തിരുവനന്തപുരം∙ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന കാരോട് സ്വദേശിയായ പതിനെട്ടുകാരന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. മസ്തിഷ്കജ്വരത്തിനുള്ള മരുന്നുകൾ നൽകുന്നുണ്ട്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വിദ്യാർഥിക്ക് ഒപ്പമുണ്ടായിരുന്ന 3 പേരും നിരീക്ഷണത്തിലാണ്. ഇവർക്കു നിലവിൽ രോഗലക്ഷണങ്ങളില്ല.ഈ കുട്ടികൾ കുളിക്കാനിറങ്ങിയ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളത്തിലെ മുഴുവൻ വെള്ളവും നീക്കാനും വെള്ളം നിറയ്ക്കുമ്പോൾ നിശ്ചിത അളവിൽ ക്ലോറിൻ നിലനിർത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി.
ഓഗസ്റ്റ് 16ന് ആണ് ഈ സംഘം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെത്തിയത്.
പിറ്റേന്ന് കടുത്ത തലവേദനയും പനിയും ഉണ്ടായി. തലസ്ഥാനത്തെ 2 സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടി.
പനിയും തലവേദനയും കടുത്തതോടെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടതോടെ കോയമ്പത്തൂരിലെ ലാബിൽ പരിശോധനയ്ക്കയച്ചു.
കഴിഞ്ഞ ദിവസം വന്ന ഫലത്തിൽ, സാംപിളിൽ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തുടർന്ന്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആക്കുളത്തെ കുളത്തിൽനിന്നു ശേഖരിച്ച സാംപിളിന്റെ പരിശോധനാഫലം നാളെ ലഭിക്കും.
കുളത്തിലെ വെള്ളം നീക്കുന്നതിനൊപ്പം കുളത്തിന്റെ ചുമരുകളും അടിത്തട്ടും തേച്ചുരച്ച് കഴുകി വൃത്തിയാക്കണമെന്നും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ആരോഗ്യവകുപ്പ് നൽകിയ നോട്ടിസിൽ പറയുന്നു. ഓഗസ്റ്റ് 16നും സമീപ ദിവസങ്ങളിലും കുളത്തിൽ കുളിച്ചവരുടെ വിവരം ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.കാരോട് സ്വദേശി ഉൾപ്പെടെ 9 പേരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ആരുടെയും നില ഗുരുതരമല്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]