന്നാണ് അടച്ചത്. വിറകിനും ക്ഷാമം തുടങ്ങിയിരിക്കുകയാണ്.
വിതുരയിലെ പല ബേക്കറികളും ചായ വിതരണം ഒഴിവാക്കി. കൂടുതൽ നേരം പാചകം ചെയ്യേണ്ട
വിഭവങ്ങളും പരിമിതപ്പെടുത്തി. വിലക്കയറ്റം, ശുദ്ധജല ക്ഷാമം എന്നിവയോട് പടവെട്ടിയാണ് ഗ്രാമീണ മേഖലയിലെ പല വ്യാപാരികളും മുന്നോട്ട് പോകുന്നത്.
വേനൽ കടുത്തതോടെ പൊന്മുടി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് കുറഞ്ഞതും ബാധിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പാചക വാതക ക്ഷാമം ഇരുട്ടടിയായി എത്തിയത്.
ഉയർന്ന വാടകയിൽ ചെറിയൊരു മുറിയും പരിമിതമായ സൗകര്യവും മാത്രമാണെങ്കിലും പാചക വാതകം ഉണ്ടായിരുന്നതു കൊണ്ടു മാത്രം ചായയും കാപ്പിയും വിറ്റു ഉപജീവനമാർഗം കണ്ടെത്തിയിരുന്ന പലരും ഈ മേഖലയിലുണ്ട്. പല കടകളും വാടക കൊടുക്കാനും ബുദ്ധിമുട്ട് നേരിടുകയാണ്.
പോത്തൻകോട് വിഭവങ്ങൾ കുറച്ചു
സിലിണ്ടർ ക്ഷാമത്തെ തുടർന്ന് പോത്തൻകോട്, മംഗലപുരം, കണിയാപുരം, കാട്ടായിക്കോണം പ്രദേശങ്ങളിലെ ഹോട്ടലുകൾ പ്രവർത്തന സമയവും വിഭവങ്ങളും വെട്ടിക്കുറച്ചു.
ചില ഹോട്ടലുകൾ വിറകടുപ്പിലേക്കു പൂർണമായും മാറി. ചിലർ സ്റ്റോക്കുണ്ടായിരുന്ന സിലിണ്ടറും വിറകടുപ്പും ഉപയോഗിക്കുന്നു.
പോത്തൻകോട് നാലു ഹോട്ടലുകൾ ഇന്നലെ അടച്ചു. ഇന്ന് സിലിണ്ടർ ലഭിക്കാൻ സാധ്യതയുണ്ടെന്നും കിട്ടിയില്ലെങ്കിൽ അടച്ചിടേണ്ടി വരുമെന്നും മറ്റ് ഹോട്ടൽ ഉടമകൾ പറഞ്ഞു.
ആറ്റിങ്ങലിൽ പ്രതിസന്ധി രൂക്ഷം
ആറ്റിങ്ങലിൽ സ്റ്റോക്കുള്ള സിലിണ്ടറുകൾ ഉപയോഗിച്ചാണ് ഹോട്ടലുകളിലെ പാചകം.
ഇവ തീരുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. പല ഹോട്ടലുകളിലും സിലിണ്ടറുകൾ തീർന്നതിനെ തുടർന്ന് ഭക്ഷണം വീടുകളിൽ പാചകം ചെയ്ത് എത്തിച്ചാണ് വിതരണം ചെയ്യുന്നത്.
പൂഴ്ത്തിവയ്പ് സംബന്ധിച്ച് പരിശോധന ശക്തമാക്കിയെന്നു ചിറയിൻകീഴ് സപ്ലൈ ഓഫിസ് അധികൃതർ പറഞ്ഞു. ഗാർഹിക സിലിണ്ടറുകൾ സർക്കാർ നിബന്ധനകൾ അനുസരിച്ച് വിതരണം ചെയ്യുന്നുണ്ട്.അവശ്യ സർവീസുകൾക്ക് ആദ്യ പരിഗണന നൽകിയാണ് വിതരണം.
നെയ്യാറ്റിൻകരയിൽ പരിശോധന
പാചക വാതക ക്ഷാമം നേരിടുന്ന നെയ്യാറ്റിൻകര മേഖലയിൽ സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ ഗ്യാസ് ഏജൻസികളിൽ സ്റ്റോക്ക് പരിശോധന നടത്തി.
