നെയ്യാറ്റിൻകര ∙ ബാങ്ക് അധികൃതർ ജപ്തി ചെയ്യാൻ എത്തിയപ്പോഴാണ് വീട്ടമ്മ അറിയുന്നത്, കിടപ്പാടം പണയപ്പെടുത്തി തന്റെ പേരിൽ മറ്റാരോ വായ്പ എടുത്ത വിവരം.
വീട്ടിൽ നിന്ന് 26ന് ഇറക്കി വിടുമെന്ന് ബാങ്ക് അധികൃതർ പറഞ്ഞതോടെ മഞ്ചവിളാകം മുളയ്ക്കോണം അശ്വതി നിവാസിൽ അനിത കുമാരിയും (50) മാതാപിതാക്കളായ തോംസണും (84) സുലോചനയും (74) വെട്ടിലായി.ഇതിനു പിന്നിൽ ചില അടുത്ത ബന്ധുക്കളാണെന്നാണ് ആരോപണം. മാരായമുട്ടം പൊലീസിൽ പരാതി നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്ന് അനിത പറഞ്ഞു.
അനിത കുമാരിയുടെ പേരിലാണ് വീടും 12 സെന്റ് ഭൂമിയും. ഏതാണ്ട് 25 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചു.
പിന്നീട് മാതാപിതാക്കൾക്കൊപ്പമാണ് താമസം. 2013ൽ അനിതയ്ക്ക് അസുഖം ബാധിച്ചു കിടപ്പിലായി. ചികിത്സ നടത്താൻ 2 സെന്റ് ഭൂമി സഹോദരന്റെ പേരിൽ എഴുതിക്കൊടുത്തതായി അനിത പറയുന്നു.
2015ൽ കുടുംബശ്രീയിൽ നിന്ന് സഹായം ലഭിക്കുമെന്നും അതിനു ബാങ്കിൽ ഒപ്പിട്ടു നൽകണമെന്നും പറഞ്ഞാണ് സഹോദരൻ സമീപിച്ചത്. കുറച്ചു നാൾ കഴിഞ്ഞിട്ടും സഹായം ലഭിച്ചില്ല.
ബാങ്കിൽ നിന്ന് നോട്ടിസ് വന്നപ്പോഴാണ് കിടപ്പാടം പണയപ്പെടുത്തിയ വിവരം അറിയുന്നത്. ഏപ്രിലിൽ മാരായമുട്ടം പൊലീസിൽ പരാതി നൽകി.
സഹോദരന്റെ ഭാര്യ സുനിതയെ ഒന്നാം പ്രതിയാക്കിയും സഹോദരൻ അജി കുമാർ, അജി കുമാറിന്റെ സുഹൃത്തും ബാങ്കിൽ ജോലിയുമുള്ള ശക്തിധരൻ എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കി കേസ് എടുത്തെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോൾ വീട്ടിൽ നിന്ന് ഇറക്കി വിടുമെന്ന സ്ഥിതിയാണെന്ന് അനിത പറയുന്നു.അതേസമയം, വായ്പയുമായി തനിക്കോ തന്റെ ഭാര്യയ്ക്കോ ബന്ധമില്ലെന്ന് അജികുമാർ പ്രതികരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]