പൂഴ്ത്തിവയ്പ് ശ്രദ്ധയിൽപെട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വിതരണത്തിനു വേണ്ട
വാണിജ്യ സിലിണ്ടറുകളുടെ സ്റ്റോക്ക് എത്തിയിട്ടില്ല. അതേസമയം ഗാർഹിക സിലിണ്ടറുകളുടെ വിതരണം മന്ദഗതിയിൽ പുരോഗമിക്കുന്നുണ്ട്.
ഇവിടെ ഹോട്ടലുകൾ പൂട്ടലിന്റെ വക്കിലാണ്.
വിഴിഞ്ഞത്ത് വേഗത്തിൽ അടച്ചുപൂട്ടൽ
വിഴിഞ്ഞം മേഖലയിൽ ഫാസ്റ്റ്ഫുഡ് –ഹോട്ടലുകൾ ഉൾപ്പെടെ ചെറുതും വലുതുമായി 10 സ്ഥാപനങ്ങൾ അടച്ചതായി ഈ രംഗത്തുള്ളവർ പറഞ്ഞു. പ്രതിസന്ധി കടുത്തതോടെ ഏറെ ഹോട്ടലുകളും തട്ടുകടകളും റസ്റ്ററന്റുകളും പൂട്ടലിന്റെ വക്കിലാണ്.
കേറ്ററിങ് മേഖലയിലുള്ളവരും വലിയ പ്രതിസന്ധിയിലാണ്. നേരത്തെ ഏറ്റെടുത്ത ഓർഡറുകൾ നൽകാൻ ബുദ്ധിമുട്ട് നേരിടുകയാണ്.
അടിയന്തര പരിഹാരമില്ലെങ്കിൽ മേഖലയിലെ ഹോട്ടൽ–റസ്റ്ററന്റ്– കേറ്ററിങ് മേഖല പൂർണമായി സ്തംഭിക്കും. വിനോദ സഞ്ചാര മേഖലയായ കോവളത്തും പ്രതിസന്ധി രൂക്ഷമാണ്.
മിക്ക ഹോട്ടലുകളിലെയും അടുക്കളകൾ പൂട്ടിയതോടെ വിദേശികളടക്കമുള്ള സഞ്ചാരികൾ കഷ്ടത്തിലായി.
തട്ടുകടകളും പൂട്ടി
വെള്ളറടയിലെ മലയോര പഞ്ചായത്തുകളിലെ ഹോട്ടലുകൾ ഭൂരിഭാഗവും വിറകടുപ്പിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. തട്ടുകടകൾ മാത്രമാണ് പാചകവാതകം ഉപയോഗിക്കുന്നത്.
. ഇതിൽ ചിലത് പൂട്ടി.
ഓൺലൈൻ വഴിയുള്ള ഗാർഹിക ബുക്കിങ് ഈ മേഖലയിൽ തകരാറിലാണ്.
മലയിൻകീഴിലും ഊണിന്റെ വില കൂടി
മലയിൻകീഴ്, പേയാട്, വിളവൂർക്കൽ, വിളപ്പിൽ മേഖലകളിൽ ചെറുകിട ഹോട്ടലുകളും തട്ടുകടകളും പൂട്ടാൻ തുടങ്ങി.
5 ഹോട്ടലുകളാണ് ഇന്നലെ മാത്രം അടച്ചത്. തുറന്നു പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ സമയക്രമവും വിഭവങ്ങളുടെ എണ്ണത്തിലും മാറ്റം വരുത്തി.
പല ഹോട്ടലുകളും ഉച്ചയ്ക്ക് മാത്രമാണ് പ്രവർത്തിക്കുന്നത്. ഊണ് ഒഴിവാക്കി ബിരിയാണി പോലുള്ള വിഭവങ്ങൾ മാത്രമാക്കിയിട്ടുണ്ട്.
ഊണിന്റെ വില 5 മുതൽ 10 രൂപ വരെ ഉയർന്നു. പാചകവാതക പ്രതിസന്ധി തുടർന്നാൽ വരും ദിവസങ്ങളിൽ ശേഷിക്കുന്ന ഹോട്ടലുകളും അടച്ചിടേണ്ടി വരുമെന്ന് ഉടമകൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

